നമീബിയയില് നിന്നും പറന്നിറങ്ങി 8 ചീറ്റകള്; കുനോ ദേശീയോധ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിട്ടു.
ന്യൂഡല്ഹി: നമീബിയയില് നിന്നും ഇന്നലെ പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാര് വിമാനത്താവളത്തിലെത്തി. മധ്യപ്രദേശിലെ കുനോ നാഷണല് പാര്ക്കിലേക്ക് കൊണ്ടുവരുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നു വിട്ടത്. 70 വര്ഷത്തിന് ശേഷമാണ് ചീറ്റപുലികള് ഇന്ത്യയിലെത്തുന്നത്.
ടെറ ഏവിയ എന്ന മൊള്ഡോവന് എയര്ലൈന്സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് അഞ്ച് പെണ് ചീറ്റപ്പുലികളും മൂന്ന് ആണ് ചീറ്റപ്പുലികളം ഗ്വാളിയോര് എയര്പ്പോര്ട്ടില് വിമാനമിറങ്ങിയത്. അവിടെ നിന്ന് ഇവയെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററകളില് കൂനോ നാഷണല് പാര്ക്കിലേക്ക് എത്തിക്കും. ക്വാറന്റീന് ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തില് കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുല്മേടുകളിലേക്ക് വിടുക. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തില് കൊണ്ടുവന്നത്. തുടര്ന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തില് ഘടിപ്പിച്ചിട്ടുണ്ട്.
ചീറ്റകള്ക്കായി 600ഹെക്ടര് പ്രദേശമാണ് പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണല് പാര്ക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനുള്ള സര്ക്കാര് പദ്ധതിയുടെ തുടക്കമാണ് കൂനൂവിലേക്കുള്ള വരവ്. ദക്ഷിണാഫ്രിക്കയില് നിന്നും നമീബിയയില് നിന്നുമാണ് ചീറ്റകളെ എത്തിക്കുന്നത്. രണ്ട് വയസ് മുതല് ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കന് പുല്മേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.










