രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ്; കേരള സർവ്വകലാശാല വിസി ഗവർണർക്ക് നൽകിയ കത്ത് പുറത്ത്

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്ത് പുറത്ത്. ഡിസംബർ ഏഴിനാണ് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റ് ഡി ലിറ്റ് ശുപാർശ തള്ളിയെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്ത് കൈമാറിയത്.

വെള്ളക്കടലാസിലാണ് കത്ത് എഴുതിയിട്ടുള്ളത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ അത് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്നും വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മര്യാദ കാരണം വിവരങ്ങൾ പറയുന്നില്ല. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മര്യാദയുടെ സീമ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.