കെ റെയിൽ പദ്ധതി; ഡിപിആർ പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ട് സർക്കാർ. നിയമസഭയുടെ വെബ്‌സൈറ്റിലൂടെയാണ് സർക്കാർ കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്‌മെന്റ് നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഡിപിആറിലുണ്ട്. സ്റ്റേഷനുകളുടെ രൂപരേഖയെ കുറിച്ചും ഡിപിആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാഫിക് സർവേ, ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിച്ചു മാറ്റേണ്ട മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക ഡിപിആറിലുണ്ട്. സ്റ്റാൻഡേർഡ് ഗേഡ് സംവിധാനം രാജ്യാന്തര മാനദണ്ഡപ്രകാരം എന്ന് രേഖയിൽ വിശദീകരിക്കുന്നു. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണത്തെ കുറിച്ചും നഷ്ടമാകുന്ന സസ്യജാലത്തിന്റെ വിശദമായ വിവരങ്ങളെ കുറിച്ചും പറയുന്നുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങളും ഡിപിആറിലുണ്ട്. ഡിപിആർ പുറത്തുവിടാത്തത്തിൽ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന പരാതി ഉയർന്നിരുന്നു. അൻവർ സാദത്താണ് പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് ഡിപിആർ പുറത്തുവിട്ടത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ നെടുമ്ബാശ്ശേരി വിമാനത്താവളവുമായി റെയിൽവെപ്പാത ബന്ധിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഒരുക്കും. ട്രക്കുകൾ കൊണ്ടുപോകാൻ കൊങ്കൺ മാതൃകയിൽ റോ-റോ സർവീസ് ആരംഭിക്കുമെന്നും ഡിപിആറിൽ പറയുന്നു. 620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ഇത് വിശദമാക്കുന്നു. 203 പേജുള്ളതാണ് ട്രാഫിക് സർവേ. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സർവേയിൽ ഉൾപ്പെടുന്നു. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ട്രോപ്പോഫിക്കൽ സർവേ, സാമൂഹിക ആഘാത പഠനം തുടങ്ങിയവയും ഡിപിആറിൽ ഉൾപ്പെടുന്നു.