Highlights (Page 80)

കൊച്ചി: എച്ച്‌ഐവി ബാധിതർക്ക് പെൻഷൻ നൽകാൻ 11,05,95,000 രൂപ അനുവദിച്ചതായി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിൽ വളരെയധികം യാതനയും ഒറ്റപ്പെടലും അനുഭവിക്കുന്ന എച്ച് ഐ വി രോഗികൾക്ക് മാസം 1000 രൂപയാണ് പെൻഷനായി സർക്കാർ നൽകുന്നത്. ഈ തുക കൃത്യമായി വിതരണം ചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നൽകിയിരിക്കുന്ന ഉത്തരവ്.

എച്ച്‌ഐവി ബാധിതർക്ക് പെൻഷൻ നൽകാൻ 21,57,42,000 രൂപ ആവശ്യമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 2020 ജൂൺ മുതൽ 2021 ജൂൺ വരെ പെൻഷൻ നൽകാൻ 11,05,95,000 രൂപ അനുവദിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ സെന്ററുകളിൽ 2021 മേയ് വരെയുള്ള കുടിശിക നൽകി. 2021 ഏപ്രിൽ വരെ ധനസഹായത്തിനായി ലഭിച്ച 4570 അപേക്ഷകൾക്ക് 2021 മേയ് വരെ ധനസഹായ കുടിശിക അനുവദിച്ചിരുന്നു. ഇവർക്ക് 2023 മാർച്ച് വരെ ധനസഹായം അനുവദിക്കുന്നതിന് 18,46,66,000 രൂപയും 2021 ജൂൺ മുതൽ 2022 ഫെബ്രുവരി വരെ ലഭിച്ച 758 പുതിയ അപേക്ഷകർക്ക് 2023 മാർച്ച് വരെ ധനസഹായം നൽകുന്നതിന് 1,66,76,000 രൂപയും ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എച്ച് ഐ വി ബാധിതർക്ക് കഴിഞ്ഞ 6 മാസമായി പെൻഷൻ നൽകുന്നില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്നാണ് ആരോഗ്യ സെക്രട്ടറിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയത്. 2022 മാർച്ച് മുതൽ 2023 ഫെബ്രുവരി വരെ ലഭിക്കാൻ സാധ്യതയുള്ള 1200 അപേക്ഷകർക്ക് 2023 മാർച്ച് വരെ ധനസഹായം അനുവദിക്കാൻ 1,44,00,000 രൂപ ആവശ്യമാണ്. ആകെ ആവശ്യമുള്ള 21,57,42,000 രൂപയിൽ നിന്നുമാണ് 11, 05,95,000 രൂപ അനുവദിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വഡോദര: ടാറ്റ-എയര്‍ബസിന്റെ ഉടമസ്ഥതയിലുള്ള സി295 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റിന് ഗുജറാത്തിലെ വഡോദരയില്‍ തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ സൈനിക ഗതാഗത വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടു.

‘ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടിയാണ് ടാറ്റയുടെ ഈ പ്ലാന്റില്‍ സി-295 വിമാനം നിര്‍മ്മിക്കുന്നത്. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുക. ബാക്കി കയറ്റുമതി ചെയ്യും. പുരോഗതിയുടെ ഒരു പ്രധാന വശം ചിന്താഗതിയുടെ മാറ്റമാണ്. സര്‍ക്കാരിന് മാത്രമേ എല്ലാം അറിയൂ എന്നും എല്ലാം തങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നുമുള്ള ചിന്താഗതിയില്‍ വളരെക്കാലമായി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ചിന്താഗതി രാജ്യത്തെ പ്രതിഭകളെ അടിച്ചമര്‍ത്തി, സ്വകാര്യമേഖലയെ വളരാന്‍ അനുവദിച്ചില്ല. പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഏതാനും സബ്സിഡികള്‍ നല്‍കി ഉല്‍പ്പാദന മേഖലയെ സജീവമാക്കി നിര്‍ത്താനാണ് മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചത്. ഈ ചിന്ത ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയിലെ നഷ്ടത്തിലേക്ക് നയിച്ചു. അസംസ്‌കൃത വസ്തുക്കള്‍, വൈദ്യുതി/ജലവിതരണം എന്നിവയുടെ ആവശ്യകതയില്‍ ഉറപ്പാക്കുന്നതിന് ഉറച്ച നയമോ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍, പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്. പുതിയ തൊഴില്‍ സംസ്‌കാരത്തിലും പ്രവര്‍ത്തിക്കുകയാണ്. പഴയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യയുടെ നയം സുസ്ഥിരവും പ്രവചനാതീതവും ഭാവിയുക്തവുമാണ്’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കി ആദരിച്ചു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിച്ച സ്റ്റേഷന്‍ വികസന പദ്ധതികള്‍ വൈകിയാണെങ്കിലും നിറവേറ്റാന്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനു കഴിയുന്നുണ്ട്. 2023 ഓഗസ്റ്റ് 15ന് മുന്‍പായി 75 വന്ദേഭാരത് ട്രെയിനുകള്‍ ഇറക്കുമെന്ന പ്രഖ്യാപനം നടപ്പായാല്‍ അത് ചരിത്ര നേട്ടമാകും. സ്റ്റേഷന്‍ നവീകരണം, ആധുനിക ട്രെയിനുകള്‍, ആധുനിക സിഗ്‌നലിങ് സംവിധാനം എന്നീ മൂന്നു ഘടകങ്ങള്‍ക്കാണു അശ്വിനി വൈഷ്ണവ് മുന്‍ഗണന നല്‍കുന്നത്.

