രാഷ്ട്രീയ പാർട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ല; പി രാജീവ്

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ലെന്ന് മന്ത്രി പി രാജീവ്. 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനങ്ങളും സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏത് പാർട്ടിയുടേതായാലും അത് പാടില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാർ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ സംരംഭക സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും മുതൽമുടക്കാൻ എത്തുന്നവർക്ക് എതിർപ്പുകൾ കാരണം സംസ്ഥാനത്ത് നിന്നും ഓടിപ്പോകേണ്ട സാഹചര്യമാണെന്ന് തലശേരിയിലെ വ്യവസായികളായ ദമ്പതികളെ പരമാർശിച്ച് പ്രതിപക്ഷം വിമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എൻ.ഷംസീർ പറഞ്ഞിരുന്നെങ്കിലും മന്ത്രി പിന്തുണച്ചില്ല.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണങ്ങൾ പൂർണമായും ശരിയല്ല എന്നതു കൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടായതെന്ന് പി രാജീവ് അറിയിച്ചു. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തൊഴിലാളി യൂണിയനുകളുടെയും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.