കോണ്‍ഗ്രസെന്നാല്‍ ഒരു വ്യക്തിയല്ല; മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിന്ദി മേഖലയില്‍ നിന്നു തന്നെ പ്രസിഡന്റ് വേണോ എന്ന ചോദ്യത്തിന്‌ ഹിന്ദിയില്‍ തന്നെ മറുപടി നല്‍കി ശശി തരൂര്‍ എംപി. അങ്ങനെ വേണമെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ വരട്ടെയെന്നു അദ്ദേഹം പറഞ്ഞു.

‘ഭാരതീയനാവുകയാണ് പ്രധാനം. മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസെന്നാല്‍ ഒരു വ്യക്തിയല്ല. ഒരു കുടുംബത്തില്‍നിന്ന് പ്രസിഡന്റ് വേണോ കുടുംബത്തിന്റെ പ്രതിനിധി വേണോ പുറത്തു നിന്നു ആളു വേണോ എന്നു മത്സരത്തിലൂടെ കണ്ടെത്തട്ടെ. പാര്‍ട്ടിയില്‍ മുന്‍പും മത്സരം നടന്നിട്ടുണ്ട്. ഞാന്‍ മാത്രമല്ല മറ്റു പലരും മത്സരത്തിനു തയാറെടുക്കുന്നുണ്ട്’- തരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ എതിരായി ജി 23 സംഘത്തിന്റെ പ്രതിനിധി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങള്‍ക്കിടയിലുണ്ട്. ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം.