കോഴിക്കോട്: ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് സർക്കാർ പുറത്തുവിടാൻ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി വ്യക്തമാക്കി. അതിനാൽ റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കേണ്ടതില്ലെന്നാണ് മുൻ സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയതെന്നും സതിദേവി അറിയിച്ചു. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി അംഗങ്ങളുമായി സതിദേവി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തിയ കാര്യങ്ങൾ പുറത്തു വിടണമെന്നതാണ് ഡബ്ല്യു.സി.സി. അംഗങ്ങൾ പ്രധാനമായും ഉന്നയിച്ച ആവശ്യം. ഏതൊരു തൊഴിൽ മേഖലയിലുമെന്നതു പോലെ സിനിമയിലും ആഭ്യന്തര പരാതി സെൽ ആവശ്യമാണ്. വേതനവ്യവസ്ഥയിലെ അന്തരവും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമാ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഉറപ്പു വരുത്താനും എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും അറുതി വരുത്താനും പരാതികൾ ബോധിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ഉറപ്പുവരുത്താനും പ്രൊഡക്ഷൻ കമ്പനികൾ മുന്നോട്ട് വരേണ്ടതായിട്ടുണ്ടെന്ന് സതിദേവി പറഞ്ഞു.
ഇത് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ഒരു റഗുലേറ്ററി സംവിധാനത്തിന്റെ അനിവാര്യതയാണ് വ്യക്തമാക്കപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് സർക്കാരിന് ഇതു സംബന്ധിച്ച നിർദേശങ്ങൾ കമ്മീഷൻ സമർപ്പിക്കുന്നതാണെന്നും സതിദേവി അറിയിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ പ്രതികരിച്ചു. അന്വേഷണ കമ്മീഷൻ അല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും ഇനി കാത്തിരിക്കാനാവില്ലെന്നും ഡബ്ല്യൂസിസി അംഗങ്ങൾ വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുൻപാകെ തനിക്ക് ഉണ്ടായ വ്യക്തിപരമായ പ്രശ്‌നങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടെന്ന് നടി പാർവ്വതി പറഞ്ഞു. നടിയെ പിന്തുണക്കുന്നു എന്ന് പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയാണ് സ്ത്രീകളുടെ കൂടെ നിൽക്കേണ്ടതെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

