Highlights (Page 61)

ബംഗളൂരു: ടെക്കി ദമ്പതികൾ സഞ്ചരിച്ച കാറിൽ മനപ്പൂർവം ഇരുചക്ര വാഹനം ഇടിപ്പിച്ച് പണം തട്ടാൻ ശ്രമം. ബംഗളൂരുവിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികളിൽ നിന്ന് പണം തട്ടാനാണ് അപകടമുണ്ടാക്കിയത്. ബംഗളൂരുവിലെ സർജാപൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം അരങ്ങേറിയത്.

ദമ്പതികൾ സഞ്ചരിച്ച കാറിനെ ബൈക്ക് യാത്രികർ അഞ്ച് കിലോമീറ്ററോളം പിന്തുടരുകയും, തെറ്റായ ദിശയിലെത്തി ബൈക്ക് കാറിൽ ഇടിക്കുകയുമായിരുന്നു. പിന്നീട് ഇവർ പണം ആവശ്യപ്പെട്ട് ദമ്പതികളെ ഭീഷണിപ്പെടുത്തി. എന്നാൽ ദമ്പതികൾ കാറിൽ നിന്നിറങ്ങാൻ തയ്യാറായില്ല. വണ്ടി റിവേഴ്സ് ചെയ്തതിന് ശേഷം ബൈക്ക് യാത്രികർ വാഹനത്തിന് പിന്നാലെ ഓടുകയും കാറിന്റെ ചില്ലുകളിൽ ഇടിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും രണ്ടുപേർ അറസ്റ്റിലായതായും പോലീസ് വ്യക്തമാക്കി. രാത്രി യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ കാർ തുറക്കരുതെന്നും ഡാഷ് ക്യാമറ ഉപയോഗിക്കണമെന്നും പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

ന്യൂഡല്‍ഹി: ബിബിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ കെ ആന്റണി രംഗത്ത്. ‘കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ മുമ്ബ് പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

അതേസമയം, ബിജെപി. നേതൃത്വവുമായി കുറച്ചുനാളായി അനിലിന് അടുത്ത ബന്ധമുണ്ടെന്ന നിരീക്ഷണങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. പ്രമുഖ ക്രൈസ്തവസഭയുടെ പിന്തുണയും അനിലിനുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതില്‍ അനിലിന് ഏറെ സഹായിക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സി.ബി.സിഐ. പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി. നേതൃത്വവുമായി സഹകരിക്കാന്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

ബിജെപി. മാത്രമാണ് അനിലിനെ പിന്തുണച്ചു രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിര്‍ത്തതിലൂടെ കോണ്‍ഗ്രസ്സില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതോടെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച അനില്‍ ഉടനേ വേറെ പാര്‍ട്ടിയിലേക്കില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബിജെപി പ്രതീക്ഷയിലാണ്. ശശി തരൂരിനെതിരായ പാര്‍ട്ടി നിലപാടോടെയാണു അനില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നത്.

ഷില്ലോംഗ്: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

അഞ്ച് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതായി മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എംപിയുമായ വിൻസെന്റ് എച്ച് പാല അറിയിച്ചു. ജാനിക സിയാങ്ഷായി (ഖ്‌ലീഹ്രിയത്), അർബിയാങ്കം ഖർ സോഹ്മത്ത് (അംലാറെം), ചിരെങ് പീറ്റർ ആർ മാരക് (ഖാർകുട്ട), ഡോ ട്വീൽ കെ മാരക് (റെസുബെൽപാറ), കാർല ആർ സാംഗ്മ (രാജബാല) തുടങ്ങിയവരാണ് അഞ്ച് സ്ഥാനാർത്ഥികൾ.

ഫെബ്രുവരി 27 നാണ് മേഘാലയ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 7 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മാർച്ച് 2 നാണ് വോട്ടെണ്ണൽ നടക്കുക. ബുധനാഴ്ച്ച 60 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള 55 സ്ഥാനാർത്ഥികളുടെ പേരുകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. മനുഷ്യൻ ഭാഷ സ്വായത്തമാക്കിയത് കുരങ്ങുകളിൽ നിന്നാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കാട്ടുകുരങ്ങുകളും മനുഷ്യരും എപ്പോഴും പൊതുവായ ഭാഷ പങ്കിടുന്നുണ്ട് എന്നാണ് ഈ പഠന റിപ്പോർട്ട് പറയുന്നത്. ചിമ്പാൻസികളും ബോണോ ബോസ്സും മനുഷ്യർ ഉപയോഗിക്കുന്നതിന് സമാനമായ ആംഗ്യഭാഷകൾ അവയുടെ ആശയവിനിമയത്തിലും ഉപയോഗിക്കുന്നുന്നുണ്ട്.

