അതിർത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി ചെറുക്കും; മുന്നറിയിപ്പ് നൽകി കരസേനാ മേധാവി

ന്യൂഡൽഹി: അതിർത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന് മുന്നറിയിപ്പ് നൽകി കരസേനാ മേധാവി എം എം നരവാനെ. അതിർത്തിയിൽ നിലവിലെ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റംവരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. അതിനെ മറ്റുവിധത്തിൽ ആരും തെറ്റുദ്ധരിക്കേണ്ടെതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ ഏതെങ്കിലും തരത്തിൽ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കും. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിൽ പരിഹരിക്കണം. അതിർത്തിയിലെ നീക്കങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ അക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവും സന്നദ്ധതയും ഇതിനോടകം പ്രകടമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയെയും പാകിസ്താനെയും ലക്ഷ്യം വെച്ചായിരുന്നു കരസേനാ മേധാവിയുടെ വാക്കുകൾ.