ഗവർണറുമായി ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രി; സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുൻപാണ് മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ചത്. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ഗവർണറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്ന് അദ്ദേഹം ഗവർണറെ അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗവർണറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചത്. മുഖ്യമന്ത്രി ഫൺ വിളിച്ച് സംസാരിച്ചതിനോട് അനുകൂലമായാണ് ഗവർണർ പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തൽ. സർവ്വകലാശാല, ഡി ലീറ്റ് വിഷയങ്ങളിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലായിരുന്നു ഗവർണർ. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദ്ദേഹം വലിയ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.