കൊച്ചി മെട്രോ: പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള പാത പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്.എന്‍.ജംഗ്ഷന്‍ വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരത്തിലെ സര്‍വ്വീസ് നാളെ വൈകിട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കാളികളാവും.

അതേസമയം, പാതയില്‍ മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയിരുന്നു. ട്രെയിന്‍ ഓടിച്ചു നോക്കിയും അനുബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമാണ് സംഘം ചെയ്തത്. പുതിയതായി തുറക്കുന്ന വടക്കേക്കോട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, പ്ലാറ്റ് ഫോം സൗകര്യങ്ങള്‍,സിഗ്‌നലിംഗ്,സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം,അഗ്‌നി സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു.

453 കോടി രൂപ നിര്‍മാണചിലവ് വന്ന ഈ പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. വടക്കേക്കോട്ട,എസ്.എന്‍ ജംഗ്ഷന്‍ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും.