എലിസബത്ത് രാജ്ഞി അന്തരിച്ചു; ദു:ഖത്തിൽ മുങ്ങി ബ്രിട്ടൺ

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്ഞിയ്ക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു എലിസബത്ത് രാജ്ഞി. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ എലിസബത്ത് രാജ്ഞി കഴിഞ്ഞിരുന്നത്.

1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ രാജ്ഞി ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും എലിസബത്ത് രാജ്ഞിയോടൊപ്പം ബാൽമോർ കൊട്ടാരത്തിലുണ്ടായിരുന്നു.