സ്‌കോട്ട്‌ലാൻഡിലെ സെന്റ് ആൻഡ്രൂ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രത്യേകം ശേഖരിച്ച് അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ചിമ്പാൻസികൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആംഗ്യങ്ങളിൽ നിന്നും ചേഷ്ടകളിൽ നിന്നുമായിരിക്കാം മനുഷ്യരുടെ ഇന്നത്തെ ഭാഷയുടെ തുടക്കമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചിമ്പാൻസികൾ ആശയവിനിമയത്തിന് ഉപോയോഗിക്കുന്ന ആംഗ്യങ്ങളിൽ പലതും മനുഷ്യർ ഇന്നും ഉപയോഗിക്കുന്ന ചില ആംഗ്യങ്ങൾക്ക് സമാനമാണ്. പിഎൽഒ എസ് എന്ന ശാസ്ത്ര ജേണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

പരിണാമഘട്ടത്തിൽ മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കുരങ്ങു വർഗ്ഗത്തിന്റെ ആശയവിനിമയം സസൂഷ്മം നിരീക്ഷിച്ച് മനുഷ്യഭാഷയുടെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശാസ്ത്രീയ ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പഠനം. വർഷങ്ങളോളം നീണ്ടുനിന്ന ഈ പഠനകാലയളവിൽ കാട്ടുകുരങ്ങുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന 80ലധികം ആംഗ്യങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചുവെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനഗരിയിൽ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാൻ സമ്മതം അറിയിച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. കഴിഞ്ഞ ദിവസം ക്ഷേത്രദർശനത്തിനായി അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും ഗുരുവായൂരിലെത്തിയിരുന്നു. സന്ദർശന വേളയിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനോടാണ് അനന്ത് അംബാനി ഇക്കാര്യം സൂചിപ്പിച്ചത്.

സെപ്തംബർ മാസം മുകേഷ് അംബാനി ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിർമിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അന്ന് അദ്ദേഹത്തോട് അഭ്യർത്ഥന നടത്തിയിരുന്നു. വിശദമായ പദ്ധതിരേഖ തയാറാക്കണമെന്ന് മുകേഷ് അംബാനി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ദേവസ്വം 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കി.

പ്ലാൻ ജില്ല ടൗൺ പ്ലാനർക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം ചെയർമാൻ അനന്ത് അംബാനിയോട് പറഞ്ഞതോടെയാണ് ദേവസ്വം മെഡിക്കൽ സെന്ററിന്റെ കാര്യം തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞത്. തുടർനടപടികൾക്ക് റിലയൻസ് ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് അ്‌ദേഹം ഉറപ്പു നൽകുകയും ചെയ്തു. എല്ലാവിധ രോഗങ്ങൾക്കും ചികിത്സ ലഭിക്കുന്ന അത്യാധുനിക ആശുപത്രിയാണ് ദേവസ്വം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

വയനാട്: വയനാടൻ കാടിലൂടെ ആനവണ്ടിയിൽ ജംഗിൾ സഫാരി. വയനാടിന്റെ കാനനഭംഗി ആസ്വദിക്കുവാൻ മാനന്തവാടിയിൽ നിന്നും അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ. രാവിലെ 05:30 ന് ആരംഭിക്കുന്ന സഫാരി നിബിഡവനത്തിൽ പ്രവേശിക്കാതെ റോഡിന് ഇരുവശവും വനമുള്ള മാനന്തവാടി- തോൽപ്പെട്ടി, മാനന്തവാടി-തിരുനെല്ലി, മാനന്തവാടി- ബാവലി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് രാത്രി 9.30 ന് മാനന്തവാടിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഈ സഫാരിയിൽ ഒരു സീറ്റിന് 300 രൂപ യാണ് ചാർജ്ജായി ഈടാക്കുന്നത്. പദ്ധതി ആരംഭിച്ച ആദ്യ ദിനം 49 പേർ വനസൗന്ദര്യം ആസ്വദിക്കാനായി പദ്ധതിയുടെ ഭാഗമായി. ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയിൽ നിന്ന് ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ സുൽത്താൻബത്തേരി ഡിപ്പോയിൽ നിന്നാണ് ജില്ലയിൽ ആദ്യത്തെ ജംഗിൾ സവാരി തുടങ്ങിയത്. ഇതുവരെ 10 ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ജില്ലാ കോഓർഡിനേറ്റർ സി ഡി വർഗീസ്, നോർത്ത് സോണൽ കോഓർഡിനേറ്റർ ഇ എസ് ബിനു, ഡിടിഒ ജോഷി ജോൺ എന്നിവർക്കാണ് പദ്ധതിയുടെ ഏകോപന ചുമതല. കെ ജെ റോയിയായിരുന്നു മാനന്തവാടിയിൽ നിന്നുള്ള ആദ്യയാത്രയിൽ സാരഥിയായത്. എം.സി. അനിൽകുമാറായിരുന്നു കണ്ടക്ടർ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയാണ് മാനന്തവാടി ഡിപ്പോയുടെ ആദ്യസഫാരി ഫ്ലാഗ് ഓഫ് ചെയ്തത്.

