General (Page 1,256)

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്, ട്രെയിൻ നമ്പർ 06431 കോട്ടയം – കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06425 കൊല്ലം- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06435 തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06023/ 06024 ഷൊർണൂർ – കണ്ണൂർ- ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06477/ 06478 കണ്ണൂർ- മംഗലാപുരം സെൻട്രൽ- കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06481/ 06469 കോഴിക്കോട് – കണ്ണൂർ- ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06491 ചെറുവത്തൂർ – മംഗലാപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ, ട്രെയിൻ നമ്പർ 06610 മംഗലാപുരം സെൻട്രൽ – കോഴിക്കോട് എക്സ്പ്രസ് തുടങ്ങിയ സർവ്വീസുകളാണ് റദ്ദാക്കിയത്.

കൊച്ചി: നികുതി അടയ്ക്കുന്നതിൽ ഇളവ് നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സർവ്വീസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ. 2022 ജനുവരി മുതലുള്ള നികുതി ഫെബ്രുവരി 15നകം അടയ്ക്കണമെന്നുള്ള സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകൾ നികുതി ഇളവ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

2021ലെ അവസാന രണ്ട് തവണത്തെ നികുതി ഒഴിവാക്കുകയോ തവണകളാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായും ഗതാഗത മന്ത്രി ആന്റണി രാജുവുമായും സ്വകാര്യ ബസുടമകൾ പലതവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ ഇതിന് ഫലമുണ്ടായിരുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ജീവനക്കാരുടെ ക്ഷേമഫണ്ടും ഇൻഷ്വറൻസ് തുകയും അറ്റകുറ്റപ്പണിയുമുൾപ്പെടെ ഒരു വണ്ടിക്ക് രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഒറ്റയടിക്ക് മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരുവർഷം നാല് തവണയാണ് നികുതി അടയ്‌ക്കേണ്ടത്.

കോവിഡ് വ്യാപനത്തിന്റെ പസ്ചാത്തലത്തിൽ 2020 ലെ രണ്ടും മൂന്നും തവണകളും 2021 ലെ ആദ്യ രണ്ട് തവണകളും സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. അതേസമയം 2021 ലെ അവസാന രണ്ട് ത്രൈമാസത്തെ നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി കൊണ്ടിരിക്കുകയാണ്. ഒരു തവണ- 19,500 മുതൽ 36,000 രൂപ വരെയാണ് നികുതിയായി അടക്കേണ്ടത്. ഓട്ടോ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് മൂന്നു മാസം കൂടുമ്പോൾ 4,200 രൂപയിലധികം അടക്കണം. ഇത് ബാങ്കിലടച്ച രസീത് സമർപ്പിക്കാതെ നികുതി അടയ്ക്കാനാകില്ല.

പത്തനംതിട്ട: സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയ്ക്ക് കെ റെയിൽ പദ്ധതി എല്ലാതരത്തിലും അനുയോജ്യമായതാണെന്ന് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ അറിയിച്ചു. തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സിൽവർ ലൈൻ പരിപാടി പദ്ധതി വിശദീകരണം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് എത്തിചേരാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർലൈൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. പത്തനംതിട്ടയുടെ സമീപ പ്രദേശമായ ചെങ്ങന്നൂരിലെ നിലവിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.3 കിലോമീറ്റർ മാറിയാണ് സിൽവർലൈൻ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. എംസി റോഡിന് സമീപമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷൻ സമുച്ചയം നിർമ്മിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റി ഉണ്ടാകും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യം സജ്ജമാക്കും. പത്തനംതിട്ട ജില്ലയിലൂടെ 22 കിലോമീറ്റർ പാത കടന്ന്‌പോകുന്നു. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം സിൽവർലൈൻ സ്റ്റേഷനിൽ ഉണ്ടായിരിക്കും. സിൽവർലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 46 മിനിറ്റും, കൊല്ലത്തേക്ക് 22 മിനിറ്റും കോട്ടയത്തേക്ക് 16 മിനിറ്റും, എറണാകുളത്തേക്ക് 39 മിനിറ്റും, കൊച്ചി എയർപോർട്ടിലേക്ക് 49 മിനിറ്റും, കോഴിക്കോട്ടേക്ക് ഒരു മണിക്കൂർ 54 മിനിറ്റും, കാസർഗോഡേക്ക് മൂന്ന് മണിക്കൂർ എട്ട് മിനിറ്റും എടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ. റെയിൽ. കേരളത്തിന്റെ നിലവിലെ ഗതാഗത പ്രതിസന്ധിക്ക് ബദലായാണ് സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതി സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ റോഡിലെ ഗതാഗതം ഗണ്യമായി കുറയ്ക്കാൻ കഴിയും. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 ഓളം പേർ സിൽവർ ലൈനിലേക്ക് മാറുമെന്നാണ് കണക്ക്. 530 കോടി രൂപയുടെ പെട്രോളും, ഡീസലും പ്രതിവർഷം ലാഭിക്കാൻ കഴിയുമെന്നും വായുമലിനീകരണം ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നും കണക്കാക്കപ്പെടുന്നു.

കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ റോഡുകളിലെ ഗതാഗത കുരുക്കും വാഹന അപകടങ്ങളും വലിയ രീതിയിൽ കുറയ്ക്കാനാകും. റോ റോ സംവിധാനം വഴി ദേശീയ പാതകളിൽ നിന്ന് 500 ഓളം ട്രക്കുകൾ ഒഴിവാക്കാനാകും. 2025 ഓടെ 2.88 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കും. പദ്ധതി നിർമ്മാണ സമയത്ത് അമ്ബതിനായിരം തൊഴിൽ അവസരവും പ്രവർത്തനഘട്ടത്തിൽ പതിനൊന്നായിരം പേർക്ക് ജോലി ലഭിക്കാനും സഹായകരമാകും. പദ്ധതിയുടെ നിർമ്മാണത്തിന് സ്ഥലം, വീട് തുടങ്ങിയവ നഷ്ടപ്പെടുന്നവർക്ക് അർഹമായ ആനുകൂല്യം ഉറപ്പാക്കും. ആധുനിക രീതിയിൽ ഒരു നൂറ്റാണ്ട് മുന്നിൽക്കണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. 2022 ലെ പാർലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ എട്ട് വരെ നടത്താൻ തീരുമാനിച്ചു. ഇരു സഭകളുടെയും സാന്നിധ്യത്തിൽ പാർലമെന്റ് സമ്മേളനം ജനുവരി 31 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടെ തുടക്കമാകും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.

പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 11 ന് സമാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലുമാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് പാർലമെന്റ് സമ്മേളനങ്ങളും ചുരുക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനത്തിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 14ന് ആരംഭിക്കും. ഏപ്രിൽ എട്ടിന് സമ്മേളനം അവസാനിപ്പിക്കും.

ഹൈദരാബാദ്: പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ഐസ്‌ക്രീം. ചോക്ലേറ്റ്, വാനില, സ്‌ട്രോബറി എന്നിങ്ങനെ പല രുചികളിലും ഐസ്‌ക്രീം ലഭിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു ഐസ്‌ക്രീമിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ. സ്വർണ്ണം കൊണ്ട് ഈ ഐസ്‌ക്രീം നിർമ്മിച്ചിട്ടുള്ളത്.

ഹൈദരബാദിൽ പ്രവർത്തിക്കുന്ന ഹ്യൂബർ ആൻഡ് ഹോളി എന്ന കഫെയിലാണ് സ്വർണ ഐസ്‌ക്രീം വിൽപ്പനയ്ക്കായി വെച്ചത്. 24 കാരറ്റ് സ്വർണം പൂശിയതാണ് ഈ ഐസ്‌ക്രീം. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ളോഗറാണ് സ്വർണ ഐസ്‌ക്രീം വിൽക്കുന്ന കഫെയെ കുറിച്ചുള്ള വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. സ്വർണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചോക്ലേറ്റിൽ ഉണ്ടാക്കിയ കോണിൽ ഐസ്‌ക്രീം നിറച്ചശേഷം മുകളിൽ 24 കാരറ്റിന്റെ സ്വർണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടിവെക്കുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ഐസ്‌ക്രീമിന്റെ വില അഞ്ഞൂറു രൂപയാണ്. നിരവധി പേർ ഇതിനോടകം തന്നെ സ്വർണ്ണ ഐസ്‌ക്രീം ഉണ്ടാക്കുന്ന വീഡിയോ കണ്ടുകഴിഞ്ഞു.

https://www.instagram.com/tv/CYeV0rZMk-P/?utm_source=ig_web_copy_link

കോട്ടയം: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. വിധി വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പോലീസുകാരിൽനിന്നും പ്രോസിക്യൂഷനിൽ നിന്നും ലഭിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ലഭിച്ചില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു. സിസ്റ്ററിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി.

സിസ്റ്ററിന് നീതി കിട്ടുംവരെ അപ്പീൽ പോകുകയും പോരാടുകയും ചെയ്യും. മൊഴികളെല്ലാം അനുകൂലമാണ്. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും ചെയ്യാം. ആ ഒരു കാലമാണ് ഇപ്പോൾ മുന്നിലുള്ളത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. സാധാരണക്കാരായ മനുഷ്യർ എന്തുവന്നാലും മിണ്ടാതിരിക്കുകയും കേസിന് പോകാതിരിക്കുകയും ചെയ്യാതിരിക്കണമെന്നാണ് ഈ വിധിയിൽനിന്ന് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നതുവരെ ഒരട്ടിമറിയും ഉണ്ടായിട്ടില്ല. അതിനുശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്നും അനുപമ അറിയിച്ചു.

