Highlights (Page 81)

കൊച്ചി: കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര നൽകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണം സൗജന്യ യാത്രാ പാസെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നതെന്നാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. മുൻ എംപിമാരും, എംഎൽഎമാരും അടക്കം ഉള്ളവർക്ക് ജീവിത അവസാനം വരെ കെഎസ്ആർടിസിയിൽ സൗജന്യ യാത്രയാണ് നൽകുന്നത്. ഇത് എങ്ങനെ നീതികരിക്കുമെന്നും കോടതി ചോദിക്കുന്നു.

ദിവ്യാംഗനർ ഉൾപ്പെടെയുള്ളവർക്കായിരിക്കണം സൗജന്യയാത്ര നൽകേണ്ടത്. വിദ്യാർത്ഥികൾ അടക്കം അർഹരായവരിലേക്ക് സൗജന്യയാത്ര ചുരുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വി.എസിന്റെ വീട്ടിലാണ് ഗവർണർ എത്തിയത്. നൂറിന്റെ നിറവിലേക്ക് കടക്കുന്ന വി.എസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 20ന് അദ്ദേഹത്തെ നേരിട്ട് പോയി കാണാൻ ഗവർണർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്ന് ഗവർണർ വി എസിനെ സന്ദർശിച്ചത്.

പത്ത് മിനിറ്റോളം നേരമാണ് അദ്ദേഹം വി എസുമായി കൂടിക്കാഴ്ച്ച നടത്തിയത്. എൽഡിഎഫ് സർക്കാരുമായി ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിഎസിനെ കാണാനായി എത്തിയതെന്നാണ് ഏറ്റവും ശ്രദ്ധേയം.

അതേസമയം, വിഎസിനെ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ ഗവർണർ വിവാദങ്ങൾ സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇതുവരെ 1,002 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഇതിൽ ഒരു വയസിന് താഴെയുള്ള 479 കുഞ്ഞുങ്ങൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകമായ രീതിയിൽ ഹൃദ്യം പദ്ധതി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒട്ടും കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഹൃദ്യത്തിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ആരംഭിച്ചു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആർബിഎസ്‌കെ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തി ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതുവരെ 98 കുട്ടികൾക്ക് പരിശോധന നടത്തി അതിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി. അടുത്ത 50 പേരുടെ പരിശോധന ഉടൻ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. 1000ൽ 8 കുട്ടികൾക്ക് ഹൃദ്രോഗം കാണുന്നുണ്ട്. അതിൽ തന്നെ 50 ശതമാനം കുട്ടികൾക്ക് ചികിത്സ വേണം. അതിൽ കുറേ കുട്ടികൾക്ക് ശസ്ത്രക്രിയ വേണ്ടി വരും. സ്വകാര്യ മേഖലയെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. 9 സർക്കാർ, സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഇത്തരത്തിൽ വളരെ അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും ലഭ്യമാണ്.

നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പോലും പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുന്നത്. വെബ് രജിസ്ട്രേഷൻ (https://hridyam.kerala.gov.in/) ഉപയോഗിച്ചാണ് സൗജന്യ ശസ്ത്രക്രിയ നടത്തുന്നത്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദിശ 1056 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: യുദ്ധം എന്നത് തന്റെ സര്‍ക്കാരിനെ സംബന്ധിച്ച് അവസാന സാധ്യത മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗില്‍ സേനാംഗങ്ങള്‍ക്ക് ദീപാവലി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

‘യുദ്ധം അവസാന സാധ്യത മാത്രമാണ്. യുദ്ധം ലങ്കയിലാണെങ്കിലും കുരുക്ഷേത്രയിലാണെങ്കിലും അവസാന നിമിഷം വരെ അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ലോക സമാധാനത്തിന് അനുകൂലമാണ് ഞങ്ങള്‍. സേനാംഗങ്ങള്‍ നമ്മുടെ രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നു. ശത്രുക്കള്‍ക്കെതിരെ ശക്തമായ നിലപാടാണ് രാജ്യം കൈക്കൊള്ളുന്നത്. രാജ്യത്തെ വെല്ലുവിളിച്ചാല്‍ ശത്രുസേനയ്ക്ക് അവരുടെ ഭാഷയില്‍ തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്ക് അറിയാം’- പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരി തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. നഗരത്തിലെ 639 ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 9643 പേര്‍ ഇതുവരെ കേരള സവാരി ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കുകളാണ് ഇതിന് ബാധകമാവുക. ഇതിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള കൂലിയായിരിക്കും ഈടാക്കുക. അതിനാല്‍ അമിതനിരക്ക് നല്‍കേണ്ടിവരില്ല. നിരക്കിന്റെ നൂറുശതമാനവും ഡ്രൈവര്‍മാര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കേരള സവാരിയില്‍ 8.5 കിലോമീറ്ററാണ് നഗരപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാര്‍ മാത്രമാണ് കേരള സവാരിയുടെ ഭാഗമാകുന്നതും. സുരക്ഷയ്ക്കായി ആപ്പില്‍ പാനിക് ബട്ടണ്‍ ഉണ്ട്. പോലീസ്, ആംബുലന്‍സ് സഹായവും ആപ്പിലൂടെ ലഭിക്കും. ജി.പി.എസ്. സംവിധാനവും ഉടന്‍തന്നെ ഈ ടാക്‌സി സര്‍വീസിന്റെ ഭാഗമാകും.

