General (Page 1,258)

തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് പാറശാലയിൽ നടത്തിയ മെഗാ തിരുവാതിരക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് കേസെടുത്തത്. പാറശാല പൊലീസാണ് മെഗാ തിരുവാതിരയ്ക്ക് എതിരെ കേസെടുത്തത്. ജില്ലാ പഞ്ചായത്തംഗം വി.ആർ. സലൂജ ഉൾപ്പടെയുള്ളവർക്കതിരെയാണ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി നൽകിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. മെഗാ തിരുവാതിരയ്‌ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

ന്യൂഡൽഹി: എന്തു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ജനറൽ എം എം നരവാനെ. അതിർത്തിയിൽ ചൈനീസ് ഭീഷണി ഒരർത്ഥത്തിലും കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിരവധി തർക്കപ്രദേശങ്ങളിൽ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിന്മാറി. വടക്കൻ അതിർത്തിയിൽ സൈനിക സന്നാഹം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആർമി ദിവസത്തോട് അനുബന്ധിച്ചുള്ള വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആവർത്തിക്കുന്നുണ്ട്. ആ ഭാഗത്തെ നമ്മുടെ അയൽരാജ്യത്തിന്റെ നീചമായ പ്രവർത്തനങ്ങളെയാണ് ഈ നീക്കങ്ങൾ തുറന്ന് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈന, പാകിസ്താൻ അതിർത്തികളിലെ നിലവിലെ അവസ്ഥകളെ കുറിച്ചും അദ്ദേഹം വിശദമാക്കി. പടിഞ്ഞാറ് ഭാഗത്ത് വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികളുടെ കേന്ദ്രീകരണം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പതിനാലാമത് ഇന്ത്യ ചൈന കമാൻഡർ തല ചർച്ച ആരംഭിച്ചു. ലഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ചർച്ചയിൽ ഇന്ത്യയെ നയിക്കുന്നത്. ഗൽവാൻ താഴ്‌വരയിൽ നിന്നും പാങ്കോംഗ് തടാക തീരത്ത് നിന്നും പിന്മാറാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം: മുന്നോക്കസമുദായത്തിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവ്വേയുടെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻഎസ്എസ് അറിയിച്ചു. സർക്കാർ നിയോഗിച്ച ജസ്റ്റിസ് എംആർ ഹരിഹരൻ കമ്മീഷൻ 18 വിളിച്ച യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എൻഎസ്എസ് നിരസിച്ചത്.

ഇപ്പോൾ നടത്തുന്ന സർവ്വേ പ്രകാരം യഥാർത്ഥ പിന്നോക്കക്കാരെ കണ്ടെത്താൻ കഴിയില്ലെന്നാണ് എൻഎസ്എസ് ആരോപിക്കുന്നത്. സാമ്പിൾ സർവ്വെ അശാസ്ത്രീയമാണെന്നും എൻഎസ്എസ് പറയുന്നു. മുന്നോക്ക സമുദാങ്ങളിലെ പിന്നാത്താവസ്ഥയെക്കുറിച്ച് ഏതെലാം ഘടകങ്ങൾ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നതെന്ന് നിജപ്പെടുത്തുകയോ സർവേയ്ക്കുള്ള രീതിശാസ്ത്രം നിശ്ചയിക്കുകയോ കമ്മീഷൻ ചെയ്തിട്ടില്ലെന്നാണ് എൻഎസ്എസിന്റെ വിമർശനം.

കമ്മീഷൻ നേരിട്ടല്ലാതെ പുറത്ത് നിന്നുള്ള വിവരശേഖരം നിയമവിരുദ്ധമാണ്. നിമയം അനുശാസിക്കുന്ന വിധത്തിലല്ലാതെയുള്ള സർവേയും നിയതമാണ മാർഗ്ഗനിർദ്ദശമങ്ങൾ പാലിക്കാതെ പുറത്തുനിന്ന് ശഖരിക്കുന്ന വിവരങ്ങൾ കൂട്ടിക്കലർത്തുന്നതും മുന്നോത്ത വിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്താനേ കാരണമാകൂവെന്നതിനാലാണ് കമ്മീഷന്റെ സാമ്പിൾ സർവേ നടത്തുന്നതിനെ എതിർക്കുന്നതെന്ന് എൻഎസ്എസ് പ്രസ്താവനയിലൂടെ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ്. 100 ലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി.

അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയണമെന്നും അധികൃതർ നിർദേശിച്ചു. നാളെ കോളേജിൽ കൂട്ട കോവിഡ് പരിശോധന നടത്താനാനാണ് അധികൃതരുടെ തീരുമാനം.

അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ 421 ആയി. പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. ആൾക്കൂട്ടങ്ങൾ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഒമിക്രോണ് ചെറിയ ഇൻകുബേഷൻ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോൺ വൻതോതിൽ പടരാം. അതിനാൽ എല്ലാവരും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോൺ വ്യാപിക്കാൻ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് കേസുകൾ കൂടുകയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാൽ വാക്സിനെടുക്കാനുള്ളവർ എല്ലാവരും എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. ആരിൽ നിന്നും ആരിലേക്കും ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് വരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകൾ ഉണ്ടായാൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവർത്തകർക്കും ഒരുമിച്ച് രോഗം വരാതിരിക്കാൻ കരുതൽ വേണം. നമ്മുടെ ആരോഗ്യ സംവിധാത്തിനപ്പുറത്തേക്ക് കോവിഡ് കേസുകൾ പോകാതിരിക്കാൻ എല്ലാവരും പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ രോഗങ്ങളുള്ളവർ സംസ്ഥാനത്ത് വളരെ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ രോഗ നിയന്ത്രണം ഉറപ്പ് വരുത്തണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കോവിഡ് ബാധിച്ചാൽ ഗുരുതരമാകും. അതിനാൽ കഴിവതും യാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദർശനം പരമാവധി കുറച്ച് ഇ സഞ്ജീവനി സേവനങ്ങൾ പ്രയോജനപ്പെടുത്തുക. ഒരിക്കൽ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്സിൻ എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കൽ വന്നവർക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവർ കൃത്യമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. സംസ്ഥാനത്ത് നിലനിൽക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നൽകേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഐഎസ്ആർഒയുടെ ചെയർമാനായി ഡോ എസ്. സോമനാഥ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാനായ ഡോ.കെ. ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. നിലവിൽ തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറാണ് അദ്ദേഹം. എം ജി കെ മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ തുടങ്ങിയവരാണ് നേരത്തെ ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ള മലയാളികൾ. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക.

സീനിയോറിറ്റിയേക്കാൾ പ്രകടന മിടുക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനെ നിയമിക്കുന്നതിന് മാനദണ്ഡമാക്കുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും സോഫ്റ്റ് വെയർ വികസനത്തിലുമുള്ള മികവാണ് ഡോ. സോമനാഥിനെ ഐഎസ്ആർഒ ചെയർമാനായി തെരഞ്ഞെടുക്കാൻ കാരണം.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഗർഭിണികൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകളാണ് ഗവേഷകർ നടത്തിയത്. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ഗവേഷകർ നടത്തിയിട്ടുണ്ട്.

