ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച്ചയിൽ നടപടിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പഞ്ചാബ് ഡിജിപിയെ തൽസ്ഥാനത്ത് നിന്നും നീക്കി. പുതിയ പോലീസ് മേധാവിയായി വി.കെ.ഭാവ്രയെയാണ് പഞ്ചാബ് സർക്കാർ നിയമിച്ചത്. താൽക്കാലിക ഡിജിപിയായിരുന്ന സിദ്ധാർഥ് ചതോപാധ്യായ്ക്ക് സുരക്ഷാ വീഴ്ച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നത്. നേരത്തെ പഞ്ചാബിലെ സുരക്ഷാ വീഴ്ച്ച അന്വേഷിക്കാൻ കേന്ദ്രം ചുമതല നൽകിയിട്ടുള്ള മൂന്നംഗ സമിതി പഞ്ചാബ് ഡിജിപി സിദ്ധാർത്ഥ് ചതുർവേദിയെയും സുരക്ഷ ചുമതലയുള്ള ബട്ടിൻഡ എഎസ്പി അജയ് മൂലജയേയും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കമമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ എസ് പി ജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ പ്രദാനം ചെയ്യണം എന്ന എസ്പിജി ആക്ട് സെക്ഷൻ 14ന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷണം സംഘം പരിശോധിക്കുകയാണ്. ഇതിൽ വീഴ്ച വന്നതായി കണ്ടെത്തിയാൽ കടുത്ത നടപടി സംസ്ഥാനത്തെ ഉദ്യോഗസ്ഥർ നേരിടേണ്ടി വരും.
കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറി സുധീർ കുമാർ സക്സേനയാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഐ.ബി ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഐ.ജിയുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന വീഴ്ച്ചകളെ കുറിച്ച് കേന്ദ്രസംഘം വിലയിരുത്തും.

