മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പം; ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ സാമൂഹ്യക്രമം സാധിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കും അതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.