ഇന്ന് ഗണേശ ചതുർത്ഥി. ഹിന്ദുമത വിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ഗണേശ ചതുർത്ഥി. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥിയിലാണ് ഗണപതി ജനിച്ചത്. ഈ ദിവസം വലിയ പന്തലുകൾ സ്ഥാപിച്ച് അതിലാണ് ഗണപതി പൂജ നടത്തുന്നത്. ഇതിന് പുറമെ, 10 ദിവസം ഭക്തർ ഗണപതിയ്ക്ക് മധുരപലഹാരങ്ങളും നിവേദ്യങ്ങളും അർപ്പിക്കും. ചതുർത്ഥി തിഥിയിൽ തുടങ്ങി അനന്ത ചതുർദശിയിൽ അവസാനിക്കുന്ന ഉത്സവമാണ് ഗണേശ ചതുർത്ഥി. ഗണേശോത്സവം എന്നും അറിയപ്പെടുന്ന ഈ ഉത്സവം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കാറുണ്ട്.
ഗണപതിയെ സൃഷ്ടിച്ചത് പാർവതി ദേവിയാണെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ശിവ ഭഗവാന്റെ അഭാവത്തിൽ കുളിക്കുമ്പോൾ തന്റെ കാവലിനായി പാർവ്വതി ദേവി ചന്ദനം ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങൾ പറയുന്നത്. തുടർന്ന് പാർവ്വതി ദേവി കുളി കഴിഞ്ഞ് പോകുകയും ശിവൻ കുളിക്കാൻ എത്തുകയും ചെയ്തുവെന്നും. കുളിക്കാനെത്തിയ ശിവനെ ഗണപതി തടഞ്ഞെന്നുമാണ് പുരാണം. എന്നാൽ ഇത് ശിവനെ പ്രകോപിപ്പിക്കുകയും ഇരുവരും യുദ്ധത്തിൽ ഏർപ്പെടുകയും അതിന്റെ ഫലമായി ശിവൻ ഗണപതിയുടെ തല വെട്ടിയെടുക്കുകയും ചെയ്തുവെന്നും പുരാണങ്ങളിൽ പറയുന്നുണ്ട്. തുടർന്ന് പാർവ്വതി ദേവി കോപാകുലയായി കാളിയായി രൂപം മാറുകയും പ്രപഞ്ചം മുഴുവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരിഭ്രാന്തരായി മറ്റ് ദേവന്മാർ ശിവനോട് ഇതിനൊരു പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ശിവൻ ഒരു ആനയുടെ തല കുട്ടിയുടെ ശരീരത്തിൽ ചേർത്തു വച്ച് ഗണേശന് പുനർജന്മം നൽകി. ഇത് കണ്ട പാർവതി ദേവി കോപം അടക്കി തന്റെ യഥാർത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണ് എല്ലാ വർഷവും ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്.

