ചാൻസലർ ബിൽ രാജ്ഭവനിലേക്ക് അയച്ച് സർക്കാർ; ഗവർണറുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ചാൻസലർ ബിൽ രാജ്ഭവനിലേക്ക് അയച്ച് സർക്കാർ. യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ബിൽ ആണ് രാജ്ഭവനിലേക്ക് അയച്ചത്. ഈ മാസം 13നാണ് ഈ ബില്ല് നിയമസഭ പാസാക്കിയത്.

വ്യാഴാഴ്ച്ചയാണ് ചാൻസലർ ബില്ല് ഗവർണർക്ക് കൈമാറിയത്. നിയമ പരിശോധന പൂർത്തിയാക്കാനാണ് ഇത്രയധികം സമയം എടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ബില്ലിന്മേൽ രാജ്ഭവൻ വിശദമായ പരിശോധന നടത്തും.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുകയാണ് സർവകലാശാല ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാവുക.

ജനുവരി 3 നായിരിക്കും ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തുക. ഗവർണർ ബിൽ അംഗീകരിക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.