മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുന:സ്ഥാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുന:സ്ഥാപിച്ച് കേന്ദ്ര സർക്കാർ. വിദേശ ഫണ്ടിംഗ് ലൈസൻസ് പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകൾ മിഷനറീസ് ഓഫ് ചാരിറ്റി സംഘടന സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

കത്തോലിക്കാ സഭയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് പുതുക്കാൻ നേരത്തെ മന്ത്രാലയം വിസമ്മതിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമത ബാനർജി രംഗത്തെത്തി. തുടർന്ന് മിഷനറീസ് ഓഫ് ചാരിറ്റി സംഘടനയുടെ എഫ്‌സിആർ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംഘടന രംഗത്തെത്തി.

സംഘടനയുടെ എഫ്സിആർ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി നുണ പ്രചാരണമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ എം പ്രേമ എംസി അറിയിച്ചിരുന്നു. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നൽകാത്തതെന്നും മതിയായ രേഖകളില്ലാത്തതിനാൽ 25 ന് അപേക്ഷ തള്ളിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.