Highlights (Page 69)

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം മാത്രമേ അവധി നല്‍കുന്നുള്ളുവെന്നും ഇത് ചൂണ്ടിക്കാണിച്ചാല്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറും ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മത വിവേചനത്തോട് മൗനമാവാനാവില്ല.

‘ആഘോഷ ദിനങ്ങളില്‍ സ്‌കൂളുകളില്‍ അവധി നല്‍കുന്നുണ്ട്. ഓണാഘോഷത്തിനും ക്രിസ്തുമസിനും 10 ദിവസം വീതമാണ് അവധി.പെരുന്നാളിന് അത് ഒരു ദിവസവുമാണ്. മൂന്ന് ദിവസം വേണമെന്ന ആവശ്യം കാലങ്ങളോളമായ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടും പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ പോലും കൂടുതല്‍ ഇതുവരേ ലഭിച്ചിട്ടില്ല. ആഘോഷത്തിന്റെ പേരില്‍ മത ചടങ്ങുകള്‍ തന്നെ സ്‌കൂളുകളില്‍ നടത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കി കൊണ്ടിരിക്കുന്നു. ഓണത്തിനും ക്രിസ്തുമസിനും മാത്രമായാണ് ഇത് കാണുന്നത്.

ഇത് ചൂണ്ടിക്കാണിമ്പോള്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കുകയാണ് മതനിരപേക്ഷകര്‍ തന്നെ. ഇതര മതങ്ങളെ പരിഗണിക്കുന്നതിനോട് ആരും വിയോജിപ്പ് അറിയിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ അവഗണിച്ചാവാമോ? അധികം ജോലി സാധ്യത ഇല്ലാത്ത സംസ്‌കൃത ഭാഷക്ക് ഇ.ടി.മുഹമ്മദ് ബഷീര്‍ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ സര്‍വ്വകലാശാല അനുവദിച്ചു. ഒരു അപശബ്ദവും ഉണ്ടായില്ല. എന്നാല്‍ അറബി ഭാഷക്കോ?

28 രാഷ്ട്രങ്ങളിലെ മാതൃ ഭാഷ, 128 കോടി ജനതയുടെ മത ഭാഷ, യു.എന്‍ അംഗീകൃത ഭാഷ യുനെസ്‌കോ അംഗീകൃത ഭാഷ, വിദേശത്തും സ്വദേശത്തും മതവിവേചനമില്ലാതെ ഏറെ തൊഴില്‍ സാധ്യതയുള്ള ഭാഷ അത് അറബിയാണ്. അറബി സര്‍വ്വകലാശാല എന്ന സ്വപ്നവും വാഗ്ദാനവും എന്ത് കൊണ്ട് യാഥാര്‍ത്ഥ്യമാകുന്നില്ല. മുസ്ലിം ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ ഇസ്ലാമോഫിബിയ വര്‍ക്കൗട്ടാവുകയാണ്. മുസ്ലിംകള്‍ക്കാണ് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നതെന്ന് ആരോപണം ഉയരുന്നു. അടുത്ത കാലത്തായ് സമുദായത്തിന് സര്‍ക്കാറുകളില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ഏതെന്ന് ഈ അപര വിദ്വേഷികള്‍ പറയണം. സാമുദായിക സംവരണം പല വഴികളിലായി അരിഞ്ഞിട്ടു.

വഖഫ് വിഷയം, പാഠ്യപദ്ധതി ചട്ടക്കൂട്, ഒരു ക്രിമിനലിന്റെ കലക്ട്രേറ്റ് പദവി…. തുടങ്ങിയ ഏത് വിഷയത്തിലും അവകാശങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ തിരിച്ചേല്‍പ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. പത്രപ്രവര്‍ത്തകനെ കൊന്ന കൊലയാളിക്ക് കലക്ടര്‍ പദവി നല്‍കരുതെന്ന് മുസ്ലിം സംഘടന മാത്രമല്ല ആവശ്യപ്പെട്ടത് പത്രപ്രവര്‍ത്തക യൂണിയന്‍ കൂടിയാണ്. ഇതൊക്കെ നിരത്തിയാണ് സങ്കിക്കഷായം കുടിച്ച ”നിരീക്ഷകരും ‘ ക്രിസംഘി രസായനം സേവിക്കുന്ന ‘ കാസ”കരും മനുഷ്യദൈവപൂജകാരായ നാസ്തിക ജബ്രകളും വെറുപ്പ് സൃഷ്ടിക്കുന്ന മാമാ മാധ്യമങ്ങളും ഒന്നിച്ച് ഓരിയിടുന്നത് ഓ താലിബാന്‍ ഭരണം നടത്തുന്നേന്ന്.

മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും മറ്റെന്തിനേക്കാളും കാത്തു വെച്ചു കൊണ്ട് തന്നെ അവകാശ സംരക്ഷണത്തിനും അഭിമാന ജീവിതത്തിനും നാം തല ഉയര്‍ത്തി പറഞ്ഞു കൊണ്ടേ ഇരിക്കും. ‘ ആകാശം ഇടിഞ്ഞു വീഴുമ്പോള്‍ പുറംകാല് കൊണ്ട് തട്ടുക, കൊടുങ്കാറ്റ് ആഞ്ഞ് വീശുമ്പോഴും വിളക്ക് കൊളുത്തുക.’

നാസര്‍ ഫൈസി കൂടത്തായി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. കായംകുളത്തുള്ള എ.ആർ.ഡി 193, തകഴിയിലുള്ള എ.ആർ.ഡി 257, ചന്തിരൂർ എ.ആർ.ഡി 43 എന്നീ റേഷൻ കടകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ഇവിടെ സ്‌റ്റോക്കിൽ വ്യത്യാസം കണ്ടെത്തി. ചിലയിടങ്ങളിൽ ഭക്ഷ്യധാന്യം സ്റ്റോക്കിനേക്കാൾ കുറവും ചിലയിടത്ത് കൂടുതലുമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുള്ളത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ വിതരണത്തിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തലുണ്ട്. പദ്ധതിയെ കുറിച്ച് അറിവില്ലാത്ത പട്ടിക വിഭാഗത്തിൽപ്പെട്ട കാർഡുടമകളിൽ പലർക്കും അരി നൽകിയിരുന്നില്ല. റേഷൻ ഭക്ഷ്യധാന്യങ്ങൾ മറിച്ചു വിൽക്കുന്നുണ്ടെന്നും കാർഡുടമകൾക്ക് അർഹതപ്പെട്ട അളവിൽ ലഭിക്കുന്നില്ലെന്നും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

വിജിലൻസ് ഡി.വൈ.എസ്.പി ഗിരീഷ്.പി.സാരഥി, ഇൻസ്പെക്ടർമാരായ സുനിൽ, രാജേഷ്, പ്രശാന്ത്, എ.എസ്.ഐമാരായ ബൈജു, ജയലാൽ, സി.പി.ഒമാരായ ലിജു, ഗീതു, രജനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴയിൽ പരിശോധന നടന്നത്.

തിരുവനന്തപുരം: ചാൻസലർ ബിൽ രാജ്ഭവനിലേക്ക് അയച്ച് സർക്കാർ. യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ബിൽ ആണ് രാജ്ഭവനിലേക്ക് അയച്ചത്. ഈ മാസം 13നാണ് ഈ ബില്ല് നിയമസഭ പാസാക്കിയത്.

വ്യാഴാഴ്ച്ചയാണ് ചാൻസലർ ബില്ല് ഗവർണർക്ക് കൈമാറിയത്. നിയമ പരിശോധന പൂർത്തിയാക്കാനാണ് ഇത്രയധികം സമയം എടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ബില്ലിന്മേൽ രാജ്ഭവൻ വിശദമായ പരിശോധന നടത്തും.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുകയാണ് സർവകലാശാല ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാവുക.

ജനുവരി 3 നായിരിക്കും ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തുക. ഗവർണർ ബിൽ അംഗീകരിക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

