General (Page 1,262)

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലീഗിൽ നിന്ന് സമസ്തയിലെ ഒരു പക്ഷം അകലുകയും ഇടതുമായി സഹകരിക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പൂക്കോട്ടൂരിന്റെ വാക്കുകൾ. പൂക്കുട്ടോരിന്റെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ലെന്ന് പൂക്കോട്ടൂർ വ്യക്തമാക്കി. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാൽ, ചിലപ്പോഴവിടെ പാർട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. അവർക്കാ പാർട്ടിയിലേ നിൽക്കാൻ കഴിയൂ. അത് പോലെ ചില പ്രദേശങ്ങളിൽ, വിദ്വേഷത്തിൻറെ പേരിൽ, ഇപ്പോൾ മുസ്ലിം ലീഗുകാരനാണെങ്കിലും പാർട്ടിയിൽ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാൾ പോകുന്നത് മാർക്‌സിസ്റ്റ് – കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു.

അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല. കമ്മ്യൂണിസം എന്ന തത്വം നിരീശ്വരത്വത്തിൽ അധിഷ്ഠിതമാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ പാർട്ടിയുടെ താത്വികാചാര്യൻമാർക്ക് ആ കാര്യത്തിൽ ഒരു സംശയവുമില്ലാത്തതാണ്. അവർ നിരീശ്വരത്വത്തിൽ അധിഷ്ഠിതമായാണ് നിൽക്കുന്നതെന്ന് പറഞ്ഞാൽ അവർക്കതിൽ സന്തോഷമല്ലേ ഉണ്ടാകൂവെന്നും വിദ്വേഷമുണ്ടാവില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തിന്റെ പേരിൽ കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ടാവും. അവരൊക്കെ നമ്മുടെ പള്ളിയോടും മദ്രസയോടും ഒക്കെ സഹകരിക്കുന്നവരുമാവാം. അവരെയൊന്നും വെറുപ്പിക്കുന്ന സമീപനം ഇന്നുമിന്നലെയും സ്വീകരിച്ചിട്ടില്ല. പിന്നെ ഇപ്പോഴിത് ചർച്ചയാക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ആ പാർട്ടിയിൽ എല്ലാവർക്കും മെമ്പർഷിപ്പ് കിട്ടില്ലെന്ന് നമുക്കറിയാവുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്. മതസ്ഥാപനങ്ങളുടെയോ മതസംഘടനകളുടെയോ തലപ്പത്ത് പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ടവർ വരാൻ പാടില്ല. അതദ്ദേഹം ഓപ്പണായി പറഞ്ഞതാണ്. അവർക്കത് തുറന്ന് പറയാൻ ഒരു മടിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശയാംഗീകാരം കൊടുത്ത ആളുകളും ആശയം ഇല്ലാതെ ആവശ്യം നേടാൻ വേണ്ടി മാത്രം കൂടെ നിൽക്കുന്ന ആളുകളും ഉണ്ടാകും. മുന്നണിയായി നിൽക്കുമ്പോൾ ഒരു മുന്നണിയോട് വിദ്വേഷമുള്ളവർ മറുമുന്നണിയിലേക്ക് പോകും. പക്ഷേ, ഗവൺമെൻറിനോട് സഹകരിക്കുക എന്നത് അതേസമയം, മറ്റൊരു വശമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സർക്കാരിൽ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടി വിദ്വേഷസമീപനം സ്വീകരിക്കാതിരിക്കാറുണ്ട്. അത് വിമർശിക്കപ്പെടേണ്ട കാര്യമല്ല. തന്ത്രപരമായ ഒരു സമീപനം എന്ന് മാത്രം കരുതിയാൽ മതി. ഇപ്പോൾ കേരളത്തിൽ ഒരു മുന്നണി ഭരിക്കുമ്പോൾ പ്യുവർ കമ്മ്യൂണിസ്റ്റുകളല്ല, മതവിശ്വാസികളെക്കൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു മുന്നണിയാണ് ഭരിക്കുന്നത്. അത് രണ്ടും രണ്ടായി കാണാനുള്ള കെൽപ്പ് വിവേകമുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. 750 ൽ അധികം ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്. പല ആശുപത്രികളിലും ഒപി പരിശോധന നിർത്തിവെച്ചിരിക്കുകയാണ്. ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കണ്ടെത്തിയത് 1300 ലധികം ആരോഗ്യ പ്രവർത്തകർക്കാണ്.

ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗവ്യാപനം വർധിച്ചതോടെ ഡൽഹിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായി. എയിംസിൽ ഒരു ദിവസത്തിനിടെ നൂറിലധികം ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാനൂറിലധികം ആശുപത്രി ജീവനക്കാരാണ് ക്വാറന്റെയ്‌നിൽ പ്രവേശിച്ചത്.

350 ൽ അധികം റെസിഡന്റ് ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എയിംസിൽ ഓപി പരിശോധനകൾ നിർത്തിവെച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് വിവരം. സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഹരിയാനയിലെ പിജിഐഎംഎസ് ആശുപത്രിയിൽ 50 ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ.

കൊച്ചി: നടൻ ദിലീപിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. ദിലീപ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ഭീഷണി മുഴക്കുന്നതായുള്ള ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ദിലീപിനെതിരെയുള്ള കേസിൽ അന്വേഷണം നടത്തിയത്. ഇവരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഉൾപ്പെടെ ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പുവും അഞ്ചാം പ്രതി ബാബു ചെങ്ങമനാടുമാണ്. ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാൾ എന്നാണ് എഫ്.ഐ.ആറിലുള്ളത്.

പേര് ചേർക്കാത്താത്ത ആറാം പ്രതിക്കെതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. ശനിയാഴ്ച കൊച്ചിയിൽ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ചോദ്യം ചെയ്യലിനായി ഉടൻ ദിലീപിന് നോട്ടീസ് നൽകാനാണ് സാധ്യത. പൾസർ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തിൽ തീരുമാനമാനിച്ചതായും സൂചനയുണ്ട്.

തിരുവനന്തപുരം: വിനോദസഞ്ചാരികൾക്കായി കാഴ്ച്ചയുടെ പുത്തൻ വസന്തമൊരുക്കി ശംഖുമുഖം. അതിശൈത്യമേഘലയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയ അനുഭവമാണ് ശംഖുമുഖത്ത് ഒരുക്കിയിട്ടുള്ളത്. സുനാമി പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ നേതൃത്വത്തിലാണ് ഐസ് & സ്‌നോ വേൾഡ് ആരംഭിച്ചത്. നിരവധി പേരാണ് ശംഖുമുഖത്ത് ഈ കാഴ്ച്ച കാണാനായി എത്തുന്നത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായ ഷോ മഞ്ഞുമേഖലയിലെ വിനോദസഞ്ചാരത്തെ ഓർമ്മിപ്പിക്കും. കൃത്രിമ മഞ്ഞു വീഴ്ച്ച, മഞ്ഞു മല, കുട്ടികളുടെ കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടിൽ (ഇഗ്ലു), ആകർഷണീയമായ പ്രകാശ വിസ്മയം, ലേസർ ഡിസ്‌പ്ലേ എന്നിങ്ങനെ വലിയൊരു ദൃശ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു.

എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 10 മണി വരെയാണ് പ്രദർശനം. രാവിലെ 11 മണി മുതൽ 3 മണിവരെ ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂർ നിരക്കിലും ഐസ് & സ്‌നോ വേൾഡ് ലഭ്യമാണ്. ഒരുമാസക്കാലമാണ് ഷോ ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മഞ്ഞിൽ കുളിക്കാൻ ശംഖുംമുഖം..

