സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെ; ഡിപിആർ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

k rail

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്‌നസാധ്യതയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പരിസ്ഥിതി ആഘാത പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങളാണ് തീർത്തും അപകടകരമായുള്ളത്.

ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പരിസ്ഥിതി ആഘാത പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യതയേറെയാണ്. കാസർകോഡ് യാർഡിനും ഇത്തഹരത്തിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. കൊല്ലത്ത് അയത്തിൽ തോട് വഴിതിരിച്ചുവിടണമെന്നും നിർദ്ദേശമുണ്ട്. കാസർകോഡ് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോകുന്നു. തറനിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ ദൂരത്തിലെ പാത നിർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്‌നമില്ലെന്നുമാണ് പരിസ്ഥിതി ആഘാത പഠനം ചൂണ്ടിക്കാട്ടുന്നത്. സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡവലപ്‌മെൻറാണ് പാരിസ്ഥിതിക പഠനം നടത്തിയത്.