കറാച്ചി: ഡോളറുമായുള്ള വിനിമയത്തില്‍ പാക് കറന്‍സി തകര്‍ന്നതോടെ പാകിസ്ഥാന്റെ സാമ്ബത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. ഒറ്റദിവസത്തെ ഇടിവ് 24 രൂപ. രാജ്യാന്തര നാണയനിധിയില്‍ നിന്ന് (ഐ എം എഫ് ) വായ്പ ലഭിക്കുന്നതിനായി രൂപയുടെ എക്സ്ചേഞ്ച് റേറ്റില്‍ മാറ്റംവരുത്തിയതാണ് മൂല്യം ഇടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സാമ്ബത്തിക പ്രതിസന്ധി കാരണം രാജ്യത്ത് ഒരു കിലോ ഗോതമ്ബുമാവിന് 3000 രൂപവരെ വിലയുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ധാന്യപ്പൊടിയ്ക്കായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണസാധനങ്ങളുമായി പോകുന്ന ട്രക്കുകള്‍ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പലയിടങ്ങളിലും ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇതോടെ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കടുത്ത ചെലവുചുരുക്കല്‍ നടപടികളാണ് പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് നടപ്പാക്കുന്നത്. ജനപ്രതിനിധികള്‍ക്ക് ശമ്ബളത്തോടൊപ്പം നല്‍കുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കുകയും വിദേശയാത്രകളും വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നതും വിലക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ വില കൂട്ടാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും രാത്രി എട്ടുമണിക്കുശേഷം പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.

കോട്ടയം: ബിബിസി ഡോക്യുമെന്ററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാര്‍ശത്തിനൊടുവില്‍ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്റണിക്ക് നിര്‍ദ്ദേശവുമായി കെ മുരളീധരന്‍.

‘വൈകാരികമായി എടുത്ത തീരുമാനം ആണെങ്കില്‍ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുത്. അനില്‍ ആന്റണി ബിജെപിയില്‍ പോകുമെന്ന് കരുതുന്നില്ല’- കെ മുരളീധരന്‍ പറഞ്ഞു.

ബിബിസി വിവാദത്തിനൊടുവില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ കഴിഞ്ഞ ദീവസം വ്യക്തമാക്കിയിരുന്നു. യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും അനില്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക്: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. 13-ാം നൂറ്റാണ്ടില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാന്‍ മുസ്ലീം രാജ്യങ്ങള്‍ സഹായിക്കണമെന്ന് യുഎന്നിന്റെ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ അമീന മുഹമ്മദ് പറഞ്ഞു. താലിബാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും അഫ്ഗാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള താലിബാന്റെ നിലപാടിനെ മാറ്റാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്.

വസ്ത്രധാരണത്തില്‍ ഇസ്ലാമിക രീതികള്‍ പിന്തുടരുന്നില്ലെന്നാരോപിച്ച് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളിലെ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത് ഈയിടെയാണ്. ഇതിന് പിന്നാലെ രാജ്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നീക്കം ഗുരുതരമായാണ് ബാധിച്ചത്. നേരത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറാം ക്ലാസിനപ്പുറം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അമീന വ്യക്തമാക്കി. ദേശീയ, രാജ്യാന്തര സര്‍ക്കാരിതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് യോഗങ്ങളില്‍ താലിബാനോട് ആവശ്യപ്പെട്ടു.

2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ അവകാശങ്ങള്‍ക്കും ആകും മുന്‍ഗണനയെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. അഫ്ഗാനിസ്ഥാനില്‍ പിന്നീട് സ്ത്രീകള്‍ക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. വനിതാ തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചും സ്ത്രീകളെയും കുട്ടികളെയും അടിച്ചമര്‍ത്തുന്ന സാഹചര്യമാണുണ്ടായത്. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും താലിബാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് മിനി വന്ദേ ഭാരത് എക്സ്പ്രസുകള്‍ 2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലാകും ഇവ അവതരിപ്പിക്കുക. പരീക്ഷണയോട്ടം വിജയിക്കുകയാണെങ്കില്‍ ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ മിനി പതിപ്പ് രാജ്യമെമ്ബാടും അവരിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം.

അതേസമയം, ഹ്രസ്വദൂര സര്‍വീസുകളാണ് മിനി വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. ഇതില്‍ എട്ട് കോച്ചുകളാകും ഉണ്ടാകുക. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഉള്ള യാത്രകള്‍ക്കാകും ഇവ ഉപയോഗിക്കുക. അമൃത്സര്‍-ജമ്മു, കാന്‍പൂര്‍-ഝാന്‍സി, ജലന്ദര്‍-ലുധിയാന, കോയമ്ബത്തൂര്‍-മഥുര, നാഗ്പൂര്‍-പൂനെ എന്നീ റൂട്ടുകളിലാകും മിനി വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ അലുമിനിയ നിര്‍മ്മിത സ്ലീപ്പര്‍ പതിപ്പ് ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയാകും സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക്. സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.