കോവിഡ് ഇളവുകൾക്കും കടൽക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും ശേഷം തിരുവനന്തപുരം ശംഖുമുഖം വീണ്ടും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. സുനാമി പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഐസ് & സ്‌നോ വേൾഡ് എന്ന അതിശൈത്യമേഘലയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയ അനുഭവം കാണാനാണ് ഇപ്പോൾ ആളുകൾ എത്തുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായ ഷോ മഞ്ഞുമേഖലയിലെ വിനോദസഞ്ചാരത്തെ ഓർമ്മിപ്പിക്കും. കൃത്രിമ മഞ്ഞു വീഴ്ച്ച, മഞ്ഞു മല, കുട്ടികളുടെ കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടിൽ (ഇഗ്ലു), ആകർഷണീയമായ പ്രകാശ വിസ്മയം, ലേസർ ഡിസ്‌പ്ലേ എന്നിങ്ങനെ വലിയൊരു ദൃശ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 10 മണി വരെയാണ് പ്രദർശനം. രാവിലെ 11 മണി മുതൽ 3 മണിവരെ ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂർ നിരക്കിലും ഐസ് & സ്‌നോ വേൾഡ് ലഭ്യമാണ്. ഒരുമാസക്കാലമാണ് ഷോ ഉണ്ടാവുക.

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ. സംസ്ഥാനത്തെ ജനങ്ങൾക്ക് ആദ്യം നൽകേണ്ടത് ഭക്ഷണവും പാർപ്പിടവുമാണെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുവേണം ഇങ്ങനെയുള്ള പദ്ധതിയിലേയ്ക്ക് ഇറങ്ങിത്തിരിക്കാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടമെടുത്തുകൊണ്ട് നടപ്പാക്കുന്ന കെ-റെയിൽ വന്നില്ലായെന്ന് കരുതി കേരളത്തിൽ ആരും ചത്തുപോകില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി കൊണ്ട് രാഷ്ട്രീയപാർട്ടികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനെതിരെയും ശ്രീനിവാസൻ വിമർശനം ഉന്നയിച്ചു. അവരുടെ ഭരണകാലത്തും ഈ പദ്ധതിയെ കുറിച്ച് ചർച്ച നടന്നെന്നാണ് പറയുന്നത്. തങ്ങൾക്ക് ഒന്നും ലഭിക്കാത്തതിനാലാകണം ഇപ്പോൾ പദ്ധതിയെ എതിർക്കുന്നതെന്ന് ശ്രീനിവാസൻ പരിഹസിച്ചു. അട്ടപ്പാടിയിലേയും വയനാട്ടിലെയും ജനങ്ങളുടേയും അവസ്ഥ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. വലിയ തുക കടമെടുത്താണ് ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ പോയാൽ ഭാവി വികസനങ്ങൾക്ക് വായ്പ ലഭിക്കാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. കേസിൽ പാക് -ചൈനീസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിലെ പ്രതിയായ മലയാളി പാകിസ്താൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ തുടങ്ങിയവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

അതേസമയം കേസിലെ പ്രതി ഇബ്രാഹിം പുല്ലാട്ടിൽ 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ വ്യക്തമാക്കി. പാകിസ്താൻകാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ, ചൈനീസ് വനിതകളായ ഫ്ളൈ, ലീ എന്നിവർക്കാണ് പ്രതി റൂട്ടുകൾ വിറ്റത്. മാസങ്ങളോളമാണ് ഇവർ ഇന്ത്യയിൽ സിസ്റ്റം പ്രവർത്തിപ്പിച്ചിരുന്നത്. 35 ലക്ഷം രൂപയാണ് ഈ ഇടപാടിലൂടെ ഇബ്രാഹിം പുല്ലാട്ടിന് ലഭിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇബ്രാഹിം പുല്ലാട്ടിലിന്റെ പ്രവർത്തികളെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാല വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ കത്തിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിശകും. വിസി നൽകിയ കത്തിൽ പല സ്ഥലങ്ങളിലും വ്യാകരണ പിശകും അക്ഷരത്തെറ്റുകളുമുണ്ട്. ഡി ലിറ്റ് എന്ന് എഴുതിയിരിക്കുന്നതുപോലും തെറ്റിായാണ്. ഈ വിഷയത്തെ ഇത്ര നിസാരമായി കൈകാര്യം ചെയ്തതിലൂടെ ഗവർണറെ മാത്രമല്ല, രാഷ്ട്രപതിയെയും ആക്ഷേപിക്കുകയാണ് കേരള സർവകലാശാല അധികൃതർ ചെയ്തതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡിസംബർ ഏഴിനാണ് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റ് ഡി ലിറ്റ് ശുപാർശ തള്ളിയെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്ത് കൈമാറിയത്. വെള്ളക്കടലാസിലാണ് കത്ത് എഴുതിയിട്ടുള്ളത്.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ അത് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ താത്പര്യപ്രകാരം സർക്കാരിന്റെ അഭിപ്രായം തേടിയശേഷമാണ് വി.സി കത്തുനൽകിയതെന്നാണ് റിപ്പോർട്ട്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി, കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ തുടങ്ങിയവരും പിണറായിയോടൊപ്പം ഉണ്ടായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഹൈദരാബാദിൽ എത്തിയപ്പോഴാണ് സിപിഎം നേതാക്കൾ ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച്ച നടത്തിയത്.