അതേസമയം, കൂടുതല്‍ ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കേരള സവാരിയുടെ സേവനം തേടുന്നതോടെ എവിടെയും വാഹനങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതോടെ കൂടുതല്‍ പേര്‍ കേരള സവാരിയുടെ ഭാഗമാകും. കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടാകും. ടയര്‍, ബാറ്ററി, ഓയില്‍ കമ്പനികളുമായി ചര്‍ച്ച നടത്തി ഇളവുകള്‍ നല്‍കാനാണ് നീക്കം. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പാലക്കാട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസാണ് (ഐ.ടി.ഐ.) സാങ്കേതിക സഹായം നല്‍കുന്നത്. ഡ്രൈവര്‍മാര്‍ക്ക് പ്ലേ സ്റ്റോര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കേരള സവാരി ഡ്രൈവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനത്തിന്റെ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ അപ് ലോഡ് ചെയ്യണം. യാത്രക്കാര്‍ കേരള സവാരി എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഫോണ്‍: 9072272208.

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

കേരളാ സ്മോൾ സ്‌കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും.

ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഞ്ച് മണിയോടെ ഉത്തര്‍പ്രദേശിലെ അയോധ്യയിലെത്തി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഭഗവാന്‍ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തുകയും തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കുകയും ചെയ്യും.

അതിനുശേഷം പ്രധാനമന്ത്രി പ്രതീകാത്മക ഭഗവാന്‍ ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വൈകുന്നേരം 6:30 ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപോത്സവത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയില്‍ ഒരുക്കിയിരിക്കുന്നത്. രാംലീല ആഘോഷത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ മോസ്‌കോയില്‍ നിന്നുള്ള 12 കലാകാരന്മാര്‍ അടങ്ങുന്ന സംഘം രാമായണം അവതരിപ്പിക്കും.

കൊച്ചി: ബസുകളിലെ പരസ്യം നീക്കം ചെയ്യണമെന്ന നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് കെഎസ്ആർടിസി. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ കേസെടുത്തിരുന്നു. ഈ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമയം ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, കെഎസ്ആർടിസിക്ക് നിയമപരമായ അനുമതി ഉണ്ടെന്ന് കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചിരുന്നു. പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നത്. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടത്തിലുള്ള കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. വിഷയത്തിൽ കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്നാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചിരുന്ന ആവശ്യം. ഒക്ടോബർ 7 മുതൽ 16 വരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

പരിശോധനയിൽ 448 വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് എംവിഡി കോടതിയെ അറിയിച്ചു. 14 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ ബ്രഹ്മോസ് ന്യൂജനറേഷൻ മിസൈലുകൾ. 2025-ഓടെയാണ് നെക്സ്റ്റ് ജനറേഷൻ മിസൈലായ ബ്രഹ്മോസ് അവതരിപ്പിക്കുക. സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളിൽ മിസൈലുകൾ ഘടിപ്പിക്കുമെന്നാണ് വ്യോമസേനാ വൃത്തങ്ങൾ അറിയിക്കുന്നത്. ഭാരം കുറഞ്ഞതും ചെറുതും ഒതുക്കമുള്ളതുമാണെന്നാണ് ബ്രഹ്മോസ് അടുത്ത തലമുറ മിസൈലിന്റെ പ്രത്യേകത. അതിനാൽ ഇതിന്റെ സംവിധാനങ്ങൾ കൂടുതൽ പ്രവർത്തന ക്ഷമതയുള്ളതാകും.

സുഖോയ്-30എംകെഐ, തേജസ് എന്നിവയിൽ വഹിക്കാനുതകുന്ന തരത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിയുടെ ലഖ്നൗ നോഡിലാണ് മിസൈൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അതിന് ശേഷമാണ് മിസൈൽ നിർമാണം ആരംഭിക്കുകയെന്നും ബ്രഹ്മോസ് എയ്‌റോസ്‌പേസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതി സാധ്യതയും ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലിന് കയറ്റുമതി സാധ്യതയുണ്ടെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ എം കെ ശ്രീവാസ്തവ (റിട്ട) പറഞ്ഞു. നിരവധി രാജ്യങ്ങൾ ചെറിയ യുദ്ധവിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മോസ് അത്തരം ജെറ്റുകൾക്ക് അനുയോജ്യമാകുമെന്നാണ് ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡൽഹി: 10 ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ തൊഴിൽ മേളയ്ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ചടങ്ങിൽ പുതുതായി നിയമിതരായ 75,000 പേർക്ക് നിയമന പത്രം കൈമാറും. ഈ അവസരത്തിൽ പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും.

ഒക്ടോബർ 22 ന് രരാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ കേന്ദ്ര ഗവൺമെന്റിന്റെ 38 മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ ജോലിക്ക് ചേരും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നീ തസ്തികകളിലാണ് ഇവർ നിയമിതരാകുന്നത്.

കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, എൽഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇൻസ്‌പെക്ടർമാർ, എം.ടി.എസ്. മുതലായ തസ്തികകളിലാണ് നിയമനം.

മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമേവ , അല്ലെങ്കിൽ യുപിഎസ്‌സി , എസ്എസ്‌സി , റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴി മിഷൻ മോഡിലാണ് ഈ റിക്രൂട്ട്മെന്റുകൾ നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്മെന്റിനായി, തിരഞ്ഞെടുക്കൽ പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്.