പീഡന കേസ്; ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി

കൊച്ചി: പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി. അപ്പീൽ നൽകാൻ സേവ് സിസ്റ്റേഴ്‌സ് ഫോറം കന്യാസ്ത്രിക്ക് നിയമ സഹായം നൽകും. ഫാദർ അഗസ്റ്റ്യൻ വട്ടോളിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചതന്നെ പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.

കന്യാസ്ത്രീ തന്നെ നേരിട്ട് കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ കന്യാസ്ത്രീ വിചാരണക്കോടതിയിലും പ്രത്യേക അഭിഭാഷകനെ നിയോഗിച്ചിരുന്നു. തുടർന്നും നിയമ പോരാട്ടം നടത്താനാണ് കന്യാസ്ത്രീ തീരുമാനിച്ചത്.

അതേസമയം പ്രോസിക്യൂഷനും വിധിന്യായം ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ് ഇതിനുള്ള നിർദേശം നിൽകിയത്. കേസുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഇത് അംഗീകരിച്ച് കൊണ്ട് സർക്കാരിലേക്ക് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇതിൽ വിശദമായ വിധിന്യായം പരിശോധിച്ച് നിയമോപദേശം നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അപ്പീൽ നടപടികൾ.