മൂന്ന് ദിവസമാണ് കേന്ദ്ര കമ്മിറ്റി യോഗം. പ്രാദേശിക പാർട്ടികളുമായുള്ള മൂന്നാം മുന്നണിയെ കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ചന്ദ്രശേഖർ റാവുവിന്റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ച വിരുന്നിലും നേതാക്കൾ പങ്കെടുത്തു.

ഊഷ്മളമായ ആതിഥേയത്വത്തിനു അദ്ദേഹത്തോട് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയൻ പ്രതികരിച്ചു. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിക്കാൻ വ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഐടി, ഫാർമസി, ഇലക്ട്രോണിക് കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ വ്യാപക ക്രമക്കേട്. കോർപറേഷനിലും സോണൽ ഓഫിസുകളിലും വിജിലൻസ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആറ്റിപ്ര സോണൽ ഓഫിസിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഫ്‌ളാറ്റുടമകൾ അനധികൃത നിർമാണം നടത്തിതായി കഴക്കൂട്ടം സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ നിർമ്മാൺ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്.

സംസ്ഥാനത്തെ കോർപറേഷനുകളിലും സോണൽ ഓഫിസുകളിലും കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത് തിരുവനന്തപുരം കോർപ്പറേഷനിലാണ്. അപേക്ഷകൾ തീർപ്പാക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. 611 അപേക്ഷകളാണ് ഇത്തരത്തിൽ തീർപ്പാക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. കൈക്കൂലിയ്ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ അപേക്ഷകൾ തീർപ്പാക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. കോർപറേഷൻ പരിധിയിലെ 81 പരസ്യ ബോർഡുകൾക്ക് ലൈസൻസില്ല. ബഹുനില കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് കൈമാറാതെ പിടച്ചുവച്ചിരിക്കുന്നുണ്ടെന്നും പരിശോധനയിൽ വിജിലൻസിന് ബോധ്യപ്പെട്ടു.

തൃശൂർ കോർപറേഷനിൽ സാധാരണക്കാരുടെ കെട്ടിട നിർമാണ അനുമതിക്കുവേണ്ടിയുള്ള അപേക്ഷകൾ കൂട്ടത്തോടെ തള്ളിയെന്നും വൻകിടക്കാർക്കുവേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം വിജിലൻസ് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.

കൊച്ചി: കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്ന അവസ്ഥ മാറണമെന്ന് കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജിജു. നീതി അതിവേഗം അർഹരായവരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്. എല്ലാവർക്കും നീതി എളുപ്പമാക്കണം. നീതി ലഭിക്കാൻ വേണ്ടി ആരും കഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയിലെ കളമശ്ശേരിയിലുള്ള ദേശീയ നിയമ സർകലാശാലയായ നുവാൽസിൽ പതിനഞ്ചാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബി എ എൽ എൽ ബി റാങ്കുകാർക്കുള്ള സ്വർണ്ണമെഡലും എൻഡോവ്‌മെന്റ് അവാർഡുകളും കേന്ദ്ര മന്ത്രി വിതരണം ചെയ്തു.

ജുഡീഷ്യറിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര മന്ത്രിസഭ 9000 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. ജഡ്ജിമാരുടെ ഒഴിവുകളിൽ വൈകാതെ നിയമനം നടക്കും. കോളേജിയവും കേന്ദ്ര സർക്കാരും അതിനായി ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കുന്നെണ്ടെന്നും മന്ത്രി പറഞ്ഞു.