നടിയെ ആക്രമിച്ച കേസ്; ദിലീപിന് പീഡനദൃശ്യങ്ങൾ കൈമാറിയ വിഐപിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇതു സ്ഥിരീകരിക്കാനായി ശബ്ദ സാംപിൾ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രവാസി മലയാളിയായ ഇയാൾക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് സൂചന. ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണിത്. വിഐപിയുടെ ശബ്ദസാമ്പിളടക്കം ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടാകാനാണ് സാധ്യത. ഇതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതി അജ്ഞാതനായ വിഐപിയെ സംവിധാകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൾഫിൽ നിന്നും ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങൾ കാണാൻ ദിലീപ് ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

കേസിന്റെ അന്വേഷണത്തിൽ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കുമെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു.