ഒമിക്രോണിൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ല

തിരുവനന്തപുരം: ഒമിക്രോണിൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വരുന്നവർക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡൽറ്റ വകഭേദത്തിൽ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോൾ അത് ഉണ്ടാകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തിൽ സ്വയം എത്തരുതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരിൽ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് കോവിഡ് ചികിത്സക്കുള്ള മരുന്നിന്റെ ക്ഷാമമുണ്ടെന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു. തികച്ചും അടിസ്ഥാനരഹിതമായ വാർത്തകളാണിത്. മോണോക്ലോണൽ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത് നൽകുന്നത്. ഏത് ഘട്ടത്തിലാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കൽ ബോർഡ് ചേർന്നാണ്. വിലകൂടുതൽ ആയതിനാൽ തന്നെ വലിയ തോതിൽ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഒരുഘട്ടത്തിലും ലഭ്യതക്കുറവ് ഉണ്ടായിട്ടില്ലെന്നും റെംഡിസിവറും ആവശ്യത്തിനനുസരിച്ച് ലഭ്യമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയിൽ നിന്നും വന്ന 3 തമിഴ്നാട് സ്വദേശികൾക്കും ഒമിക്രോൺ ബാധിച്ചു. 33 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേർക്കും കോട്ടയത്ത് നിന്നുള്ള ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിൽ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്ന് മന്ത്രി വിശദമാക്കി.

കോഴിക്കോട് യുഎഇ 3, ഖത്തർ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്സാന, ഖത്തർ, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂർ യുഎഇ 3, യുഎസ്എ 1, തിരുവനന്തപുരം യുഎഇ 5, കുവൈറ്റ് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്ട്രേലിയ 1 എന്നിങ്ങനെ വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 528 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 10 പേരാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.