Highlights (Page 79)

തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള നടപടികളുമായി സിപിഎം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് സാധ്യത.

സർവ്വകലാശാല വിഷയത്തിൽ ഗവർണറും സംസ്ഥാന സർക്കാരുമായുള്ള പോര് കനക്കുന്നതിനിടെയാണ് സിപിഎം ഇത്തരത്തിലൊരു നിർണായക നീക്കം നടത്തുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കേണ്ടത് അനിവാര്യമായ ഒന്നാണെന്ന് സിപിഎം വിലയിരുത്തുന്നു. ഗവർണർ ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും പാർട്ടി തീരുമാനിച്ചു.

അതേസമയം, ഗവർണർക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. 46.9 ലക്ഷം രൂപയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിന് സംസ്ഥാന സർക്കാർ ചെലവാക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഗവർണർക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനിൽ നിന്നാണ് ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സർക്കാർ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സർക്കാർ നൽകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. നരിമാന്റെ ജൂനിയർ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീർ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നൽകും.

മൂന്ന് ലക്ഷം രൂപയാണ് നരിമാന്റെ ക്ലർക്ക് വിനോദ് കെ ആനന്ദിന് നൽകുക. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ ഉപദേശം എഴുതി നൽകുന്നതിനാണ് ഫീസ് കൈമാറുന്നതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് 163 ഉച്ചഭക്ഷണ ഓഫീസര്‍മാരുടെയും 14 ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകള്‍

‘എല്ലാ സ്‌കൂളിലും നവംബര്‍ 30-നകം പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കണം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അയണ്‍ഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കണം. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂളുകളിലേയും ഭക്ഷണ സാമ്ബിളുകള്‍ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലബോറട്ടറികളില്‍ മൈക്രോ ബയോളജിക്കല്‍-കെമിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. കേരള വാട്ടര്‍ അതോറിറ്റിയുടെ ലബോറട്ടറികളില്‍ കുടിവെള്ളം പരിശോധിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബല്‍ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 100 ഗ്രാം കപ്പലണ്ടി മിഠായി നല്‍കുന്ന പദ്ധതി ഈ അദ്ധ്യയന വര്‍ഷം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര ധനസഹായം തേടും. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പാചകതൊഴിലാളികള്‍ക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നല്‍കും.’

തിരുവനന്തപുരം: കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും ഐ.ഒ.സി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രനുമാണ് ധാരാണാപത്രത്തിൽ ഒപ്പുവച്ചത്.

പൊതുവിതരണരംഗത്തെ റേഷൻകടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്റ്റോർ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.

തിരുവനന്തപുരം: ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ് നിർമ്മിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീർത്ഥാടകർക്ക് വൈദ്യസഹായം, കുടിവെള്ളം, മറ്റ് സഹായക കേന്ദ്രങ്ങൾ, കാനനപാതയിൽ പ്രത്യേകം സൂക്ഷിക്കേണ്ട സ്ഥലങ്ങൾ, വന്യമൃഗങ്ങൾ കാണപ്പെടാവുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാവും ആപ്പ്. തീർത്ഥാടകർക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും സൗകര്യമൊരുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണ്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയിൽ ഒരുക്കും. ളാഹ മുതൽ പമ്പ വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റസ്പോൺസ് ടീമിനെ നിയോഗിക്കും. എമർജൻസി മെഡിക്കൽ സെന്ററുകൾ, എക്കോ ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കും. കാനന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇക്കോ ഗാർഡ്, എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥർ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയിൽ നിലനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവർത്തനമാകണം വനം വകുപ്പിന്റേതന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ആനത്താരകളിൽ വനം വകുപ്പ് സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതാണ്. തീർത്ഥാടകരുടെ സുരക്ഷമുൻനിർത്തി കാട്ടുപന്നികളെ കൂടുവച്ച് പിടിച്ച് ഉൾക്കാടുകളിലേക്ക് മാറ്റുന്ന പ്രവർത്തനത്തിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ അഡ്വ. പ്രമോദ് നാരായണൽ എംഎൽഎ, ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, കോട്ടയം സബ് കളക്ടർ സഫ്ന നസ്റുദീൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹൈറേഞ്ച് ആർ എസ് അരുൺ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വനം വന്യജീവി വിഭാഗം പി പി പ്രമോദ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, ഫോറസ്റ്റ് ജോയിന്റ് സെക്രട്ടറി ആർ രാജേഷ്, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ഖോരി, പന്തളം രാജകൊട്ടാര പ്രതിനിധി നാരായണ വർമ്മ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാനാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ഓപ്പറേറ്റേഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നീട് പെര്‍മിറ്റ് നല്‍കാത്ത സമീപനം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു. വാഹന ഉടമകള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂലമായ വിധി നേടിയെടുത്തു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബ്ലാക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഫൈന്‍ അടിക്കാമെന്നല്ലാതെ അവയെ നിരോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയില്ല. സര്‍ക്കാര്‍ വാഹനങ്ങളാണ് താരതമ്യേന മാതൃകാപരമായി പെരുമാറുന്നത്. ശബരിമല സീസണ്‍ പ്രമാണിച്ച് ഓടാതെ കിടക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേക സര്‍വീസിന് ഇറക്കും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വടക്കഞ്ചേരി വാഹനാപകടത്തിന്റെ ശാസ്ത്രീയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഗതാഗത കമ്മീഷണര്‍ക്കും കോടതിക്കും അടുത്ത ദിവസം നല്‍കും.

