തിരുവനന്തപുരം: ഓണാഘോഷത്തിന് മാറ്റുകൂട്ടി സെപ്തംബർ അഞ്ചിന് തിരുവനന്തപുരത്ത് പുലികളി സംഘമെത്തുന്നു. തൃശൂരിൽ നിന്നുള്ള പുലികളി സംഘമാണ് തിരുവനന്തപുരം നഗരവീഥികളിലെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളി നടത്തുന്നത്.
തിങ്കളാഴ്ച്ച രാവിലെ 10 ന് കനകക്കുന്നിൽ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ കളിക്കിറങ്ങും. ചതയ ദിനത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന സംഘവും പുലികൾക്കൊപ്പമുണ്ടാകും. പരമ്പരാഗത രീതിയിൽ ഓണക്കാലത്ത് തൃശൂരിൽ കളിക്കിറങ്ങുന്ന ‘സൂപ്പർ സ്റ്റാർ’ പദവിയുള്ള പുലികളാണ് തിരുവനന്തപുരത്തെത്തുന്നത്.

