സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 652 ലഹരിക്കേസുകളെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് 652 ലഹരിക്കേസുകളാണ് കഴിഞ്ഞ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്. എറണാകുളത്തും, തൃശൂരുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരില്‍ നിന്നായി പിടിച്ചെടുത്തത്. ഈ നാല് ദിവസത്തിനിടയില്‍ ഒന്നര കിലോ എംഡിഎംഎയും പിടിച്ചെടുത്തു.

അതേസമയം, കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നത് വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പിടിച്ചവയില്‍ ബ്രൗണ്‍ഷുഗറും,ഹെറോയിനും, എല്‍എസ്ഡി സ്റ്റാമ്പും ഉള്‍പ്പെടും. അനധികൃതമായി കടത്താന്‍ ശ്രമിച്ച 490 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. 2886 അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.