ചരിത്രത്തിലാദ്യമായി കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണമെന്നാവശ്യപ്പെട്ട് താജ്മഹലിനും ആഗ്ര കോട്ടയ്ക്കും നോട്ടീസ്. നിരവധി ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ അഞ്ച് കോടി രൂപയിലധികം കുടിശികയുണ്ടെന്നും ഇത് ഉടന്‍ അടയ്ക്കണമെന്നുമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഇതൊരു പിഴവാണെന്നും ഉടന്‍ പരിഹരിക്കുമെന്ന് കരുതുന്നു എന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. മൂന്ന് നോട്ടീസുകളില്‍ രണ്ടെണ്ണം താജ്മഹലിനും ഒരെണ്ണം ആഗ്ര കോട്ടയ്ക്കുമാണ്.
കെട്ടിടനികുതി ചരിത്രസ്മാരകങ്ങള്ക്കില്ലെന്ന് മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ യുപി സര്‍ക്കാരിന്റെ നിയമവും ഇത് ഉറപ്പുവരുത്തുന്നുണ്ട്. വെള്ളക്കരവുമായി ബന്ധപ്പെട്ട് നേരത്തെ ഇങ്ങനെയൊന്ന് വന്നിട്ടില്ല. മാത്രമല്ല, വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാട്ടര്‍ കണക്ഷന് ഇവിടെയില്ല. താജ്മഹലിന് ഒരു കോടി രൂപയിലധികം കുടിശികയും ആഗ്ര കോട്ടയ്ക്ക് 5 കോടി രൂപയ്ക്ക് മുകളിലാണ് കുടിശികയെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

