തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ബി പി എൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ഉറപ്പാക്കാനാണ് പദ്ധതിയിടുന്നത്. മറ്റ് വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അഞ്ച് രൂപയായി ഉയർത്താനും ലക്ഷ്യമിടുന്നു.
യാത്രാനിരക്ക് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാതഗ വകുപ്പിന്റെ നിർദേശങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. അടുത്ത മാസം മുതൽ ചാർജ് വർദ്ധന നടപ്പിലാക്കാനാണ് തീരുമാനമെന്നും വിവരമുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു ബസുടമകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ബസ് ചാർജ് വർധന നിലവിൽ വരുമ്പോൾ 2.5 കിലോമീറ്റർ ദൂരത്തിനുള്ള മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാകം. കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകുകയും ചെയ്യും. ഇതിന് ആനുപാതികമായിട്ടായിരിക്കും തുടർന്നുള്ള നിരക്കിൽ വർധനവ് ഉണ്ടാകുന്നത്. അതേസമയം മിനിമം ചാർജ് 12 രൂപയായി ഉയർത്തണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. രാത്രി യാത്രയുടെ നിരക്കിലും മാറ്റം വരുത്തുമെന്നാണ് സൂചന. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിലുള്ള ഓർഡിനറി സർവീസുകളുടെ നിരക്കിൽ 50 ശതമാനം വർദ്ധനവുണ്ടാകും.

