General (Page 1,255)

മോസ്‌കോ: റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായി റിപ്പോർട്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചത്. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത്.

ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ റഷ്യൻ സൈനിക മേധാവികൾ വിലയിരുത്തുന്നുണ്ട്. നഗര യുദ്ധമുറകളിലും അട്ടിമറികളിലും പ്രത്യേക പരിശീലനം നേടിയ ഒരു വിഭാഗംസൈനികരായിരിക്കും അതിർത്തിയിലെ സൈന്യത്തിനു നേരെ വ്യാജ ആക്രമണം അഴിച്ചുവിടുക എന്നതിന്റെ തെളിവുകൾ അമേരിക്കയുടെ കൈവശമുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇതിനായി ഇതിനോടകം ഒരു സംഘത്തെ അമേരിക്ക തയ്യാറാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തങ്ങൾ ഒരു പ്രകോപനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്ത റഷ്യൻ വക്താവ് നിഷേധിച്ചു. തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നാണ് റഷ്യ നൽകുന്ന വിശദീകരണം.

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്ന് വ്യക്തമാക്കി കോട്ടയത്തെ പ്രവാസി വ്യവസായി മെഹ്ബൂബ് രംഗത്ത്. ദിലീപിനെ അറിയാമെങ്കിലും അടുത്തകാലത്തൊന്നും അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടില്ലെന്നാണ് മെഹബൂബ് അറിയിച്ചത്. ദിലീപുമായിട്ട് ബന്ധമുണ്ടെങ്കിലും ആകെ ആ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. മൂന്നു കൊല്ലം മുൻപാണ് ദിലീപിന്റെ വീട്ടിൽ പോയത്. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനമെന്നും അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദിലീപിനെ ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയതെന്നും ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണോ വീട്ടിൽ പോയതെന്ന് ഓർമയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടല്ല ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. ദിലീപ് തന്നെ ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ പൊലീസ് തെളിയിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂ. നാർകോ അനലിസിസ് പരിശോധനയ്ക്കുൾപ്പെടെ എന്തിനും താൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആരും ഇതും വരെയും വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചത് ഒരു വിഐപി ആണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഗൾഫിൽ നിന്നും ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ പറഞ്ഞത്. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കുമെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു.

ന്യൂഡൽഹി: അതിർത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന് മുന്നറിയിപ്പ് നൽകി കരസേനാ മേധാവി എം എം നരവാനെ. അതിർത്തിയിൽ നിലവിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റംവരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. അതിനെ മറ്റുവിധത്തിൽ ആരും തെറ്റുദ്ധരിക്കേണ്ടെതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ ഏതെങ്കിലും തരത്തിൽ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കും. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ പരിഹരിക്കണം. അതിർത്തിയിലെ നീക്കങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ അക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവും സന്നദ്ധതയും ഇതിനോടകം പ്രകടമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയെയും പാകിസ്താനെയും ലക്ഷ്യം വെച്ചായിരുന്നു കരസേനാ മേധാവിയുടെ വാക്കുകൾ.

കൊച്ചി: കൊച്ചിയിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിനെതിരെ വിമർശനവുമായി കോടതി. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിനെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. കന്യാസ്ത്രീകൾ നീതിക്കായി സമരത്തിനിറങ്ങിയതിൽ തെറ്റില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യം മാത്രം ഉന്നയിച്ചുകൊണ്ട് സമരം ചെയ്തത് നല്ല ഉദ്ദേശത്തോടെയെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു.

ലൈംഗിക പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപനത്തിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു രണ്ടുമാസം കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതെയിരുന്നതിനെ തുടർന്നാണ് സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് കന്യാസ്ത്രീകൾ സമരം നടത്തിയത്.

സഹപ്രവർത്തകയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 13 ദിവസമാണ് തെരുവിൽ കന്യാസ്ത്രീകൾ സമരം നടത്തിയത്.

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ബി പി എൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ഉറപ്പാക്കാനാണ് പദ്ധതിയിടുന്നത്. മറ്റ് വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അഞ്ച് രൂപയായി ഉയർത്താനും ലക്ഷ്യമിടുന്നു.

