ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഒന്നേമുക്കാൽ ലക്ഷത്തിലേക്ക് ഉയരുകയാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം വർധിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. ഉത്തർപ്രദേശിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഉത്തർപ്രദേശിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് രണ്ടു ശതമാനം വർധിച്ചു.
ഇരുപത്തിനാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ കുത്തനെ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നാളെ യോഗം ചേരും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ 2 ശതമാനം വർധനയുണ്ടായി. മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 41,434 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. മുംബൈയിൽ മാത്രം ടിപിആർ 28 ശതമാനം കടന്നു.
തിങ്കളാഴ്ച്ച മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. 10,12 ക്ലാസുകൾ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും. പാർക്കുകൾ, മ്യൂസിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജിം, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയും അടയ്ക്കും. സിനിമാ തിയറ്റർ, മാളുകൾ, റസ്റ്റോറൻറ് എന്നിവിടങ്ങളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമാക്കി ചുരുക്കും. സ്വകാര്യസ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ സർക്കാർ നിർദ്ദേശം നൽകി. അതല്ലെങ്കിൽ ഓഫീസിലെ ഹാജർ 50 ശതമാനം ആയി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
തമിഴ്‌നാട്ടിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാത്രി കാല കർഫ്യൂ തുടരാനാണ് തീരുമാനം. ഞായറാഴ്ച്ച തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.