തിരുവനന്തപുരം: മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് ടൂറിസം മേഖലയെ ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്നു കനകക്കുന്നിൽ സംഘിടിപ്പിക്കുന്ന പുഷ്പോത്സവം നഗരവസന്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ സമാധാന അന്തരീക്ഷവും ജനങ്ങളും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതു ടൂറിസം മേഖലയുടെ വളർച്ചയിൽ പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടും കലാപങ്ങളും വർഗീയ സംഘർഷങ്ങളും മൂലം തകർന്നുപോയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജ്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ വലിയ ചുവടുവയ്പ്പുകൾ നടത്താൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പുഷ്പമേളയുടെ ഭാഗമായി നൈറ്റ് ലൈഫ് സജീവമാക്കാനുള്ള ചുവടുവയ്പ്പുണ്ട്. കേരളത്തിന്റെ പരമ്പരാഗത കലകളും ഭക്ഷണവും വിനോദ സഞ്ചാരികൾക്കു പരിചയപ്പെടത്തുംവിധമാണ് ഇതു ക്രമീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രന് റോസാച്ചെടി നൽകി പുഷ്പമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സംസ്ഥാനം രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയ വർഷമാണിതെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വർഷം സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 1.34 കോടി ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തി. ഈ വർഷം അവസാനിക്കുമ്പോൾ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സർവകാല റെക്കോഡാണെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യതി ദീപാലങ്കാരങ്ങളുടെ സ്വിച് ഓൺ അദ്ദേഹം നിർവഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, വി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്നു റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയുടെയും തിരുവനന്തപുരം നഗരസഭയുടെയും സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നൈറ്റ് ലൈഫ് ടൂറിസം എന്ന ആശയത്തില്‍ 68 ലക്ഷം രൂപ ചിലവഴിച്ച് നഗരത്തില്‍ വൈദ്യുതദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട്.

സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്‍റെ ഇരുവശങ്ങളും നഗര വസന്തത്തിന്‍റെ ഭാഗമായി ഉദ്യാനം ഒരുക്കി. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്‍റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കി. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയും നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും അലങ്കാര മത്സ്യ പ്രദർശനം ഫുഡ്‌ കോർട്ട് എന്നിങ്ങനെ രാപ്പകല്‍ നാഗരം ആഘോഷമാക്കാനുള്ള വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.

പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. വാഗമണ്‍ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാര്‍ട്ടിയും, ക്യാമ്ബ് ഫയറും ഉള്‍പ്പെടുന്ന ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നില്‍ക്കുന്ന ആഘോഷരാവാണ് ടൂറിസം സെല്‍ ഒരുക്കുന്നത്.

അതേസമയം, ആഡംബര കപ്പലായ നെഫ്റ്റിറ്റിയില്‍ പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കെ.എസ്.ആര്‍.ടി.സി അവസരം ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് യാത്രയില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗാല ഡിന്നര്‍, ഡി ജെ പാര്‍ട്ടി, ഓപ്പണ്‍ ഡെക്ക് ഡി.ജെ എന്നിവ അടക്കം ഡിസംബര്‍ 31 രാത്രി 8.00 മുതല്‍ 1:00 മണി വരെയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വയനാട് യാത്ര, രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാര്‍, കൂടാതെ വാഗമണ്‍, ഗവി, വണ്ടര്‍ലാ, കുമരകം, തിരുവൈരാണിക്കുളം, നാലമ്ബല ദര്‍ശനം, പഞ്ചപാണ്ഡവ ദര്‍ശനം എന്നിവിടങ്ങളിലേക്കുള്ള ഏകദിന പാക്കേജുകളും ലഭ്യമാണ്.

സീറ്റുകള്‍ ഫോണ്‍ മുഖാന്തിരം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം സിറ്റി

Phone: 8592065557,9446748252

9388855554, 9995986658, 9188619368

തിരുവനന്തപുരം: പരാതിക്കാർ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് (കാപ്പ )പരിഗണിക്കാൻ തീരുമാനം. നവംബർ 22 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനിൽ കാന്ത്, ജില്ലാ കളക്ടർമാർ എന്നിവരുടെ യോഗത്തിലാണ് കാപ്പയിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.

പൊലീസിന് അമിതാധികാരം നൽകുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കളക്ടർമാർ അധ്യക്ഷനായ സമിതിയാണ് കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പുതിയ നിർദ്ദേശം ഇത് മറികടക്കും.

ഈ വർഷം 734 കാപ്പ അറസ്റ്റുകൾക്കാണ് പൊലീസ് അനുമതി തേടിയത്. എന്നാൽ ഇതിൽ 245 എണ്ണം മാത്രമായിരുന്നു കളക്ടർമാർ അനുവദിച്ചത്. അറസ്റ്റുകൾ സാധിക്കാത്തതിൽ ജില്ലാ പൊലീസ് മേധാവിമാർ നേരത്തെ ഡിജിപിയോട് അതൃപ്തി അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നടപടി. പുതിയ തീരുമാനം അനുസരിച്ച് ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം തടങ്കലിൽ വയ്ക്കാം. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം.

ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാമെന്നും പുതിയ തീരുമാനത്തിലുണ്ട്. കാപ്പ നിയമത്തിന് കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ നടപടിക്ക് പരിഗണിക്കാവൂ…ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തേണ്ടതില്ല. ലഹരിമരുന്ന് കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ നടപടി വേണമെന്നും പുതിയ തീരുമാനത്തിൽ വിശദമാക്കുന്നു.

തിരുവനന്തപുരം: ഇനി കേരളത്തിലും 5ജി നെറ്റ്‌വർക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ആദ്യ 5ജി സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ജിയോ ആണ് സംസ്ഥാനത്ത് ആദ്യമായി 5 ജി സേവനം ലഭ്യമാക്കിയത്.

കൊച്ചി നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലായിരിക്കും ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക. കൊച്ചിയിലെ 130-ഓളം ടവറുകളിലാണ് 5ജി പ്രാരംഭഘട്ടത്തിൽ ലഭിക്കും. കൊച്ചിയ്ക്ക് പുറമെ ഗുരുവായൂരിലും 5ജി ലഭിക്കും.

ഡിസംബർ 22 നാണ് 5 ജി തിരുവനന്തപുരത്ത് എത്തുന്നത്. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും 5ജിയുടെ സേവനം ലഭ്യമാകും. 5ജി ഫോണുകളുള്ളവർക്ക് സിം കാർഡുകളിൽ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം ആരംഭിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഒക്ടോബർ മാസം രാജ്യത്ത് 5 ജി സേവനത്തിന് തുടക്കം കുറിച്ചത്.

ചരിത്രത്തിലാദ്യമായി കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണമെന്നാവശ്യപ്പെട്ട് താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ്. നിരവധി ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ അഞ്ച് കോടി രൂപയിലധികം കുടിശികയുണ്ടെന്നും ഇത് ഉടന്‍ അടയ്ക്കണമെന്നുമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഇതൊരു പിഴവാണെന്നും ഉടന്‍ പരിഹരിക്കുമെന്ന് കരുതുന്നു എന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. മൂന്ന് നോട്ടീസുകളില്‍ രണ്ടെണ്ണം താജ്മഹലിനും ഒരെണ്ണം ആഗ്ര കോട്ടയ്ക്കുമാണ്.

കെട്ടിടനികുതി ചരിത്രസ്മാരകങ്ങള്‍ക്കില്ലെന്ന് മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ യുപി സര്‍ക്കാരിന്റെ നിയമവും ഇത് ഉറപ്പുവരുത്തുന്നുണ്ട്. വെള്ളക്കരവുമായി ബന്ധപ്പെട്ട് നേരത്തെ ഇങ്ങനെയൊന്ന് വന്നിട്ടില്ല. മാത്രമല്ല, വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാട്ടര്‍ കണക്ഷന്‍ ഇവിടെയില്ല. താജ്മഹലിന് ഒരു കോടി രൂപയിലധികം കുടിശികയും ആഗ്ര കോട്ടയ്ക്ക് 5 കോടി രൂപയ്ക്ക് മുകളിലാണ് കുടിശികയെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് താനെഴുതിയ രാജിക്കത്തിനെ കുറിച്ച് ആദ്യമായാണ് മാര്‍പാപ്പ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തുന്നത്. ശനിയാഴ്ചയായിരുന്നു മാര്‍പാപ്പയുടെ 86 ാം പിറന്നാള്‍ ആഘോഷം.

അതേസമയം, രാജി കത്ത് സ്റ്റേറ്റ് സെക്രട്ടറി ടാര്‍സിസിയോ ബെര്‍ട്ടോണിന് മാര്‍പാപ്പ കൈമാറി. 2013ലായിരുന്നു മാര്‍പാപ്പ ആ കത്തെഴുതിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ മാര്‍പാപ്പ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കാല്‍മുട്ടിനുള്ള അസുഖം കാരണം മാര്‍പാപ്പയ്ക്ക് നടക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹം അടുത്തിടെയായി വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. അസുഖ കാരണം പല തവണ പരിപാടികള്‍ റദ്ദാക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.