നടിയെ ആക്രമിച്ച കേസ്; പ്രതികൾ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ. മുൻവിധിയോടുകൂടി സംസാരിക്കാൻ ഒരു മന്ത്രിയെന്ന നിലയിൽ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഹേമ കമ്മീഷൻ റിപ്പോർട്ട് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ എടുത്തു ചാടി നടപ്പിലാക്കേണ്ട ഒന്നല്ല. അത് ക്യാബിനെറ്റിൽ ചർച്ചയ്ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്. റിപ്പോർട്ടിന് തുടർച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാൻ സാധിക്കില്ല. റിപ്പോർട്ട് വന്നതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വകുപ്പിലേക്കെത്തി. ഉടൻ തന്നെ തന്റെ നേതൃത്വത്തിൽ രണ്ട് മീറ്റിംഗുകൾ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റിൽ പോകണമോ, നിയമസഭയിൽ വെയ്ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധരാണെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് മുമ്പാകെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. അദ്ദേഹം അത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് യോഗങ്ങൾ തന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു.

വെന്നും സജി ചെറിയാൻ അറിയിച്ചു. മൂന്ന് പേരടങ്ങുന്നൊരു സമിതി റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ പരിശോധിച്ച് നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ സർക്കാരിന് നൽകുന്നതിനായി ചുമതലപ്പെടുത്തി. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് അന്തിമം ആയതായും അതിലെ പ്രസക്ത ഭാഗങ്ങൾ നിയമപരമായി വിലയിരുത്തിക്കൊണ്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. കമ്മീഷൻ റിപ്പോർട്ട് വിശാലമായതുകൊണ്ടു തന്നെ അതിലെ പ്രസക്ത ഭാഗങ്ങൾ എടുത്ത് ചർച്ച ചെയ്യു എന്നതാണ് പ്രായോഗികം. അതിൽ നടപ്പിലാക്കേണ്ടതിന്റെ നിയമ സാധുതയും സാമ്പത്തിക സാധ്യതയും നോക്കി സർക്കാരിന്റെ മുമ്പാകെ വന്നതിന് ശേഷം നിയമസഭയിൽ കൊണ്ടുവരണമോ അല്ലാതെ മുന്നോട്ടുകൊണ്ടുപോകുവാൻ കഴിയുമോ എന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് അണ്ടർ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് എത്രയും വേഗം ചർച്ച ചെയ്ത് അന്തിമ രൂപം ഉണ്ടാക്കാനാകുമെന്നാണ് സമിതി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം ഒരു ഡ്രാഫ്റ്റ് ആയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.റിപ്പോർട്ട് പുറത്തു വിടാത്തത് ഇരകളുടെ പേര് പരാമർശിക്കുന്നതിനാലോ, ഉന്നതരുടെ പങ്ക് വെളിപ്പെടും എന്നതിനാലോ അല്ല. റിപ്പോർട്ടിൽ ചില സ്വാധീനങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിനെ കുറിച്ച് വ്യക്തത ലഭിക്കാതെ പുറത്തുവിടാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ച് പഠിച്ച് അതിന്റെ നിയമം വശം പരിശോധിച്ച് നടപ്പാക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.