തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനങ്ങൾക്കുള്ള അരി വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രതീരുമാനത്തിനെതിരെയാണ് ജി ആർ അനിൽ വിമർശനം ഉന്നയിച്ചത്. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് ആവശ്യമായ അരി നൽകുന്ന നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നൽകുന്ന അരിയുടെ അളവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചിരുന്നു. എന്നാൽ, കേരളത്തിന് കൂടുതൽ അരി അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളുമായി ആലോചിച്ച് വേണം കേന്ദ്രസർക്കാർ തീരുമാനങ്ങളെടുക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വരും ദിവസങ്ങളിൽ അരി വിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്.

