ഒറ്റ വോട്ടർ പട്ടിക നിർദ്ദേശം നടപ്പാക്കാൻ പ്രായോഗിക തടസ്സങ്ങൾ; സംസ്ഥാന നിലപാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ സാധ്യത

തിരുവനന്തപുരം: രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ സാധ്യത. പാർലമെന്റ്, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾക്ക് ഒറ്റവോട്ടർപട്ടിക എന്ന നിർദ്ദേശത്തിൽ രാഷ്ട്രീയ കക്ഷികൾക്കുള്ള നിലപാടിനെ കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുമെന്നാണ് വിവരം.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുന്ന വോട്ടർപ്പട്ടികയും തദ്ദേശ തിരഞ്ഞെടുപ്പിന് അതാത് സംസ്ഥാന കമ്മിഷനുകൾ നിശ്ചയിക്കുന്ന വോട്ടർപ്പട്ടികയുമാണ് നിലവിലുള്ളത്. രണ്ടിനും വോട്ടർപ്പട്ടിക തയ്യാറാക്കുന്ന രീതിയിലും വോട്ടർപ്പട്ടികയിലും വ്യത്യാസമുണ്ട്. ഒറ്റ വോട്ടർ പട്ടികയായി പുനഃക്രമീകരിക്കുമ്പോൾ, തദ്ദേശ വാർഡ് തലത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന കമ്മിഷന് വോട്ടർപ്പട്ടിക പുതുക്കൽ വെല്ലുവിളിയാകും.

ഒരു നിശ്ചിത വാർഡിലേക്ക് മാത്രമായി വോട്ടർപ്പട്ടിക പുതുക്കി നിശ്ചയിക്കുക അസാദ്ധ്യമാണ്. നിയമസഭാ മണ്ഡല തലത്തിലെ ബൂത്തടിസ്ഥാനത്തിലുള്ള വോട്ടർപ്പട്ടിക മാത്രമാകും പൊതുവായി നിലവിലുണ്ടാകുക എന്നിരിക്കെ, മൊത്തത്തിൽ വോട്ടർപ്പട്ടിക പുതുക്കി നിശ്ചയിക്കുകയെന്നത് അപ്രായോഗികമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അഭിപ്രായപ്പെട്ടു. പട്ടിക ക്രമീകരണം തീർത്തും വ്യത്യസ്തം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമീകരിക്കുന്നത് ഓരോ വാർഡിലെയും ബൂത്തുകൾ കണക്കാക്കിയാണ്.

നിയമസഭാ മണ്ഡലത്തിനകത്ത് വരുന്ന നിശ്ചിതയെണ്ണം ബൂത്തുകൾ കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് പട്ടിക ക്രമീകരിച്ചുവരുന്നത്. രണ്ടും രണ്ടുതരം ബൂത്തുകളാണ്. ഇതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.