Highlights (Page 70)

തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയിൽ എംപാനൽ ചെയ്തു കഴിഞ്ഞു.

സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള എൻ.എ.ബി.എച്ച് അക്രെഡിറ്റേഷൻ ഉള്ളതും അല്ലാത്തതുമായ വിവിധ വിഭാഗങ്ങളിലുള്ള എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളെയും സമന്വയിപ്പിച്ച് കൊണ്ട് ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ജൂലായ് ഒന്നിന് തുടങ്ങിയ മെഡിസെപ്പ് അതിന്റെ ഉദ്ദേശലക്ഷ്യം കൈവരിച്ച് അതിവേഗം മുന്നേറുകയാണ്. ദിനംപ്രതി കുടൂതൽ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യുന്നതിനോടൊപ്പം നിരവധി ഗുണഭോക്താക്കൾ പദ്ധതിയുടെ ക്യാഷ് ലെസ്സ് ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബർ 12 വരെ ഏകദേശം 1,11,027 ലക്ഷം (ഡാഷ് ബോർഡ് വിവരങ്ങൾ-മെഡിസെപ്പ് വെബ് പോർട്ടൽ) പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു. പദ്ധതിയിലെ നിശ്ചിത 1920 മെഡിക്കൽ/ സർജിക്കൽ ചികിത്സാ രീതികളും അനുബന്ധമായി ചേർത്തിരിക്കുന്ന 12 അവയവമാറ്റ ശസ്ത്രക്രിയകൾക്കും വിധേയരായ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സജീവ സാന്നിദ്ധ്യം, ഇവരുടെ പങ്കാളിത്ത മേന്മ കൊണ്ട് നാളിതുവരെ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ പദ്ധതിയുടെ മുഖമുദ്രയാണ്. പെൻഷൻകാരുടെയും ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ ക്ഷേമം മുൻനിർത്തി ആരംഭിച്ച പദ്ധതിയിലൂടെ സമൂഹത്തിന്റെ പലതട്ടുകളിൽ അതിന്റെ ആനുകൂല്യം ലഭ്യമാക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയിൽ എംപാനൽ ചെയ്ത സംസ്ഥാനത്തെ വിവിധ ആശുപത്രികൾ, ജില്ലാ അടിസ്ഥാനത്തിൽ അവ ലഭ്യമാക്കിയ വിവിധ ചികിത്സകൾക്ക് വിധേയരായ ഗുണഭോക്താക്കളുടെ എണ്ണം, നാളിതുവരെ നൽകിയ തുക എന്നിവയുടെ വിശദാംശങ്ങൾ ചുവടെ പറയും പ്രകാരമാണ്.

ജില്ലതിരിച്ചുള്ള ക്ലെയിമുകൾ, എണ്ണം എന്ന ക്രമത്തിൽ:

കോഴിക്കോട് -17,546, എറണാകുളം – 13,636, തിരുവനന്തപുരം – 11,150, മലപ്പുറം – 11,056, കൊല്ലം – 9,509, കണ്ണൂർ – 9,202, തൃശൂർ 9,151, കോട്ടയം – 6,961, പത്തനംതിട്ട – 6,230, ആലപ്പുഴ – 4,903, പാലക്കാട്- 4,326, ഇടുക്കി-3,662, വയനാട്-2,414, കാസർഗോഡ-947, മംഗലാപുരം-332, ചെന്നൈ-1, കോയമ്പത്തൂർ-1, ആകെ-1,11,027.

ഏറ്റവും കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുൻനിര സ്വകാര്യ ആശുപത്രികൾ, എണ്ണം എന്ന ക്രമത്തിൽ:

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ-3757, എൻ.എസ്. മെമ്മോറിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊല്ലം-3313, എ.കെ.ജി ഹോസ്പിറ്റൽ, കണ്ണൂർ-2645, എം.വി.ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്-2431, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി-2267.

ഏറ്റവും കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുൻനിര സർക്കാർ ആശുപത്രികൾ, എണ്ണം എന്ന ക്രമത്തിൽ:

റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം-1159, ഗവ. മെഡിക്കൽ കോളേജ് കോട്ടയം-1126, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം-866, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്-645, പരിയാരം മെഡിക്കൽ കോളേജ്-602.

പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവരുടെ കണക്ക് ശസ്ത്രക്രിയ, എണ്ണം എന്ന ക്രമത്തിൽ:

മുട്ട്മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Knee Joint Replacement) -916, ഇടുപ്പ് മാറ്റി വയ്ക്കൽ ശസ്ത്ക്രിയ (Total Hip Replacement)-66, കരൾ മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Liver Transplantation)-20, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Renal Transplantation )-18, കാർഡിയാക് റീസിൻക്രോണൈസേഷൻ തെറാപ്പി വിത്ത് ഡിഫിബ്രിലേറ്റർ-9 അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Bone Marrow Transplantation/Stem Cell Transplantation)-8 (related), ഓഡിറ്ററി ബ്രെയിൻ സ്റ്റെം ഇംപ്ലാന്റ്-1. ആകെ-1,038.

ആശുപത്രികളുടെ എണ്ണം കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ട ജില്ലകളിൽ താലൂക്കടിസ്ഥാനത്തിൽ കൂടുതൽ ആശുപത്രികളെ എംപാനാൽ ചെയ്യുക, കൂടുതൽ ആശുപത്രികളെയും / വിഭാഗങ്ങളെയും എംപാനൽ ചെയ്യുക, പരാതി പരിഹാര സംവിധാനം കൂടുതൽ ശക്തമാക്കുക തുടങ്ങി മെച്ചപ്പെട്ട സേവനം നൽകുന്നതിനായി സർക്കാരും, ഇൻഷുറൻസ് കമ്പനിയും, സർക്കാർ/ സ്വകാര്യ ആശുപത്രികളിലെ മേധാവികളും ചേർന്നുള്ള അവലോകന യോഗങ്ങളും മറ്റു നടപടികളും തുടർന്നു വരുന്നു.

58 ശതമാനം ഇന്ത്യക്കാരും അതിര്‍ത്തിയിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കാരണം ‘മേക്ക് ഇന്‍ ചൈന’ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, 26 ശതമാനം പേര്‍ ഫാഷന്‍, വസ്ത്രങ്ങള്‍, വാഹന ആക്‌സസറികള്‍ എന്നിവയില്‍ വിലയിലും ഗുണനിലവാരത്തിലും മികച്ച ഇന്ത്യന്‍ ബദലുകള്‍ കണ്ടെത്തിയതായും ഇന്ത്യന്‍ നിര്‍മിത ഗാഡ്ജെറ്റുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ മുന്നോട്ടുവരുന്നതായും പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഫോണില്‍ ചൈനീസ് ആപ്പുകളൊന്നും ഇല്ലെന്ന് പറഞ്ഞു. 29 ശതമാനം പേര്‍ ഇപ്പോഴും ഒന്നോ അതിലധികമോ ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. 319 ജില്ലകളിലെ ഉപഭോക്താക്കളില്‍ നിന്ന് 40,000 പ്രതികരണങ്ങളാണ് സോഷ്യല്‍ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയ്ക്ക് ഉപയോഗിച്ചത്.

28 ശതമാനം പേര്‍ ഉപഭോക്തൃ സേവനത്തിലും വില-ഗുണമേന്മയിലും ഇന്ത്യന്‍ ബദല്‍ ഉല്‍പന്നങ്ങള്‍ മികച്ചതാണെന്ന് പ്രതികരിച്ചു. മികച്ച നിലവാരമുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ 11 ശതമാനം പേര്‍ തിരഞ്ഞെടുത്തു. 8 ശതമാനം പേര്‍ വിദേശ ഉല്‍പന്നത്തിന് മുന്‍ഗണന നല്‍കി. ‘മേക്ക് ഇന്‍ ചൈന’ ഉല്‍പന്നങ്ങള്‍ വിപണികളിലോ സ്റ്റോറുകളിലോ ഓണ്‍ലൈനിലോ കണ്ടെത്താനാവാത്തതാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കാരണമെന്ന് 8 ശതമാനം പേര്‍ വ്യക്തമാക്കി. 35 ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഗാഡ്ജെറ്റുകളും ഇലക്ട്രോണിക് സാധനങ്ങളും ആക്‌സസറികളും വാങ്ങാന്‍ ചൈനീസ് ബ്രാന്‍ഡുകളാണ്. അലങ്കാര വിളക്കുകള്‍, മറ്റു അനുബന്ധ അലങ്കാര ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ 14 ശതമാനം പേര്‍ തിരഞ്ഞെടുത്തതും ചൈനീസ് ഉല്‍പന്നങ്ങളായിരുന്നു. പെയിന്റുകളുടെയും ഉപയോഗിച്ച മറ്റ് വസ്തുക്കളുടെയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചൈനീസ് കളിപ്പാട്ടങ്ങളും സ്റ്റേഷനറികളും 5 ശതമാനം പേര്‍ മാത്രമാണ് വാങ്ങിയത്. കൂടാതെ സമ്മാനം നല്‍കാന്‍ 5 ശതമാനം പേര്‍ മാത്രമാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങിയതെന്നും കണ്ടെത്തി. 2021 ല്‍ ചൈനീസ് ഫാഷന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുമെന്ന് 11 ശതമാനം പേര്‍ സമ്മതിച്ചപ്പോള്‍ 2022 ലെ സര്‍വേയില്‍ 3 ശതമാനം പേര്‍ മാത്രമാണ് ‘മേക്ക് ഇന്‍ ചൈന’ ബാഗുകള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍ മുതലായവ വാങ്ങുമെന്ന് പറഞ്ഞത്.

