Highlights (Page 93)

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഎം എംഎൽഎ യു പ്രതിഭ. രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് പ്രതിഭ പറഞ്ഞു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെയാണ് പ്രതിഭ ഗവർണറെ പ്രശംസിച്ച് രംഗത്തെത്തിയത്. ചെട്ടിക്കുളങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ നവതി ആഘോഷച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു എംഎൽഎയുടെ പരാമർശം. ഗവർണർ വേദിയിലിരിക്കെയായിരുന്നു എംഎൽഎയുടെ വാക്കുകൾ.

എല്ലാവരോടും സ്‌നേഹത്തോടെയാണ് ഗവർണർ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ട്. മലയാളം പഠിക്കാൻ ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും പ്രതിഭ അറിയിച്ചു.

അതേസമയം, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില മോശമാണെന്ന് ചടങ്ങിൽ പറഞ്ഞപ്പോൾ വേദിയിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി ഗവർണർ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മറ്റ് തിരക്കുകൾ മൂലം അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

ന്യൂഡല്‍ഹി: കമ്ബനിയുടെ നയം ഉപയോക്താക്കളെക്കൊണ്ട് അംഗീകരിപ്പിക്കുകയും, ശേഷം അവരുടെ നിര്‍ണായക വ്യക്തിവിവരങ്ങള്‍ മാതൃകമ്ബനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യുകയാണ് വാട്‌സ്ആപ്പെന്ന്‌ ഡല്‍ഹി ഹൈക്കോടതി കുറ്റപ്പെടുത്തി.

2021ലെ സ്വകാര്യത നയം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട കോംപെറ്റിഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ)യുടെ ഉത്തരവിനെതിരെ വാട്‌സ്ആപ്പും ഫേസ്ബുക്കും സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. നേരത്തേ ഹരജി തള്ളിക്കൊണ്ട് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് എടുത്ത തീരുമാനം യുക്തിസഹമാണെന്നും അതു ശരിവെക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് സി.സി.ഐ അന്വേഷണത്തിന് തീരുമാനിച്ചത്.

2002ലെ കോംപെറ്റിഷന്‍ ആക്ടിന്റെ പ്രത്യക്ഷ ലംഘനം ഉണ്ടായിട്ടുണ്ടെന്ന സി.സി.ഐയുടെ വിലയിരുത്തല്‍ ശരിയാണെന്നു പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, വാട്‌സ്ആപ്പില്‍ ഇത്ര വലിയ ഡേറ്റ കേന്ദ്രീകരിക്കുന്നത് മത്സരക്ഷമത സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.’ഫേസ്ബുക്കുമായി ഡേറ്റ പങ്കുവെക്കുന്നതില്‍നിന്ന് 30 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങാന്‍, 2016ലെ വാട്‌സ്ആപ്പിന്റെ സ്വകാര്യത നയത്തില്‍ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ പുതിയ നയം ഉപയോക്താവിനെ, ‘ഒന്നുകില്‍ എടുക്കൂ അല്ലെങ്കില്‍ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിലെത്തിച്ച് നയം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ശേഷം ഈ ഡേറ്റ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യും’-കോടതി വിവരിച്ചു. അതേസമയം, തങ്ങള്‍ വാടസ്ആപ്പില്‍നിന്ന് വ്യത്യസ്തമായി നിയമപരമായി മറ്റൊരു സ്ഥാപനമാണെന്നും അതുെകാണ്ട് ഇക്കാര്യത്തില്‍ സി.സി.ഐയുടെ അന്വേഷണ പരിധിയില്‍ വരേണ്ടതില്ലെന്നും ഫേസ്ബുക്ക് വാദിച്ചു.

എല്ലാവരേയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ‘പാര്‍ട്ടി ഓരോ ചുമതലകള്‍ നല്‍കുന്നു. ആദ്യം മന്ത്രിയുടെ ചുമതല നല്‍കി. അതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവണമെന്ന തീരുമാനം വരുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും’- അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെ ഇന്ന് ഉച്ചക്ക് മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ. വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി ജയരാജന്‍ അധ്യക്ഷനായി.

അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവര്‍ ഇന്ന് രാവിലെ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്താൻ ഗതാഗത മന്ത്രി ആന്റണി രാജു. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണാൻ ഗതാഗത മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡിയും അനുമതി തേടിയിട്ടുണ്ട്.

കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവ ബത്തയും സെപ്തംബർ ഒന്നിന് മുമ്പ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രിയും കെഎസ്ആർസി എംഡിയും കൂടിക്കാഴ്ച്ച നടത്തുന്നത്. യൂണിയൻ നേതാക്കളുമായും തിങ്കളാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

അതേസമയം, ശമ്പളവിതരണത്തിനായി 103 കോടി അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ സർക്കാർ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ന്യൂഡൽഹി: രാജ്യത്ത് ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയുടെ കീഴിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ മൂന്ന് മുതൽ നാല് വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും അതിനാൽ നടപടി ക്രമങ്ങൾ ലളിതമാക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. രാജ്യത്തെ കുട്ടികളുടെ ദത്തെടുക്കൽ പ്രക്രിയ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ടെംപിൾ ഓഫ് ഹീലിംഗ് എന്ന എൻജിഒക്ക് വേണ്ടി പിയൂഷ് സക്‌സേന സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ മൂന്നോ നാലോ വർഷത്തെ കാലയളവ് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോയെന്നും അതിനാൽ നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനോട് സുപ്രീം കോടതി പറഞ്ഞു. ഹർജിയിൽ മറുപടി നൽകാൻ സർക്കാർ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം നടരാജ് വ്യക്തമാക്കി. സക്‌സേനയും ശിശുവികസന മന്ത്രാലയത്തിന്റെ ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയുടെ സാധ്യതകൾ അന്വേഷിക്കാനും ദത്തെടുക്കൽ ലളിതമാക്കാൻ അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും നടരാജിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

പല കാരണങ്ങളാൽ ഇന്ത്യയിൽ ദത്തെടുക്കൽ കുറവാണെന്ന് ഹർജിയിൽ പറയുന്നു. രാജ്യത്ത് ഓരോ വർഷവും 4,000 കുട്ടികളെ ദത്തെടുക്കുന്നുണ്ടെന്നും എന്നാൽ രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികളുണ്ടെന്നും സക്‌സേന കോടതിയിൽ വിശദമാക്കി.