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ഭീകരാക്രമാണ് കോയമ്പത്തൂരിൽ നടന്നതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. ദീപാവലി ആഘോഷങ്ങൾക്കായി ആളുകൾ കൂട്ടമായി ഒത്തുകൂടുന്ന ക്ഷേത്രങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചാവേറാക്രമണത്തിൽ മുന്നിട്ടിറങ്ങിയവർ വിവിധ സ്ഫോടക വസ്തുക്കളെ കുറിച്ചും പഠനം നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, ഡിറ്റർജന്റുകൾ എന്നിവ ഉപയോഗിച്ച് ചില സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുകയും ചെയ്തു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിന്റെ വീട്ടിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.

എൻജിനിയറിംഗ് ബിരുദമുള്ള ഇയാൾ പൊട്ടിത്തെറിക്കുന്നതിന് മുൻപായി ഫോണിൽ ‘എന്റെ മരണവാർത്ത നിങ്ങളിലേക്ക് എത്തിയാൽ, എന്റെ തെറ്റുകൾ ക്ഷമിക്കുക, എന്റെ കുറവുകൾ മറയ്ക്കുക, എനിക്ക് വേണ്ടി പ്രാർത്ഥിക്കുക’ എന്ന് എഴുതിയിരുന്നു. ഇത് ചാവേർ ആക്രമണത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. മുട്ട പുഴുങ്ങിയത്, കക്കായിറച്ചി, കൊഞ്ച്, ചിക്കൻ, കരിമീൻ തുടങ്ങിയ ഭക്ഷ വിഭവങ്ങൾ ഉൾപ്പെടെയാണ് നശിപ്പിച്ചത്.

സനാതനപുരം വാർഡിലെ അരമന ഹോട്ടലിൽ നിന്നും പഴകിയ മുട്ട പുഴുങ്ങിയത് 30 എണ്ണം, 2 കിലോഗ്രാം വീതം കക്കായിറച്ചി കറിവച്ചത്, കൊഞ്ച് വേവിച്ചത്, 4 കിലോഗ്രാം ന്യൂഡിൽസ്, ബിരിയാണി, ചിക്കൻ ഫ്രൈ, അരിപ്പത്തിരി 75 എണ്ണം, അൽഫാം ചിക്കൻ 5 കിലോ, ഒരു കിലോഗ്രാം വീതം മുട്ട ഗ്രേവി, ചിക്കൻ 65, ഗോപി മഞ്ചൂരി, നെമ്മീൻ, 2 കിലോഗ്രാം കരിമീൻ, വരാൽ എന്നിവയും കളർകോട് വാർഡിലെ സാഫ്റോൺ ഹോട്ടലിൽ നിന്നും പഴകിയ അൽഫാം ചിക്കൻ 5 കിലോഗ്രാം, ചിക്കൻ കറി, ബീഫ് കറി, ചിക്കൻ ഫ്രൈ എന്നിവയും, കൈതവന വാർഡിലെ ബ്രൈറ്റ് ഹോട്ടലിൽ നിന്നും ബിരിയാണി റൈസ്, അവിയൽ, മോരുകറി തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്.

ഹോട്ടലിലെ ടോയ്ലറ്റ് വൃത്തിഹീനമാണെന്നും പരിസരത്ത് ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയ്‌ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി കർമ്മപരിപാടി തയ്യാറാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഈ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കി കേസുകൾ കൃത്യമായി മാപ് ചെയ്യേണ്ടതാണ്. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയുടെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കൃത്യമായ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതാണ്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ പ്രത്യേകം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. തിരുവനന്തപുരത്ത് ഹോട്ട് സ്‌പോട്ട് പഴയതുപോലെ തുടരുന്നതായാണ് കാണുന്നത്. അതിനാൽ തന്നെ പ്രവർത്തനങ്ങൾ ശക്തമാക്കണം. അവബോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വിശദമാക്കി.

സന്നദ്ധ സംഘടനകളുടേയും റസിഡൻസ് അസോസിയേഷനുകളുടേയും സഹകരണം ഉറപ്പാക്കണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്‌പോട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് കൃത്യമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം. സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിർദ്ദേശിച്ചു.

ഇന്ന് കേരളപ്പിറവി. സംസ്ഥാനം ഇന്ന് 66 -ാം വയസിലേക്ക് കടക്കുകയാണ്. 1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്.

1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കൊവിഡ്, നിപ, പ്രളയം തുടങ്ങിയ പ്രതിസന്ധികൾക്ക് ശേഷമാണ് വീണ്ടുമൊരു കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും തനിമയുമെല്ലാം ഉയർത്തിക്കാട്ടുന്ന ദിനമാണ് കേരളപ്പിറവി.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയത്. കേരള പ്രവാസി അസോസിയേഷനാണ് വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, മൃഗസംരക്ഷണ മന്ത്രാലയത്തിനുമാണ് ജസ്റ്റിസ് അജയ് രസ്‌തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നൽകിയത്.

അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധ ഏറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇൻട്രാ ഡെർമൽ റാബിസ് വാക്‌സിനുകളുടെ (ഐ.ഡി.ആർ വി) ഫലപ്രാപ്തി പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രകാരം, മനുഷ്യർക്കുള്ള റാബിസ് വാക്‌സിൻ നിർമ്മാണം, സങ്കീർണ്ണമായ ഒരു പ്രക്രിയയായതിനാൽ, നിർമ്മാണത്തിനും പരിശോധനയ്ക്കും കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ ആവശ്യമാണ്. പക്ഷെ വാക്സിൻ നിർമിച്ച് 14 ദിവസത്തിനകം കേരളത്തിൽ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഹർജിക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് 2019 ലെ റാബിസ് പ്രതിരോധം നടപ്പിലാക്കാൻ വ്യാപക പ്രചാരണം നടത്തുന്നതിന് നിർദ്ദേശം നൽകണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്.