പരാതിക്കാർ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതൽ കാപ്പ നിയമത്തിൽ പരിഗണിക്കാം

തിരുവനന്തപുരം: പരാതിക്കാർ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് (കാപ്പ )പരിഗണിക്കാൻ തീരുമാനം. നവംബർ 22 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനിൽ കാന്ത്, ജില്ലാ കളക്ടർമാർ എന്നിവരുടെ യോഗത്തിലാണ് കാപ്പയിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.

പൊലീസിന് അമിതാധികാരം നൽകുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കളക്ടർമാർ അധ്യക്ഷനായ സമിതിയാണ് കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പുതിയ നിർദ്ദേശം ഇത് മറികടക്കും.

ഈ വർഷം 734 കാപ്പ അറസ്റ്റുകൾക്കാണ് പൊലീസ് അനുമതി തേടിയത്. എന്നാൽ ഇതിൽ 245 എണ്ണം മാത്രമായിരുന്നു കളക്ടർമാർ അനുവദിച്ചത്. അറസ്റ്റുകൾ സാധിക്കാത്തതിൽ ജില്ലാ പൊലീസ് മേധാവിമാർ നേരത്തെ ഡിജിപിയോട് അതൃപ്തി അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നടപടി. പുതിയ തീരുമാനം അനുസരിച്ച് ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം തടങ്കലിൽ വയ്ക്കാം. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം.

ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാമെന്നും പുതിയ തീരുമാനത്തിലുണ്ട്. കാപ്പ നിയമത്തിന് കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ നടപടിക്ക് പരിഗണിക്കാവൂ…ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തേണ്ടതില്ല. ലഹരിമരുന്ന് കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ നടപടി വേണമെന്നും പുതിയ തീരുമാനത്തിൽ വിശദമാക്കുന്നു.