കോവിഡ് വാക്‌സിൻ സ്വീകരിച്ച അമ്മമാരിൽ നിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങൾക്കും ആന്റിബോഡികൾ ലഭിക്കുമെന്നും അതിനാൽ കുഞ്ഞുങ്ങൾക്ക് വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പുതിയ ഒരു പഠനങ്ങൾ വ്യക്തമാക്കുന്നത്. മസാച്ചുസെറ്റ്‌സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. വാക്‌സിൻ എടുത്ത അമ്മമാരുടെ മുലപ്പാലിലും ഇവർ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. ഒന്നര മാസം മുതൽ 23 മാസം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത്തരത്തിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞത്. ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലുള്ള മുലയൂട്ടുന്ന 30 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് വിദഗ്ധർ ഗവേഷണം നടത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസത്തിനിടെയാണ് ഇവർക്ക് കോവിഡ് വാക്‌സിൻ നൽകിയത്. എംആർഎൻഎ വാക്‌സിനാണ് ഗർഭിണികളിൽ കുത്തിവെച്ചത്. വാക്‌സിൻ എടുക്കുന്നതിന് മുൻപും ആദ്യ ഡോസ് എടുത്ത ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ച്ചകൾക്ക് ശേഷവും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച്ച കഴിഞ്ഞുമുള്ള മുലപ്പാൽ സാംപിളുകളാണ് ഇവരിൽ നിന്ന് ശേഖരിച്ച് പഠനവിധേയമാക്കിയത്. ആദ്യ ഡോസിന് 19 ദിവസങ്ങൾക്ക് ശേഷവും രണ്ടാമത്തെ ഡോസിന് 21 ദിവസങ്ങൾക്ക് ശേഷവും ഇവരുടെ രക്ത സാംപിളുകൾ ശേഖരിച്ച് പഠന വിധേയമാക്കിയിരുന്നു. അമ്മമാർ രണ്ടാമത്തെ ഡോസ് എടുത്ത് 21 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ മലത്തിന്റെ സാംപിൾ ശേഖരിച്ചത്. മുലപ്പാലിലും കുഞ്ഞുങ്ങളുടെ മലത്തിലും വാക്‌സിൻ എടുത്ത ശേഷം IgG, IgA ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനത്തിൽ പറയുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി കോടതി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ആറര മണിക്കൂർ നേരമാണ് മൊഴിയെടുക്കൽ നടന്നത്. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങൾ പുറത്തു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും ബാലചന്ദ്ര കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എറണാകുളം സി.ജെ.എം. കോടതിയാണ് ഫെസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് കോടതി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്. ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. അന്വേഷണ സംഘത്തിന് മുന്നിലും ബാലചന്ദ്ര കുമാർ ദിലീപിനെതിരെ മൊഴി നൽകിയത്.

ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താൻ ദക്സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ. മുൻവിധിയോടുകൂടി സംസാരിക്കാൻ ഒരു മന്ത്രിയെന്ന നിലയിൽ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഹേമ കമ്മീഷൻ റിപ്പോർട്ട് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ എടുത്തു ചാടി നടപ്പിലാക്കേണ്ട ഒന്നല്ല. അത് ക്യാബിനെറ്റിൽ ചർച്ചയ്ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്. റിപ്പോർട്ടിന് തുടർച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാൻ സാധിക്കില്ല. റിപ്പോർട്ട് വന്നതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വകുപ്പിലേക്കെത്തി. ഉടൻ തന്നെ തന്റെ നേതൃത്വത്തിൽ രണ്ട് മീറ്റിംഗുകൾ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റിൽ പോകണമോ, നിയമസഭയിൽ വെയ്ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധരാണെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് മുമ്പാകെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. അദ്ദേഹം അത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് യോഗങ്ങൾ തന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു.

വെന്നും സജി ചെറിയാൻ അറിയിച്ചു. മൂന്ന് പേരടങ്ങുന്നൊരു സമിതി റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ പരിശോധിച്ച് നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ സർക്കാരിന് നൽകുന്നതിനായി ചുമതലപ്പെടുത്തി. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് അന്തിമം ആയതായും അതിലെ പ്രസക്ത ഭാഗങ്ങൾ നിയമപരമായി വിലയിരുത്തിക്കൊണ്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. കമ്മീഷൻ റിപ്പോർട്ട് വിശാലമായതുകൊണ്ടു തന്നെ അതിലെ പ്രസക്ത ഭാഗങ്ങൾ എടുത്ത് ചർച്ച ചെയ്യു എന്നതാണ് പ്രായോഗികം. അതിൽ നടപ്പിലാക്കേണ്ടതിന്റെ നിയമ സാധുതയും സാമ്പത്തിക സാധ്യതയും നോക്കി സർക്കാരിന്റെ മുമ്പാകെ വന്നതിന് ശേഷം നിയമസഭയിൽ കൊണ്ടുവരണമോ അല്ലാതെ മുന്നോട്ടുകൊണ്ടുപോകുവാൻ കഴിയുമോ എന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് അണ്ടർ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് എത്രയും വേഗം ചർച്ച ചെയ്ത് അന്തിമ രൂപം ഉണ്ടാക്കാനാകുമെന്നാണ് സമിതി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം ഒരു ഡ്രാഫ്റ്റ് ആയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.റിപ്പോർട്ട് പുറത്തു വിടാത്തത് ഇരകളുടെ പേര് പരാമർശിക്കുന്നതിനാലോ, ഉന്നതരുടെ പങ്ക് വെളിപ്പെടും എന്നതിനാലോ അല്ല. റിപ്പോർട്ടിൽ ചില സ്വാധീനങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിനെ കുറിച്ച് വ്യക്തത ലഭിക്കാതെ പുറത്തുവിടാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ച് പഠിച്ച് അതിന്റെ നിയമം വശം പരിശോധിച്ച് നടപ്പാക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയ്ക്ക് നേരിട്ട സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം നടത്താനുള്ള സമിതിയെ നയിക്കുക റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മൽഹോത്ര. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സംഭവിച്ചത് എന്താണെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടിയാണ് സമിതിയെ രൂപീകരിച്ചത്. ദേശീയാന്വേഷണ ഏജൻസിയിലെ ഓഫീസർമാരും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല മറിച്ച് സ്വതന്ത്രാന്വേഷണമാണ് ഈ കേസിൽ വേണ്ടതെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. കേസിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസിൽ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാർ ജനറൽ, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റുള്ള അംഗങ്ങൾ.