വന്ദേഭാരതിനെ കുറിച്ച് കൂടുതല്‍ അറിയാം…

2019ലാണ് ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. പിന്നീട് 4 വന്ദേഭാരത് ട്രെയിനുകള്‍ കൂടി റെയില്‍വേ പുറത്തിറക്കി. ന്യൂഡല്‍ഹി-വൈഷ്‌ണോദേവി കത്ര, ന്യൂഡല്‍ഹി-വാരാണസി, മുംബൈഅഹമ്മദാബാദ്, ന്യൂഡല്‍ഹി-അംബ് അന്ദൗര എന്നീ റൂട്ടുകളിലാണു വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസിലുള്ളത്.

രാജ്യത്ത് നിലവില്‍ 34 സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ കേരളത്തില്‍ നിന്ന് എറണാകുളം ജംക്ഷന്‍, എറണാകുളം ടൗണ്‍, കൊല്ലം എന്നിവയാണുള്ളത്. ചെങ്ങന്നൂര്‍, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വര്‍ക്കല, ഷൊര്‍ണൂര്‍ എന്നിവയുടെ കരാര്‍ നടപടികളും വൈകാതെ തുടങ്ങും. സ്റ്റേഷന്റെ ഇരുവശത്തേയും കവാടങ്ങള്‍ക്ക് ഒരു പോലെ പ്രാധാന്യം ലഭിക്കുന്ന വിധമുള്ള ഡിസൈനുകളാണു സ്റ്റേഷനുകള്‍ക്ക് ലഭിക്കുക. ട്രാക്കുകള്‍ക്കു മുകളിലായി കോണ്‍കോഴ്‌സ് ഏരിയ, ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ ഷോപ്പിങ് ഏരിയകള്‍, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്റഗ്രേഷന്റെ ഭാഗമായി സ്റ്റേഷനോടൊപ്പം ബസ് ടെര്‍മിനലുകള്‍ എന്നിവയാണു വരിക. ട്രാക്കുകള്‍ക്കു മുകളില്‍ വരുന്ന കോണ്‍കോഴ്‌സ് ഏരിയയില്‍നിന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക് ഇറങ്ങാന്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സൗകര്യം എന്നിവയുണ്ടാകും. മള്‍ട്ടിലെവല്‍ പാര്‍ക്കിങ്, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഹോട്ടലുകള്‍ എന്നിവയാണു സ്റ്റേഷനു മുകളിലേക്കുള്ള നിലകളില്‍ ഉണ്ടാകുക.