ന്യൂഡൽഹി: ലോകനേതാക്കളിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകനേതാക്കളുടെ ആഗോള റേറ്റിംഗിലാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനം നേടിയത്. മോർണിംഗ് കൺസൾട്ട് സർവ്വേ റിപ്പോർട്ട് പ്രകാരം 75 ശതമാനം പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മെക്‌സിക്കൻ പ്രസിഡന്റ് ആൻദ്രേസ് മാന്വൽ ലോപ്പസാണ് രണ്ടാംസ്ഥാനത്തുള്ളത്. അദ്ദേഹത്തിന് 63 ശതമാനം പിന്തുണ ലഭിച്ചു. ഇറ്റാലിയൻ പ്രസിഡന്റ് മരിയൊ ദാക്രി മൂന്നാം സ്ഥാനത്തുണ്ട്. 54 ശതമാനം പിന്തുണയാണ് അദ്ദേഹം നേടിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്.

കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ സർവ്വേയിൽ 39 ശതമാനം റേറ്റിംഗ് നേടി. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് 38 ശതമാനമാണ് റേറ്റിംഗ്. 22 ലോകനേതാക്കളെയാണ് റേറ്റിംഗിനായി തെരഞ്ഞെടുത്തത്.

നേരത്തെ, ലോകത്തെ ഏറ്റവും ശ്രദ്ധേയനായ നേതാക്കളെ കണ്ടെത്താനായി നടത്തിയ സർവ്വേയിലും മോദി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് പേവിഷബാധയ്ക്കുള്ള വാക്‌സിനെടുത്തിട്ടും മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പേവിഷബാധ നിയന്ത്രിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

‘തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിന്‍ എടുക്കുമെന്നും പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

പേ ബാധിച്ച നായയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ

പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍

നായയുടെ വായില്‍ നിന്നും നുരയും പതയും വരിക

അക്രമ സ്വഭാവം കാണിക്കുക

യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക

പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക

പിന്‍കാലുകള്‍ തളരുക

നടക്കുമ്പോള്‍ വീഴാന്‍ പോവുക

ചില നായ്ക്കള്‍ മിണ്ടാതെ ഒതുങ്ങിക്കൂടുന്നെങ്കിലും ശ്രദ്ധിക്കണം

പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ അറിയാം

തലവേദന

മുറിവിന് ചുറ്റും മരവിപ്പ്

പനി

തൊണ്ടവേദന

കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍

ക്ഷീണം

ഓക്കാനം

ഛര്‍ദ്ദി

ശബ്ദത്തിലുള്ള വ്യത്യാസം

ഉറക്കമില്ലായ്മ

കാറ്റ് വെളിച്ചം എന്നിവയോട് ഭയം

തിരുവനന്തപുരം: ഡെസ്റ്റിനേഷൻ ചലഞ്ച് രജിസ്‌ട്രേഷൻ ആഗസ്റ്റ് 30 വരെ നടത്താമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അറിയപ്പെടാത്ത നമ്മുടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സാധിക്കും. ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി, ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ആഗസ്റ്റ് 30നകം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നും പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഡെസ്റ്റിനേഷൻ ചലഞ്ച് രജിസ്‌ട്രേഷൻ ആഗസ്റ്റ് 30 വരെ

ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അറിയപ്പെടാത്ത നമ്മുടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സാധിക്കും.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി, ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്.

ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ആഗസ്റ്റ് 30നകം വിവരങ്ങൾ അപ്ലോഡ് ചെയ്യണം.

വിവിധ സംസ്ഥാനങ്ങളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ മാർഗങ്ങൾ നിർദേശിച്ച് കേന്ദ്ര സർക്കാർ. പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി.

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും.

ശരീരത്തിൽ തക്കാളി പോലുള്ള തടിപ്പ് പനി, ചൊറിച്ചിൽ, തൊണ്ട വേദന, സന്ധിവേദന, ക്ഷീണം, ശരീര വേദന തുടങ്ങിയവയാണ് തക്കാളിപ്പനിയുടെ രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക, രോഗത്തെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക, വ്യക്തി ശുചിത്വം പാലിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക, ആവശ്യത്തിന് വെള്ളവും പോഷകാഹാരവും കഴിക്കുന്നുവെന്ന് ഉറപ്പാക്കുക, ശരീരം വൃത്തിയാക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക, ശരീരത്തിലെ തടിപ്പുകൾ തൊട്ട് നോക്കാതിരിക്കുക, തൊട്ടയുടൻ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം.

കൊച്ചി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം സർക്കാർ സഹായമില്ലാതെ നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കെഎസ്ആർടിസി. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തിയെന്ന് കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂവെന്ന നിലപാടിലാണ് സർക്കാർ. കെഎസ്ആർടിസി മാനേജ്‌മെന്റാണ് ഇക്കാര്യം കോടതിയോട് വിശദമാക്കിയത്. കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.