നീതിക്ക് വേണ്ടി അപ്പീൽ പോകും, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു. തങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടുന്നത് വരെ മരിക്കേണ്ടിവന്നാലും പോരാടും. സഭയുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉൾപ്പെടെ ഉണ്ടായാലും ഭയമില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.

കോട്ടയം: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസമെന്ന് ലൂസി കളപ്പുര വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ലൂസി കളപ്പുരയുടെ പ്രചതികരണം.

കുറ്റം ചെയ്‌തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പുറപ്പെടുനവിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പ്രസ്താവനം നടത്തിയത്. അതേസമയം കേസിൽ അപ്പീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ഹരിശങ്കർ വ്യക്തമാക്കി. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി്.

ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്ന വിധിയല്ല ഇത്. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ല. കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്പി ഹരിശങ്കർ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്ന വിധിയല്ല ഇത്. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ല. കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹ ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം ഉണ്ട്. ഒരു ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി മാത്രം കേട്ട് ശിക്ഷിക്കാമെന്ന മാർഗനിർദ്ദേശം ഉണ്ടായിരിക്കെ ഇത്രയും തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടായിട്ടും പ്രതിയെ വെറുതെവിട്ട നടപടി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിയെ കുറ്റക്കാരനായി കോടതി വിധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി കോടതിയിൽ വന്ന് മൊഴി പറഞ്ഞ ആളുകൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവരെ സംബന്ധിച്ച് ഇനി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതുപോലെ നിശബ്ദരാക്കപ്പെട്ട പല ആളുകൾ കാണും. അത്തരത്തിലുള്ളവർ ഇനി മുന്നോട്ട് വരാൻ മടിക്കും. കുറ്റം ചെയ്തത് അധികാരശ്രേണിയിലുള്ള ആളാണെങ്കിൽ പോലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാൻ കോടതിക്ക് സാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ നല്ല രീതിയിൽ തെളിവുകളുള്ള കേസാണ് ഇത്. 2014 ൽ നടന്ന സംഭവം 2018 ൽ റിപ്പോർട്ട് ചെയ്തു എന്ന കാലതാമസം മാത്രമാണ് വന്നത്. പക്ഷേ കൃത്യമായ സാഹചര്യമുണ്ടെങ്കിൽ അത് കേസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പേടി, ആശങ്ക ഇതെല്ലാം മൊഴി നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഘടകമാണ്. ഇതിലെല്ലാം കൃത്യമായ തെളിവുകളുണ്ട്. മെഡിക്കൽ തെളിവുകൾ വരെ ഉള്ള സാഹര്യത്തിൽ ഇത്തരമൊരു വിധി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്തു. ബക്കിംങ്ഹാം കൊട്ടാരമാണ് ലൈംഗിക പീഡന ആരോപണം നേരിടുന്ന ആൻഡ്രൂവിന്റെ രാജകീയ പദവികളും സൈനിക പദവികളും നീക്കം ചെയ്തത്. എലിസബത്ത് രാജ്ഞിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ലൈംഗിക പീഡനക്കേസിൽ ആൻഡ്രൂ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് രാജകുടുംബം ആൻ്രൂവിന്റെ രാജകീയ പദവികൾ നീക്കം ചെയ്തത്. കൊട്ടാരത്തിന്റെ പേരിലുള്ള ഒരു പദവിയും ആൻഡ്രൂവിന് ഉണ്ടായിരിക്കില്ലെന്നും ഒരു സാധാരണ വ്യക്തിയെപ്പോലെ അദ്ദേഹം വിചാരണ നടപടികൾ നേരിടണമെന്നും രാജകുടുംബം അറിയിച്ച. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയും അറിവോടെയുമാണ് ആൻഡ്രൂവിൽ നിന്ന് രാജകീയ – സൈനിക പദവികൾ തിരിച്ചുവാങ്ങിയതെന്ന് ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി.

അതേസമയം ലൈംഗിക പീഡന ആരോപണം നിയമവിധേയമായി തന്നെ നേരിടുമെന്ന് ആൻഡ്രൂവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വെർജീയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനെതിരെ കോടതി വിധിയുണ്ടായത്. പതിനേഴാം വയസിലാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെർജീനയുടെ വെളിപ്പെടുത്തൽ. അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രിഎപ്‌സൈറ്റന്റെ നിർദേശത്തെ തുടർന്ന് രാജകുമാരനായി തന്നെ എത്തിച്ച് നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.

