മിനി വന്ദേ ഭാരത് എക്സ്പ്രസ്: മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷണയോട്ടം നടത്തുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് മിനി വന്ദേ ഭാരത് എക്സ്പ്രസുകള്‍ 2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലാകും ഇവ അവതരിപ്പിക്കുക. പരീക്ഷണയോട്ടം വിജയിക്കുകയാണെങ്കില്‍ ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ മിനി പതിപ്പ് രാജ്യമെമ്ബാടും അവരിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം.

അതേസമയം, ഹ്രസ്വദൂര സര്‍വീസുകളാണ് മിനി വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. ഇതില്‍ എട്ട് കോച്ചുകളാകും ഉണ്ടാകുക. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഉള്ള യാത്രകള്‍ക്കാകും ഇവ ഉപയോഗിക്കുക. അമൃത്സര്‍-ജമ്മു, കാന്‍പൂര്‍-ഝാന്‍സി, ജലന്ദര്‍-ലുധിയാന, കോയമ്ബത്തൂര്‍-മഥുര, നാഗ്പൂര്‍-പൂനെ എന്നീ റൂട്ടുകളിലാകും മിനി വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ അലുമിനിയ നിര്‍മ്മിത സ്ലീപ്പര്‍ പതിപ്പ് ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയാകും സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക്. സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.