കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ‘ബിജെപിയെ വെല്ലുവിളിക്കാന്‍ പര്യാപ്തമായ കോണ്‍ഗ്രസിനെയാണ് ഞങ്ങള്‍ക്ക് ആവശ്യം’ എന്ന തലക്കെട്ടില്‍ കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ ഇംഗ്ലീഷ് എഡിഷനില്‍ ശശി തരൂര്‍ ലേഖനം എഴുതിയിരുന്നു.

‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കും പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ഒട്ടേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തേക്ക് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് പൊതുജനതാത്പര്യത്തെ ഉത്തേജിപ്പിക്കും’- എന്നിങ്ങനെയായിരുന്നു ലേഖനത്തിലെ പരാമര്‍ശം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസമാണ് ജി-23 നേതാക്കളിലൊരാളായ ശശി തരൂര്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

.