Highlights (Page 68)

സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിക്കുന്നു. 2021ല്‍ 3,922 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍ 26 വരെ 6,038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2021ല്‍ 5,632 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തതെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ 3,597 കിലോ കഞ്ചാവാണ് പിടികൂടിയത്.കഴിഞ്ഞ വര്‍ഷം 760 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം അത് 1896 ചെടികളായി.

അതേസമയം, 16,062 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഈ വര്‍ഷം 37,449 ഗ്രാമും. 18 ഗ്രാം ഹെറോയിന്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തപ്പോള്‍ ഈ വര്‍ഷം 438 ഗ്രാം പിടികൂടി. 2021ല്‍ 103 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചപ്പോള്‍ ഈ വര്‍ഷം 127 ഗ്രാം പിടികൂടി. 6130 ഗ്രാം എംഡിഎംഎ ആണ് കഴിഞ്ഞ വര്‍ഷം പിടികൂടിയത്. എന്നാല്‍, ഈ വര്‍ഷം 7570 ഗ്രാം പിടികൂടി. കഴിഞ്ഞ വര്‍ഷം 172 ഗ്രാം ചരസ് പിടികൂടിയപ്പോള്‍ അത് ഈ വര്‍ഷം 255 ഗ്രാമായി.

അതിനിടെ, സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ പോലീസ് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ മുന്‍കൂട്ടി അറിയിക്കണം, പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം, ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കുകയും വേണം. ഇതു സംബന്ധിച്ച് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നോട്ടീസ് നല്‍കും.

കൊച്ചി: ഡിസംബര്‍ അവസാന വാരത്തോടെ കേരളത്തില്‍ ചക്ക സീസണ്‍ ആരംഭിക്കുന്നതിനാല്‍ കോട്ടയം, പാലക്കാട് ജില്ലകളില്‍നിന്ന് ചക്കകള്‍ വിപണിയില്‍ എത്താന്‍ തുടങ്ങി. കിലോയ്ക്ക് വിപണിയില്‍ 30 മുതല്‍ 80 രൂപ വരെയാണ് വില. ഇടിച്ചക്ക, കറിച്ചക്ക, പഴുത്തചക്ക, എന്നിങ്ങനെയുള്ള വിഭാഗങ്ങളായാണ് ചക്ക എത്തുന്നത്. ഇതില്‍ കിലോയ്ക്ക് 50-70 രൂപവരെയാണ് ഇടിച്ചക്കയുടെ വില. കറിച്ചക്കയ്ക്ക് 30-50 രൂപവരെയും പഴുത്തതിന് 40-60 വരെയുമാണ് ചില്ലറ വില്‍പ്പന വില. എന്നാല്‍, ചിലയിടങ്ങളില്‍ 80 വരെയുണ്ട് വില.

അതേസമയം, വിദേശിയും അത്യുത്പാദന ശേഷിയുള്ളതുമായ വരിക്കച്ചക്കകളാണ് വിപണിയില്‍ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി എന്ന ഇം പ്ലാവാണ് നേരത്തെ കായ്ക്കുന്നത്. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക എന്നിവയുടെ വിളവെടുപ്പും ചില ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങളാണ് കേരളത്തിലെ പ്രധാന ചക്ക സീസണ്‍. സീസണ്‍ അടുക്കുംതോറും ചക്കയുടെ വിലയും കുറയും. ഇടയ്ക്കിടെയുള്ള മഴ ചക്കവില കുത്തനെ ഇടിയാന്‍ കാരണമാകാറുണ്ടെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

പച്ച ചക്കപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്കക്ാന്‍ സഹായിക്കുമെന്ന് ജാക്ക് ഫ്രൂട്ട് 365, ബീറ്റോ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ 353 പേരില്‍ നടത്തിയ പഠനത്തില്‍ മൂന്ന് ആഴ്ച കൊണ്ട് വ്യത്യാസം കണ്ടതായി ഇവര്‍ അവകാശപ്പെടുന്നു.

തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഗംഭീര പരിപാടികളുമായി വർക്കല. 50 അടി പൊക്കമുള്ള ഭീമൻ സാന്റാക്ലോസാണ് ഇതിന്റെ ഭാഗമായി വർക്കലയിൽ ഒരുങ്ങുന്നത്. കൊച്ചിൻ കാർണിവൽ പോലെ ഒരു മിനി കാർണിവൽ എന്ന ആശയം മുൻനിറുത്തി ഇടവ ഗ്രാമപഞ്ചായത്തിലെ പൊയ്കയിൽ എന്ന പ്രദേശത്തെ ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിൽ ശ്രീ ശങ്കര നാരായണ സാംസ്‌കാരിക കേന്ദ്രം ആണ് സാന്റാക്ലോസ് നിർമ്മിച്ചത്. ഡിസംബർ 1 നാണ് സാന്റാ ക്ലസോലിന്റെ നിർമ്മാണം ആരംഭിച്ചത്.

19 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. മുള, കാറ്റാടിക്കഴ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയ്മുകൾ നിർമ്മിച്ചിരിക്കുന്നത്. ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാനായി സാംസ്‌കാരിക പരിപാടികളും സംഘാടകർ നടത്തുന്നുണ്ട്.

കൊച്ചിൻ കാർണിവൽ മാതൃകയിൽ ഒരു മിനി കാർണിവൽ ഈ ക്രിസ്തുമസ് പുതുവത്സര കാലയളവിൽ ഒരുക്കാം എന്ന ആശയത്തിൽ നിന്നാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.

കേരളത്തില്‍ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികള്‍ക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്.

മന്ത്രിയുടെ വാക്കുകള്‍

‘മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി 97% സ്‌കോര്‍, കണ്ണൂര്‍ പി.എച്ച്.സി. കോട്ടയം മലബാര്‍ 95% സ്‌കോര്‍, കൊല്ലം പി.എച്ച്.സി. ചവറ 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടാതെ, കണ്ണൂര്‍ എഫ്.എച്ച്.സി. ആലക്കോട് തേര്‍ത്തല്ലി 88% സ്‌കോര്‍, തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുന: അംഗീകാരം നേടിയത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 9 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു വരികയാണ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.’

പൊതുവായി കാണപ്പെടുന്ന ചില ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ഉയര്‍ന്ന തോതിലുള്ള പ്രതിരോധശേഷി കൈവരിച്ചതായി ലോകാരോഗ്യ സംഘടന. ഇത് ദശലക്ഷക്കണക്കിന് ജീവനുകളെ അപകടത്തിലാക്കാമെന്നും 80ലധികം രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘രക്തപ്രവാഹത്തില്‍ അണുബാധകള്‍ വരുത്തുന്ന ബാക്ടീരിയകളില്‍ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തി. ക്ലെബ്‌സിയല്ല ന്യുമോണിയെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന എട്ട് ശതമാനം രക്തപ്രവാഹ അണുബാധകളും മരുന്നുകളോട് പ്രതിരോധശേഷി കൈവരിച്ച് ബാധിക്കപ്പെടുന്നവരുടെ മരണസാധ്യത ഉയര്‍ത്തുന്നുണ്ട്. ഗൊണേറിയക്ക് കാരണമാകുന്ന നെയ്‌സ്സെരിയ ഗൊണേറിയ ബാക്ടീരിയ കഴിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ 60 ശതമാനം പ്രതിരോധം ആര്‍ജ്ജിച്ചു. മൂത്രനാളിയില്‍ അണുബാധകള്‍ക്ക് കാരണാകുന്ന ഇ.കോളി ബാക്ടീരിയയും പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ പട്ടികയില്‍പ്പെടുന്നു. 20 ശതമാനത്തിലധികം ഇ.കോളി അണുബാധകളിലും ഒന്നാം നിര, രണ്ടാം നിര ചികിത്സകള്‍ക്കെതിരെ പ്രതിരോധമുള്ളതായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. ഇ.കോളി, സാല്‍മണെല്ല, ഗൊണേറിയ എന്നിവ മൂലമുള്ള രക്തപ്രവാഹ അണുബാധകള്‍ 2017നും 2020നും ഇടയില്‍ 15 ശതമാനം വര്‍ധിച്ചു’- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ആന്റിമൈക്രോബിയല്‍ പ്രതിരോധം ആധുനിക വൈദ്യശാസ്ത്രത്തെ ക്ഷയിപ്പിക്കുമെന്നും ലക്ഷണക്കണക്കിന് ജീവനുകള്‍ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസും അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: രാജ്യത്ത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ അസാധുവാകുമെന്നും തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാര്‍ഡുടമസ്ഥന്‍ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.

