ഇന്ത്യയെ ഗവേഷണത്തിന്റേയും നവീകരണത്തിന്റേയും ആഗോള കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പരിണാമത്തിന്റെയും പരിഹാരത്തിന്റെയും നവീകരണത്തിന്റെയും അടിസ്ഥാനം ശാസ്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

’21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സര്‍വതോന്മുഖ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതില്‍ ശാസ്ത്രം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളെ നാം ആഘോഷിക്കണം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അത്ഭുതങ്ങളാണ് കാണിക്കുന്നത്. അവര്‍ നമുക്ക് എല്ലായ്‌പ്പോഴും അഭിമാനിക്കാന്‍ അവസരം നല്‍കുന്നു. ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും നേട്ടങ്ങളെ നാം ആഘോഷിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുകയും ശാസ്ത്രം സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാകുകയും ചെയ്യും. ഇന്ത്യയെ ഗവേഷണത്തിന്റേയും നവീകരണത്തിന്റേയും ആഗോള കേന്ദ്രമാക്കി മാറ്റാന്‍ നാം ശ്രമിക്കണം. ആവശ്യമെങ്കില്‍ അതിനായി സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കണം. ശാസ്ത്രാധിഷ്ഠിത വികസനം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ചുവടുവെയ്പായിരിക്കും അത്. 2014 മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ഇന്ത്യയുടെ ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ് 46 ആയി ഉയര്‍ന്നു. 2015-ല്‍ 81 ആയിരുന്നു റാങ്ക്. ഇന്ന്, ഇന്ത്യ നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നല്‍കുന്നതിലേക്ക് നീങ്ങുമ്പോള്‍, ശാസ്ത്രമേഖലയിലെ ഇന്ത്യയുടെ സംഭാവനകള്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട പങ്കുണ്ട്.’