കോഴിക്കോട്: സംസ്ഥാനത്തെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി രൂപത.

‘അബദ്ധങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ സമരം തുടങ്ങും. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് പിന്നില്‍ ഗുഢാലോചന സംശയിക്കുന്നു. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത ഈ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാനാകില്ല. ഉപഗ്രഹ സര്‍വ്വ റിപ്പോര്‍ട്ട് പിന്‍വലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ മന്ത്രിതല സമിതി നേരിട്ട് ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണം. അതിജീവനത്തിനുള്ള അവകാശം നിഷേധിക്കരുത്. സാമാഹികാഘാത പഠനം നടത്തണം. സുപ്രീംകോടതിയില്‍ സാവകാശം തേടണം. കര്‍ഷകര്‍ക്ക് കൃഷിക്കും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കണം’- താമരശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.

അതേസമയം, ബത്തേരി നഗരസഭയും ബഫര്‍സോണ്‍ വിഷയത്തില്‍ പ്രമേയം പസാക്കി. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. അതിനിടെ ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടി ഉടന്‍ ഉത്തരവിറങ്ങും.

കോഴിക്കോട്: ശരിയായ ലിംഗ നീതി മനസിലാക്കി വേണം കുട്ടികൾ വളരാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകളിലെ ലിംഗ നീതി സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചാരണം തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേമുണ്ട ഹയർസെക്കന്ററി സ്‌കൂളിലെ വജ്രജൂബിലി കെട്ടിടത്തിന്റെയും ഇൻഡോർ ഗ്രൗണ്ടിന്റെയും ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുടേയും അഭിപ്രായം പരിഗണിച്ച് മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണ കാര്യത്തിൽ അവസാന തീരുമാനമുണ്ടാകുവെന്ന് കുപ്രചാരണക്കാർ മനസിലാക്കണം. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിച്ചുകഴിഞ്ഞു. ഇന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. 2,546 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലക്കായി സർക്കാർ മാറ്റിവെച്ചത്. ഒരു കുട്ടിക്കും വിദ്യാഭ്യാസം ലഭിക്കാതിരിക്കരുതെന്നാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരി വസ്തുക്കളുടെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിൽ വർദ്ധിച്ചുവരികയാണ്. മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ഇതിനെ ഗൗരവമായി കണ്ട്, സ്‌കൂൾ അധികൃതരും നാട്ടുകാരും വീട്ടുകാരും ജാഗ്രത കാണിക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എക്‌സ്സൈസ് വകുപ്പും പോലീസും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശനെ മുൻ മന്ത്രി സി കെ നാണു ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, ഡിഇഒ ഹെലൻ ഹൈസന്ത് മെന്റോസ്, സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റ് ആർ ബാലറാം, പിടിഎ പ്രസിഡന്റ് ഡോ.എം വി തോമസ് എന്നിവർ ജില്ലാ കലോത്സവത്തിൽ പ്രതിഭകളായവർക്ക് ഉപഹാര സമർപ്പണം നടത്തി.

പഞ്ചായത്ത് പ്രസിഡന്റുമാരായ സബിത മണക്കുനി, കാട്ടിൽ മൊയ്തു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ സിമി,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ്, പി പി പ്രഭാകരൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജന. കൺവീനർ എം നാരായണൻ സ്വാഗതവും പ്രധാനാധ്യാപകൻ പി കെ ജിതേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത നിശ കലാപരിപാടികളും റാസയും ബീഗവും അവതരിപ്പിച്ച ഗസൽ നൈറ്റും പരിപാടിയുടെ ഭാഗമായി നടന്നു.

ന്യൂഡൽഹി: ഒരു കേസും സുപ്രീംകോടതിക്ക് ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജാമ്യാപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടാനായില്ലെങ്കിൽ പിന്നെയെന്താണ് തങ്ങൾക്ക് പണിയെന്നും അദ്ദേഹം ചോദിക്കുന്നു.