നേരത്തേ ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ച്, കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് അവരുടെ അന്വേഷണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. എസ്പിജി ആക്ടിന്റെ ലംഘനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെന്നും പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് വീഴ്ചയാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളമാണ് പഞ്ചാബിലെ ഒരു മേൽപാലത്തിൽ പ്രധാനമന്ത്രി കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

കൊച്ചി: സ്മാർട്ട് ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിലും യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമൊരുക്കി കേന്ദ്ര സർക്കാർ. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻ.പി.സി.ഐ) ഈ സേവനം അവതരിപ്പിച്ചത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷാ പിന്തുണ ഈ സേവനത്തിലൂടെ ഉപഭോക്താവിന് ലഭിക്കും.

സ്മാർട്ട്‌ഫോണോ ഇന്റർനെറ്റോ ഇല്ലാത്തവർ/ഫീച്ചർഫോൺ ഉപഭോക്താക്കൾ യു.പി.ഐ ഇടപാട് നടത്താനായി *99# ഡയൽ ചെയ്യണം. 50 പൈസ വീതം ഈ സേവനത്തിന് ഫീസ് നൽകണം. ഈ സംവിധാനം ഉപയോഗിക്കാൻ രജിസ്‌ട്രേഷൻ ആവശ്യമാണ്. *99# ഡയൽ ചെയ്യുന്നതിന് ചില പ്രാരംഭ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു:

  • ഉപഭോക്താവ് ഭീം ആപ്പിൽ വൺ-ടൈം രജിസ്ട്രേഷൻ നടത്തി പിൻ നമ്പർ വാങ്ങണം.
  • ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകണം.
  • തുടർന്ന് ഫോണിലെ ഡയൽപാഡിൽ *99# ഡയൽ ചെയ്യണം.
  • പിന്നീട് ലഭിക്കുന്ന മെന്യുവിൽ മൈ പ്രൊഫൈൽ, സെൻഡ് മണി, റിസീവ് മണി, പെൻഡിംഗ് റിക്വസ്റ്റ്‌സ്, ചെക്ക് ബാലൻസ്, യു.പി.ഐ പിൻ, ട്രാൻസാക്ഷൻസ് എന്നീ ഓപ്ഷനുകൾ ലഭിക്കും.
  • സെൻഡ് മണി ഓപ്ഷനിൽ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ് കോഡോ യു.പി.ഐ ഐഡിയോ ഫോൺനമ്പറോ നൽകണം.
  • തുടർന്ന് അയയ്‌ക്കേണ്ട തുക ടൈപ്പ് ചെയ്ത ശേഷം യു.പി.ഐ പിൻ നമ്പർ നൽകി സെൻഡ് ബട്ടൺ പ്രസ് ചെയ്ത് പണം കൈമാറാം. പണം കൈമാറിയശേഷം കൺഫർമേഷൻ മെസേജും റഫറൻസ് ഐഡിയും ലഭിക്കുന്നതാണ്.