അതേസമം, 2017 ഓഗസ്റ്റ് 31ന് മുമ്പ് പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനത്തോടെ അതിന്റെ കാലാവധി 2021 ജൂണ്‍ 30 വരെയാക്കി.

2022 മാര്‍ച്ച് 31നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പിഴയടച്ചാലും ബന്ധിപ്പിച്ചില്ലെങ്കില്‍ 2023-ല്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പിഴ അടച്ചാല്‍ വീണ്ടും പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: നിരവധി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം

‘പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നു. ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. രാജ്യാന്തര വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയോ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതോ ആയ സാഹചര്യം നിലവില്‍ ഇന്ത്യയിലില്ലെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും, ചില രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിരീക്ഷണവും ജാഗ്രതയും തുടരണം’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിരോധ നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യവ്യാപകമായി മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓക്സിജന്‍ സിലിണ്ടറുകള്‍, പി.എസ്.എ പ്ലാന്റുകള്‍, വെന്റിലേറ്ററുകള്‍, മനുഷ്യവിഭവശേഷി എന്നിവയുള്‍പ്പെടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാണ് മോക്ഡ്രില്‍.

തിരുവനന്തപുരം: കേരള ജനതയ്ക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കുവച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ബോക്സ് ഓഫീസില്‍ കുതിച്ച് ജെയിംസ് കാമറൂണിന്റെ അവതാര്‍: ദി വേ ഓഫ് വാട്ടര്‍. 441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്ബാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികകല്ലും പിന്നിട്ടു .

ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ മൊത്തം 609.7 മില്ല്യണ്‍ ഡോളര്‍ അവതാര്‍2 നേടിയിട്ടുണ്ട്. ചിത്രം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിസ്മസ് അവധി തുടങ്ങുന്നതോടെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കും.ടോപ്പ് ഗണ്‍: മാവെറിക്ക് യുഎസില്‍ ആകെ നേടിയ 719 മില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡിനെ മറികടക്കാന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന് കഴിയുമോ എന്നാണ് ഇപ്പോള്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്.

ഭുവനേശ്വര്‍: സംസ്ഥാനത്തെ 19 നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. 5.5 ലക്ഷത്തോളം ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

‘എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്റെ ദീര്‍ഘകാല സ്വപ്‌നമാണ്. അത് എപ്പോഴും എന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു. ജലം അമൂല്യമാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഒരു പുതിയ ഒഡീഷ സൃഷ്ടിക്കാനും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാതൃകാപരമായ ഭരണം നടത്താനും പൗര കേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ 19 നഗരങ്ങള്‍ ഈ പദ്ധതിയില്‍ ചേരുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളം പാഴാക്കരുത്. ജലം അമൂല്യമണ്. ഏറെ പ്രാധാന്യമുള്ള ഒരു പ്രകൃതിവിഭവമാണ്. അതിനാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണം’- പരിപാടിയെ അഭിസംബോധന ചെയ്ത് നവീന്‍ പട്നായിക് പറഞ്ഞു.

അതേസമയം, 1.3 ബില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ലഭ്യമായ ശുദ്ധജല സ്രോതസ്സുകള്‍ വെറും നാല് ശതമാനം മാത്രമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന് കീഴില്‍ 2021 നവംബര്‍ 4 വരെ മൊത്തം 8.45 കോടി ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പ് വഴിയുള്ള ജല കണക്ഷനുകള്‍ നല്‍കി. ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളില്‍ പൂര്‍ണമായും പൈപ്പ് വെള്ളം എത്തിച്ചിട്ടുണ്ട്. കുതിച്ചുയരുന്ന ജനസംഖ്യ, ഉയര്‍ന്ന വ്യവസായവല്‍ക്കരണം, മലിനീകരണം എന്നിവ കാരണം ഇന്ത്യയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ നദികള്‍ ചുരുങ്ങുകയും മലിനമാകുകയും ചെയ്യുന്നുണ്ട്.