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ നവംബര്‍ 10 മുതല്‍ ചെന്നൈയ്ക്കും മൈസൂരുനിമിടയില്‍ സര്‍വീസ് ആരംഭിക്കും. 100 കിലോമീറ്റര്‍ വേഗം 52 സെക്കന്‍ഡ് കൊണ്ടു കൈവരിക്കാന്‍ പുതിയ ട്രെയിനുകള്‍ക്കു കഴിയും. എസി ചെയര്‍ കോച്ചുകള്‍, ഓട്ടമാറ്റിക് ഡോറുകള്‍, ട്രെയിനിന്റെ ഇരുവശത്തും ലോക്കോ കാബുകളുള്ളതിനാല്‍ എന്‍ജിന്‍ ദിശമാറ്റം വേണ്ട തുടങ്ങി ഒട്ടേറെ മെച്ചങ്ങള്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കുണ്ട്. പ്രതിമാസം 4 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനാണു ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ശ്രമിക്കുന്നത്. ഐസിഎഫിന് പുറമെ യുപിയിലെ റായ് ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി (എംസിഎഫ്), പഞ്ചാബിലെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറി (ആര്‍സിഎഫ്), ലത്തൂരിലെ മറാത്ത്വാഡ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ചെന്നൈ ഐസിഎഫിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണു എംസിഎഫിലും ആര്‍എസ്എഫിലും വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുക. എല്ലാ കോച്ചിലും റൊട്ടേറ്റിങ് പുഷ് ബാക്ക് ചെയറുകള്‍, സിസിടിവി ക്യാമറകള്‍, ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം, ബയോവാക്വം ശുചിമുറികള്‍ എന്നിവയും പുതിയ വന്ദേഭാരത് ട്രെയിനുകളിലുണ്ട്. സ്ലീപ്പര്‍ ട്രെയിനുകളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ജനറല്‍ കോച്ചുകളിലും സ്ലീപ്പര്‍ കോച്ചുകളിലും സ്ലീപ്പര്‍ കോച്ചുകള്‍ക്കു പകരം തേഡ് എസി ഇക്കോണമി കോച്ചുകളായിരിക്കും ദീര്‍ഘദൂര ട്രെയിനുകളിലുണ്ടാകുക. ഭാവിയില്‍ പൂര്‍ണമായും എസി ട്രെയിനുകളായിരിക്കും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെയാണ്. 2023 ജനുവരിയില്‍ കേരളത്തിനും വന്ദേഭാരത് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2 ട്രെയിനുകളാണു കേരളത്തിനു ലഭിക്കുക. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍, എറണാകുളം-ബംഗളൂരു റൂട്ടുകളാണു കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കു പരിഗണിക്കുന്നത്. പരമ്പരാഗത ട്രെയിനുകളേക്കാള്‍ വളരെ പെട്ടെന്നു വേഗം കൈവരിക്കാന്‍ കഴിയുമെന്നതാണു വന്ദേഭാരതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

തിരുവനന്തപുരം: നാളെയോടെ കേരളത്തില്‍ തുലാവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യന്‍ തീരത്ത് ഇന്ന് തുലാവര്‍ഷമെത്തുമെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ തമിഴ്നാട്ടിലാണ് ആദ്യം മഴ ലഭിക്കുക.

അതേസമയം, സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ അഞ്ച് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കാനും കാരണം ആയേക്കാം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്‌ട്രോക്ക് യൂണിറ്റുകൾ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവർത്തിച്ചു വരുന്നു. ഈ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര സ്‌ട്രോക്ക് സെന്റർ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കൽ കോളേജുകൾ കൂടാതെ സ്‌ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്.

സ്‌ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജൻ ആക്റ്റിവേറ്റർ (TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിർണയ പദ്ധതിയുടെ ഭാഗമായി കെഎംഎസ്സിഎൽ വഴി സംഭരിച്ച് വിതരണം ചെയ്ത് വരുന്നു. സ്‌ട്രോക്ക് യൂണിറ്റിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും സ്റ്റ്ഫ് നേഴ്‌സുമാർക്കും ഫിസിയോ തെറാപ്പിസ്റ്റുമാർക്കും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പക്ഷാഘാത വിഭാഗവുമായി ചേർന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികൾക്ക് വിജയകരമായി സ്‌ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നൽകിയിട്ടുണ്ട്.

ഒക്ടോബർ 29 നാണ് അന്താരാഷ്ട്ര സ്‌ട്രോക്ക് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ‘നിമിഷങ്ങൾക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങൾ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ പക്ഷാഘാതദിന സന്ദേശം.

സ്‌ട്രോക്കിന് സമയം വിലപ്പെട്ടത്

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും. അതിനാൽ സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാന്‍ സഹായിക്കുന്നതും, സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നതുമായ ഫീച്ചറുമായി ഗൂഗിള്‍. ഫാമിലി ലിങ്ക് ആപ്പില്‍ ഈ അപ്‌ഡേഷന്‍ ഉടന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ അപ്‌ഡേറ്റില്‍ പ്രത്യേക ഹൈലൈറ്റ് വിഭാഗം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ, കുട്ടികളുടെ മൊബൈല്‍ ഉപയോഗം, സ്‌ക്രീന്‍ സമയം, അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ സ്‌നാപ്‌ഷോട്ട് ചെയ്ത് കാണാന്‍ സാധിക്കും. കുട്ടികളുടെ മൊബൈല്‍ ഉപയോഗം എങ്ങനെയെന്ന് മനസിലാക്കാന്‍ ഹൈലൈറ്റ് വിഭാഗം പരിശോധിച്ചാല്‍ മതിയാകും.

ആപ്പില്‍ പ്രത്യേക ലൊക്കേഷന്‍ ടാബ് ഉള്‍പ്പെടുത്തിയതിനാല്‍, കുട്ടികളുടെയും അവരുടെ ഉപകരണ ലൊക്കേഷനുകളെയും ഒരു മാപ്പില്‍ കാണാന്‍ സാധിക്കും. ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍, കുട്ടികള്‍ മൊബൈല്‍ ഫോണ്‍ വഴി വഴിതെറ്റുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്.

കൊച്ചി: കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന മറുനാട്ടുകാരുടെ ഇടയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഇവര്‍ ഏര്‍പ്പെടുമ്പോഴാണ് ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ വ്യാജമാണെന്ന് പോലീസിനും മനസിലാവുന്നത്.

ഇന്ത്യക്കാരെന്ന വ്യാജേന വിദേശത്തേക്ക് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി വഴി കയറ്റിവിടാന്‍ ശ്രമിച്ച സംഘങ്ങള്‍ അടുത്തിടെ പോലീസിന്റെ വലയിലായിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ആവശ്യക്കാര്‍ തരപ്പെടുത്തുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്നവര്‍ ബംഗാള്‍ സ്വദേശിയെന്ന തിരിച്ചറിയല്‍ രേഖകളാണ് സമ്പാദിക്കുന്നത്. അവര്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഇന്ത്യക്കാരെന്ന വ്യാജേന ജോലിക്കെത്തും. എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍, കൊച്ചി, ആലുവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്നത്. ഇവര്‍ വീടോ ചെറിയ മുറികളോ വാടകയ്ക്ക് എടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാറില്ല. കൊച്ചിയില്‍ കഴിഞ്ഞ ദിവസം മറുനാട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരഞ്ഞു പോകുമ്പോഴാണ് ഇയാള്‍ നല്‍കിയ പേരും തിരിച്ചറിയല്‍ രേഖയുമെല്ലാം വ്യാജമാണെന്ന് പോലീസിന് മനസ്സിലാകുന്നത്.

അതേസമയം, ബംഗാള്‍, ആന്ധ്ര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ നിര്‍മിച്ചു കൊടുക്കുന്ന സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

ന്യൂഡൽഹി: അടുത്ത വർഷം ഫെബ്രുവരിയോടെ ലോകത്തൊട്ടാകെ കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി ഗവേഷകർ. ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഫെബ്രുവരിയോടെ 18.7 ദശലക്ഷമായി ഉയരുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വാഷിംഗ്ടൺ സർവ്വകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കോവിഡ് മരണ നിരക്കിലും വർദ്ധനവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കോവിഡ് വ്യാപനം ഡിസംബറോട് കൂടി തന്നെ ആരംഭിച്ചേക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. തണുത്ത കാലാവസ്ഥയിൽ രോഗവ്യാപനം രൂക്ഷമാകും. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം വരെ ഉയർന്നേക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി അവസാനത്തോടെ രോഗവ്യാപനം കുറയും.

അതേസമയം, ജർമ്മനിയിൽ അടുത്തിടെ കൊറോണ തരംഗത്തിന് കാരണമായത് ബി.ക്യു.1, ബി.ക്യു.1.1 വകഭേദങ്ങൾ കാരണമാണ്. വരും ദിവസങ്ങളിൽ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ വൈറസ് വകഭേദങ്ങൾ വ്യാപിക്കുമെന്ന് ഗവേഷകർ അറിയിച്ചു.

കൊല്ലം: അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ ചെയര്‍ ആയി മാതാ അമൃതാനന്ദമയിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 സെപ്റ്റംബര്‍ 9 മുതല്‍ 10 വരെയാണ് ഉച്ചകോടി.

ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഒരു വര്‍ഷമാണ് ഇന്ത്യ ജി 20 യുടെ നേതൃത്വം വഹിക്കുക. 200 ല്‍ അധികം സര്‍ക്കാര്‍തല ഉന്നതയോഗങ്ങള്‍ക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും. ശ്രീ എം, സുധ മൂര്‍ത്തി എന്നിരെയും രാംഭൗ മല്‍ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

.അതേസമയം, സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയര്‍ന്ന പ്രാതിനിധ്യം നല്‍കിയതിന് സര്‍ക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായി അമൃതാനന്ദമയി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ൽ 12 യൂണിവേഴ്‌സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർമാർക്ക് മാന്യമായി പുറത്തു പോകാനുളള അവസരം ഒരുക്കാനാണ് രാജി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാങ്കേതിക സർവ്വകലാശാല വി സി നിയമനം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്. വൈസ് ചാൻസിലർമാരുടെ നിയമനം അസാധുവാണെന്നത് തന്റെ കണ്ടെത്തലല്ല. യുജിസി ചട്ടങ്ങൾ പാലിക്കാത്ത എല്ലാ വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് ഗവർണർ എന്നാണ് സർക്കാരിന്റെ ധാരണ. എന്നാൽ, താൻ റബ്ബർ സ്റ്റാമ്പല്ല. നിയമോപദേശ പ്രകാരമാണ് വൈസ് ചാൻസിലർമാർക്ക് ഷോകോസ് നോട്ടീസ് നൽകിയത്. രാജ്യത്തെ നിയമത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.