കൊച്ചി: കൊച്ചിയിലെ വഞ്ചി സ്‌ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിനെതിരെ വിമർശനവുമായി കോടതി. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിനെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. കന്യാസ്ത്രീകൾ നീതിക്കായി സമരത്തിനിറങ്ങിയതിൽ തെറ്റില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യം മാത്രം ഉന്നയിച്ചുകൊണ്ട് സമരം ചെയ്തത് നല്ല ഉദ്ദേശത്തോടെയെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു.
ലൈംഗിക പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപനത്തിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു രണ്ടുമാസം കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതെയിരുന്നതിനെ തുടർന്നാണ് സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് കന്യാസ്ത്രീകൾ സമരം നടത്തിയത്.
സഹപ്രവർത്തകയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 13 ദിവസമാണ് തെരുവിൽ കന്യാസ്ത്രീകൾ സമരം നടത്തിയത്.

