തിരുവനന്തപുരം: സംസ്ഥാനത്തെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർമാർക്ക് മാന്യമായി പുറത്തു പോകാനുളള അവസരം ഒരുക്കാനാണ് രാജി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാങ്കേതിക സർവ്വകലാശാല വി സി നിയമനം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്. വൈസ് ചാൻസിലർമാരുടെ നിയമനം അസാധുവാണെന്നത് തന്റെ കണ്ടെത്തലല്ല. യുജിസി ചട്ടങ്ങൾ പാലിക്കാത്ത എല്ലാ വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് ഗവർണർ എന്നാണ് സർക്കാരിന്റെ ധാരണ. എന്നാൽ, താൻ റബ്ബർ സ്റ്റാമ്പല്ല. നിയമോപദേശ പ്രകാരമാണ് വൈസ് ചാൻസിലർമാർക്ക് ഷോകോസ് നോട്ടീസ് നൽകിയത്. രാജ്യത്തെ നിയമത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