യാത്രാനിരക്ക് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാതഗ വകുപ്പിന്റെ നിർദേശങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. അടുത്ത മാസം മുതൽ ചാർജ് വർദ്ധന നടപ്പിലാക്കാനാണ് തീരുമാനമെന്നും വിവരമുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു ബസുടമകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ബസ് ചാർജ് വർധന നിലവിൽ വരുമ്പോൾ 2.5 കിലോമീറ്റർ ദൂരത്തിനുള്ള മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാകം. കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകുകയും ചെയ്യും. ഇതിന് ആനുപാതികമായിട്ടായിരിക്കും തുടർന്നുള്ള നിരക്കിൽ വർധനവ് ഉണ്ടാകുന്നത്. അതേസമയം മിനിമം ചാർജ് 12 രൂപയായി ഉയർത്തണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. രാത്രി യാത്രയുടെ നിരക്കിലും മാറ്റം വരുത്തുമെന്നാണ് സൂചന. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിലുള്ള ഓർഡിനറി സർവീസുകളുടെ നിരക്കിൽ 50 ശതമാനം വർദ്ധനവുണ്ടാകും.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇതു സ്ഥിരീകരിക്കാനായി ശബ്ദ സാംപിൾ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രവാസി മലയാളിയായ ഇയാൾക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് സൂചന. ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണിത്. വിഐപിയുടെ ശബ്ദസാമ്പിളടക്കം ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടാകാനാണ് സാധ്യത. ഇതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതി അജ്ഞാതനായ വിഐപിയെ സംവിധാകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൾഫിൽ നിന്നും ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കുമെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധ പ്രതിരോധ മിസൈൽ വാങ്ങാനൊരുങ്ങി ഫിലിപ്പീൻസ്. 374.9 ദശലക്ഷം യുഎസ് ഡോളർ നൽകിയാണ് ഫിലിപ്പീൻസ് മിസൈൽ സ്വന്തമാക്കുന്നത്. ബ്രഹ്മോസ് അധികൃതരെ ഇക്കാര്യം ഫിലിപ്പീൻസ് ദേശീയ പ്രതിരോധ വകുപ്പ് അറിയിക്കുകയും ചെയ്തു. മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെപ്പറ്റിയുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ പ്രതികരണം പത്ത് ദിവസത്തിനുള്ളിൽ നല്കണമെന്ന് ഫിലിപ്പീൻസ് നാവിക സേന ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒഎമ്മും സംയുക്തമായി വികസിപ്പിച്ച മിസൈലാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. ബ്രഹ്മോസ് മിസൈലാണ് ഇന്ത്യൻ നാവികസേനയും, വ്യോമസേനയും, സൈന്യവും നിലവിൽ ഉപയോഗിക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്കു ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ പറക്കാൻ ബ്രഹ്മോസ് മിസൈലിനു സാധിക്കും. യുദ്ധക്കപ്പലിന്റെ വൈദഗ്ദ്ധ്യം കാരണം പല രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ പദ്ധതിയിട്ടുണ്ടെന്നാണ് വിവരം. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയമാണിതെന്നാണ് വിദഗ്ധർ പറയയുന്നത്.

കൊച്ചി: സംസ്ഥാനത്തെ എല്ലാ കോടതികളിലും തിങ്കളാഴ്ച്ച മുതൽ ഓൺലൈൻ സിറ്റിംഗ്. ഹൈക്കോടതി ഉൾപ്പെടെയുള്ള എല്ലാ കോടതികളിലും ഓൺലൈൻ സിറ്റിംഗ് നടത്താനാണ് തീരുമാനം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുന്നത്. ഒരു മാസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുകയാണ്. ഇന്ന് 16,338 പേർക്കാണ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,68,657 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3638 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിന്റെ കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ കുടുങ്ങി ഭൂപ്രദേശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ എയർഫോഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താഴ്വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ പ്രവേശിച്ചതാണ് അപകടം ഉണ്ടായത്. ഇത് പൈലറ്റിനെ സ്പേഷ്യൽ ഡിസോറിയന്റേഷനിലേക്ക് നയിക്കുകയും ഹെലികോപ്റ്റർ ഇടിച്ചിറങ്ങാൻ കാരണമാകുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ തുടങ്ങിയവയെല്ലാം അന്വേഷണ സംഘം വിശകലനം ചെയ്തിരുന്നു. മെക്കാനിക്കൽ തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവ അപകട കാരണമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന്റെ കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ സാക്ഷികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ്അന്വേഷണം നടന്നത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഡിസംബർ എട്ടിനാണ് അപകടം ഉണ്ടായത്.

സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. കോയമ്പത്തൂർ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോകുകയായിരുന്നു ബിപിൻ റാവത്തും സംഘവും.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുൻപാണ് മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ചത്. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ഗവർണറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്ന് അദ്ദേഹം ഗവർണറെ അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗവർണറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചത്. മുഖ്യമന്ത്രി ഫൺ വിളിച്ച് സംസാരിച്ചതിനോട് അനുകൂലമായാണ് ഗവർണർ പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തൽ. സർവ്വകലാശാല, ഡി ലീറ്റ് വിഷയങ്ങളിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലായിരുന്നു ഗവർണർ. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദ്ദേഹം വലിയ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.