കേരളത്തെ അവഗണിച്ച് റെയിൽവേയുടെ വികസന പദ്ധതികൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തെ അവഗണിച്ച് റെയിൽവേയുടെ വികസന പദ്ധതികൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുന്നു. കേരളത്തിന് അനുവദിച്ച തുക പേരിനുവേണ്ടി ചെലവഴിക്കുകയും തമിഴ്‌നാടിന് അനുവദിച്ച തുക പരമാവധി വിനിയോഗിക്കുകയും ചെയ്യുന്ന തന്ത്രത്തിൽ നിരവധി പദ്ധതികളാണ് കേരളത്തിൽ മുടങ്ങി പോയത്. കഴിഞ്ഞ ബജറ്റിൽ 871 കോടി രൂപയാണ് കേരളത്തിന് വേണ്ടി അനുവദിച്ചത്. എന്നാൽ ഇതിൽ പത്ത് ശതമാനം പോലും വിനിയോഗിച്ചില്ല. എന്നാൽ തമിഴ്‌നാടിന് അനുവദിച്ച 2972 കോടിയിൽ 70 ശതമാനം വിനിയോഗിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

വൈദ്യുതീകരണം, സുരക്ഷ, പാതയിരട്ടിപ്പിക്കൽ, ഗേജ് കൺവേർഷൻ, മൂന്നാം ലൈൻ നിർമ്മാണം തുടങ്ങിയ പദ്ധതികളെല്ലാം മുടങ്ങിയ അവസ്ഥയിലാണ്. സ്ഥലമേറ്റെടുത്ത് നൽകിയാൽ 86.5 കിലോമീറ്റർ തിരുവനന്തപുരം – കന്യാകുമാരി പാതയും 69 കിലോമീറ്റർ എറണാകുളം – അമ്പലപ്പുഴ പാതയും 2024 ൽ പൂർത്തിയാക്കുന്നത് ആലോചിക്കാമെന്നാണ് റെയിൽവേ പറയുന്നത്.

സ്ഥലമേറ്റെടുത്ത് നൽകിയ ഏറ്റുമാനൂർ – ചിങ്ങവനം പാതയിരട്ടിപ്പ് പൂർത്തിയാക്കിട്ടില്ല. ഈ വർഷം മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. ഇത് പൂർത്തിയായാൽ എറണാകുളം – കോട്ടയം – തിരുവനന്തപുരം പാത പൂർണമായും ഡബിൾ ലൈനാകുകയും ഗതാഗതം കുറേക്കൂടി വേഗത്തിലാകുകയും ചെയ്യും.