കൃഷിമന്ത്രിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധത തെളിയിക്കുന്നത്; വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: റദ്ദാക്കിയ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന കേന്ദ്രകൃഷി മന്ത്രി നൽകിയതിനെതിരെ വിമർശനവുമായി കോൺഗ്രസ്. കാർഷിക നിയമങ്ങൾ നല്ലതായിരുന്നു എങ്കിൽ മാപ്പുപറഞ്ഞ് പിൻവലിച്ചത് എന്തിനാണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. കൃഷിമന്ത്രിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധത തെളിയിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകർ വീണ്ടും ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന സൂചനകൾ നൽകിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നെന്ന് കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ചിലർക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് അതിൽ നിരാശയില്ല. തങ്ങൾക്ക് ഒരു ചുവട് പിന്നോട്ടു വയ്ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമർ ചൂണ്ടിക്കാട്ടിയിരുന്നു.