ന്യൂഡൽഹി: രാജ്യത്ത് ഇ-പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്ക് ചിപ്പുകൾ ഉൾക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്‌പോർട്ട് സംവിധാനമാണ് വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്താനൊരുങ്ങുന്നത്. സുരക്ഷ വർധിപ്പിക്കാനും ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാനും ഇ-പാസ്‌പോർട്ട് സഹായിക്കും.
പാസ്പോർട്ടുകളിലെ ചിപ്പുകളിൽ പൗരൻമാരുടെ വ്യക്തി വിവരങ്ങൾ ഡിജിറ്റലായി സ്റ്റോർ ചെയ്യുകയും ഇത് പാസ്പോർട്ട് ലെറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഈ വിവരങ്ങളിൽ എന്തെങ്കിലും കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ പാസ്പോർട്ട് പരിശോധനകളിൽ ഇത് പിടിക്കപ്പെടുകയും ചെയ്യും. പാസ്‌പോർട്ട് പരിശോധനകൾ വേഗത്തിലാക്കാനും ആധികാരികത വർധിപ്പിക്കാനും പുതിയ നീക്കം സഹായകമാകും. രാജ്യം ഇ പാസ്പോർട്ടിലേക്ക് മാറുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യൻ പൗരൻമാർക്ക് ആഗോളതലത്തിൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-പാസ്‌പോർട്ട് സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി.

