സ്മാർട്ട് ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിലും യുപിഐ ഇടപാടുകൾ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: സ്മാർട്ട് ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിലും യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമൊരുക്കി കേന്ദ്ര സർക്കാർ. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻ.പി.സി.ഐ) ഈ സേവനം അവതരിപ്പിച്ചത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷാ പിന്തുണ ഈ സേവനത്തിലൂടെ ഉപഭോക്താവിന് ലഭിക്കും.

സ്മാർട്ട്‌ഫോണോ ഇന്റർനെറ്റോ ഇല്ലാത്തവർ/ഫീച്ചർഫോൺ ഉപഭോക്താക്കൾ യു.പി.ഐ ഇടപാട് നടത്താനായി *99# ഡയൽ ചെയ്യണം. 50 പൈസ വീതം ഈ സേവനത്തിന് ഫീസ് നൽകണം. ഈ സംവിധാനം ഉപയോഗിക്കാൻ രജിസ്‌ട്രേഷൻ ആവശ്യമാണ്. *99# ഡയൽ ചെയ്യുന്നതിന് ചില പ്രാരംഭ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു:

  • ഉപഭോക്താവ് ഭീം ആപ്പിൽ വൺ-ടൈം രജിസ്ട്രേഷൻ നടത്തി പിൻ നമ്പർ വാങ്ങണം.
  • ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകണം.
  • തുടർന്ന് ഫോണിലെ ഡയൽപാഡിൽ *99# ഡയൽ ചെയ്യണം.
  • പിന്നീട് ലഭിക്കുന്ന മെന്യുവിൽ മൈ പ്രൊഫൈൽ, സെൻഡ് മണി, റിസീവ് മണി, പെൻഡിംഗ് റിക്വസ്റ്റ്‌സ്, ചെക്ക് ബാലൻസ്, യു.പി.ഐ പിൻ, ട്രാൻസാക്ഷൻസ് എന്നീ ഓപ്ഷനുകൾ ലഭിക്കും.
  • സെൻഡ് മണി ഓപ്ഷനിൽ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ് കോഡോ യു.പി.ഐ ഐഡിയോ ഫോൺനമ്പറോ നൽകണം.
  • തുടർന്ന് അയയ്‌ക്കേണ്ട തുക ടൈപ്പ് ചെയ്ത ശേഷം യു.പി.ഐ പിൻ നമ്പർ നൽകി സെൻഡ് ബട്ടൺ പ്രസ് ചെയ്ത് പണം കൈമാറാം. പണം കൈമാറിയശേഷം കൺഫർമേഷൻ മെസേജും റഫറൻസ് ഐഡിയും ലഭിക്കുന്നതാണ്.