വിർജീനിയ നൽകിയ കേസിനെതിരെ ആൻഡ്രൂ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടായത്. വിർജീനിയയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: 100 വർഷത്തെ ഏറ്റവും വലിയ മഹാമാരിയുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനമാണ് നമ്മുടെ ഏക വഴിയെന്നും വിജയമാണ് നമ്മുടെ ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. നാം, ഇന്ത്യയിലെ 130 കോടി ജനങ്ങൾ, നമ്മുടെ പരിശ്രമത്തിലൂടെ കോവിഡിനെതിരെ തീർച്ചയായും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ വെർച്വൽ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഒമിക്രോണുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഇപ്പോൾ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുമ്പത്തെ വകഭേദങ്ങളെക്കാൾ പലമടങ്ങ് വേഗത്തിലാണ് ഒമിക്രോൺ പൊതുജനങ്ങളെ ബാധിക്കുന്നത്. നാം ജാഗ്രത പാലിക്കണം, സൂക്ഷിക്കണം. പക്ഷേ പരിഭ്രാന്തി ഉണ്ടാകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഉത്സവകാലത്ത് ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രത ഒരിടത്തും താഴില്ലെന്ന് കണ്ടറിയണം. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുൻകരുതലും ക്രിയാത്മകവും കൂട്ടായ സമീപനവും സ്വീകരിച്ച രീതി തന്നെയാണ് ഇത്തവണയും വിജയമന്ത്രം. കൊറോണ അണുബാധയെ നമുക്ക് എത്രത്തോളം പരിമിതപ്പെടുത്താൻ കഴിയുമോ അത്രയും പ്രശ്‌നങ്ങൾ കുറയുമെന്നും അദ്ദേഹം വിശദമാക്കി.

ഏത് വകഭേദമായാലും പകർച്ചവ്യാധിയെ നേരിടാനുള്ള തെളിയിക്കപ്പെട്ട മാർഗം വാക്‌സിനേഷൻ മാത്രമമാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾ ലോകമെമ്പാടും അവയുടെ മികവ് തെളിയിക്കുന്നുണ്ട്. പ്രായപൂർത്തിയായ ജനസംഖ്യയുടെ 92 ശതമാനം പേർക്കും ഇന്ന് ഇന്ത്യ ആദ്യ ഡോസ് നൽകിയിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. രണ്ടാമത്തെ ഡോസിന്റെ കവറേജും രാജ്യത്ത് 70 ശതമാനത്തിലെത്തിയതായി അദ്ദേഹം അറിയിച്ചു. 10 ദിവസത്തിനുള്ളിൽ ഇന്ത്യയും ഏകദേശം 30 ദശലക്ഷം കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകിയതായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. മുൻനിര പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും എത്രയും വേഗം മുൻകരുതൽ ഡോസ് നൽകപ്പെടുന്നുവോ അത്രയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ശേഷി വർദ്ധിക്കും. ‘100% വാക്‌സിനേഷനായി നാം ഹർഘർ ദസ്തക് പ്രചാരണ പരിപാടി ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്സിനുകളെക്കുറിച്ചോ മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ ഉള്ള തെറ്റായ വിവരങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറുച്ചും അദ്ദേഹം സംസാരിച്ചു.

ഏതൊരു തന്ത്രവും ആവിഷ്‌കരിക്കുമ്പോൾ, സാധാരണക്കാരുടെ ഉപജീവനത്തിന് ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ ഉണ്ടാകണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് എന്നിവ നിലനിർത്തണമെന്നും ഓർമ്മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ പ്രാദേശിക നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഹോം ഐസൊലേഷൻ സാഹചര്യങ്ങളിൽ പരമാവധി ചികിത്സ നൽകാനുള്ള സ്ഥാനത്തായിരിക്കണം നാം എന്നും. അതിനായി ഹോം ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ മെച്ചപ്പെടണമെന്നും അവ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചികിത്സയിൽ ടെലി മെഡിസിൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഏറെ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ നേരത്തെ നൽകിയ 23,000 കോടി രൂപയുടെ പാക്കേജ് ഉപയോഗിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. ഇതിന് കീഴിൽ രാജ്യത്തുടനീളമുള്ള 800-ലധികം പീഡിയാട്രിക് യൂണിറ്റുകൾ, 1.5 ലക്ഷം പുതിയ ഐസിയു, എച്ച്ഡിയു കിടക്കകൾ, അയ്യായിരത്തിലധികം പ്രത്യേക ആംബുലൻസുകൾ, 950 ലധികം ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ സംഭരണ ടാങ്ക് ശേഷി എന്നിവ ചേർത്തു. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡിനെ പരാജയപ്പെടുത്തുന്നതിന്, എല്ലാ വകഭേദങ്ങളേക്കാളും നമ്മുടെ സന്നദ്ധത നിലനിർത്തേണ്ടതുണ്ട്. ഒമിക്രോണിനെ നേരിടുന്നതിനൊപ്പം, ഭാവിയിലെ ഏത് വകഭേദത്തിനും ഇപ്പോൾ മുതൽ തയ്യാറെടുക്കാൻ തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.