കേസുകളിൽ ഇടപെടാതിരുന്നാൽ ഭരണഘടനയുടെ 136-ാം അനുച്ഛേദമാണ് തങ്ങൾ ലംഘിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി മോഷണം നടത്തിയതിന് 18 വർഷം തുടർച്ചയായി ശിക്ഷ അനുഭവിക്കണമെന്ന കോടതി ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഡി വൈ ചന്ദ്രചൂഢിന്റെ പരാമർശം. കേസിലെ പ്രതിയായ ഇഖ്‌റാം ഒമ്പത് കേസുകളിലായി രണ്ട് വർഷം വീതം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഒരേ സമയം നടപ്പാക്കുന്നതിന് പകരം തുടർച്ചായി 18 വർഷം തടവു ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി. ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളി. തുടർന്ന് ഇയാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ നീതിനിഷേധം തുടരുകയും പൗരന്റെ ശബ്ദം അവഗണിക്കപ്പെടുകയും ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കാൻ നിൽക്കരുതെന്നായിരുന്നു കേന്ദ്ര നിയമമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശം. ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു കേന്ദ്രമന്ത്രി പാർലമെന്റിൽ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഒഴിവുകള്‍ നികത്താനായി മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോര്‍പ്പറേഷനില്‍ നടന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, ഈ ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നlഷേധിച്ചതായും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴി കളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു .തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു.

ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കാൻ നിൽക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

പ്രസക്തമായ കേസുകൾ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയോട് താൻ സദുദ്ദേശ്യത്തോടെ ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാൽപര്യ ഹർജികളോ സുപ്രീം കോടതി കേൾക്കാൻ തുടങ്ങിയാൽ, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും. വിചാരണ കോടതികളിൽ നാലു കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പണവും പിന്തുണയും നൽകുന്നു. എന്നാൽ അർഹരായ ആളുകൾക്ക് മാത്രമേ നീതി ലഭിക്കൂ എന്ന് ഉറപ്പാക്കാൻ ജുഡീഷ്യറിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ജാമ്യാപേക്ഷകൾ സുപ്രീംകോടതി കേൾക്കരുതെന്ന് ഒരു നിയമമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. മുതിർന്ന അഭിഭാഷകരും കേന്ദ്രമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.

ന്യൂഡൽഹി: ആരോഗ്യ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കാനൊരുങ്ങി ഇന്ത്യ. സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തും. ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ കെ അറോറയാണ് ഇക്കാര്യം അറിയിച്ചത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ -സെർവാവാക്ക് (ക്യൂ.എച്ച്.പി.വി.) എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ 200 മുതൽ 400 വരെ രൂപയ്ക്കാണ് വിപണിൽ ലഭ്യമാക്കുക. 90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്‌സിൻ എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.

9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഈ വാക്‌സിൻ നൽകുക. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്‌സിൻ നൽകേണ്ടി വരും. വാക്‌സിന്റെ ആദ്യ ഡോസ് ഒമ്പതാം വയസ്സിലാണ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്‌സിൻ നൽകേണ്ടി വരുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വാഷിംഗ്ടണ്‍: ചൈനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി യുഎസ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മൈക്ക് ഗല്ലഗെര്‍, ഡെമോക്രാറ്റ് അംഗമായ രാജാ കൃഷ്ണമൂര്‍ത്തി എന്നിവരാണ് നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ നല്‍കിയത്.

ചൈനയുടെയും റഷ്യയുടെയും സ്വാധീനത്തിലുള്ള സോഷ്യല്‍ മീഡിയ കമ്ബനികളുമായുള്ള എല്ലാ ഇടപാടുകളും തടയണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക്ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്ന്, ടിക് ടോക്കിന്റെ ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ബൈഡന്‍ ഭരണകൂടം ഇതുവരെ ഒരു നടപടി ചൈനീസ് സര്‍ക്കാരില്‍ നിന്ന് ആളുകളുടെ ഡാറ്റ സംരക്ഷിക്കാനുള്ള മാതൃ കമ്ബനിയായ ബൈറ്റ് ഡാന്‍സിന്റെ കഴിവിനെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെയാണ് ആപ്ലിക്കേഷന്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. റൺവേയുടെ നീളം കുറയ്ക്കാതെ നിർവാഹമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

റൺവേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിർമ്മിക്കാൻ ശുപാർശ ചെയ്തത് കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് രൂപവത്കരിച്ച സമിതിയാണ്. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങൾ വഹിക്കാമെന്നാണ് എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്.

കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സർക്കാരിനോട് ആശയവിനിമയം നടത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഒരു വിശദമായ മറുപടിയും കേരളം നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വിമാനങ്ങൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റൺവേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാർഗമില്ലെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.