കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. 1957.05 കോടിയാണ് രണ്ടാം ഘട്ടത്തിന്റെ ചെലവ്. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നടന്നിരുന്നു. സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും അന്ന് നടന്നിരുന്നു.
കൊച്ചി മെട്രോയ്ക്ക് 22 സ്റ്റേഷനുകളാണ് നിലവിൽ ഉള്ളത്. എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമ്മാണമാണ് ഇനി നടക്കാനുള്ളത്.

